o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾  ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും. ഫൈനല്‍ മത്സരത്തില്‍ എ ബാച്ച് വിഭാഗത്തില്‍ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തില്‍ കൊറ്റാത്തൂര്‍-കൈതക്കോടി പള്ളിയോടവും വിജയികളായി. അതേസമയം, പ്രതിഷേധം ഉയര്‍ത്തി കോയിപ്രം പള്ളിയോടം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുക്കാതെ മടങ്ങി. സമയ നിര്‍ണയത്തില്‍ അപാകതയെന്നായിരുന്നു കോയിപ്രം പള്ളിയോടത്തിന്റെ പരാതി.

◾  രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വോട്ടില്‍ 454 വോട്ട് നേടിയാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ സി പി രാധാകൃഷ്ണന്റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച ഉണ്ടായി എന്നാണ് സൂചന. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്.


2025  സെപ്റ്റംബർ 10  ബുധൻ 

1201  ചിങ്ങം 25   രേവതി 

1447  റ : അവ്വൽ 17



◾  പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ശ്രമിച്ച ഇന്ത്യാ സഖ്യത്തിന്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി. ജയസാധ്യതയില്ലായിരുന്നെങ്കിലും 315 വോട്ടുകള്‍ നേടും എന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ കണക്കുകൂട്ടല്‍. പ്രതിപക്ഷത്തെ 315 എംപിമാര്‍ വോട്ടു ചെയ്തതായി കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയറാം രമേശ് എക്സില്‍ കുറിക്കുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി നേടിയത് ആകെ 300 വോട്ട് മാത്രമാണ്.


◾  ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിക്കുന്ന കേസില്‍ ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിജെപി പ്രവര്‍ത്തകന്‍ വിഘ്നേഷ് ശിശിറാണ് രാഹുലിനെതിരേ അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നും അതുകൊണ്ട് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നും തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നാണ് ശിശിര്‍ അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ പറഞ്ഞത്. ശിശിറിന് കേന്ദ്രസര്‍ക്കാര്‍ 24 മണിക്കൂറും സുരക്ഷനല്‍കണമെന്ന് നേരത്തേ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തരവിട്ടിരുന്നു.


◾  തലസ്ഥാന നഗരിയില്‍ 7 ദിവസം നീണ്ടു നിന്ന ഓണം വാരാഘോഷങ്ങള്‍ക്ക് ഇന്നലെ സമാപനം. ആയിരത്തിലധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന 60ഓളം നിശ്ചലദൃശ്യങ്ങളാണ് സമാപന ഘോഷയാത്രയില്‍ അണിനിരന്നത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞ് പ്രസംഗിച്ചു തുടങ്ങിയ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ സഹോദരനെന്നാണ് അഭിസംബോധന ചെയ്തത്. സമാപന വേദിയില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് ഗവര്‍ണര്‍ സംസാരിച്ചത്.

◾  കുന്നംകുളം പൊലീസ് കസ്റ്റഡി മര്‍ദനത്തില്‍ മുന്‍പൊലീസ് ഡ്രൈവര്‍ സുഹൈറിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത് ഹര്‍ജി നല്‍കി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലവില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ് സുഹൈര്‍. നേരത്തെ മറ്റ് 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 5 പ്രതികള്‍ക്കും എതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സുജിത്ത്.


◾  ഓണക്കാലത്ത് സഹകരണ മേഖലയിലുണ്ടായത് റെക്കോര്‍ഡ് വില്പന. ആകെ 312 കോടി രൂപയുടെ വില്‍പന നടന്നതില്‍ 187 കോടി രൂപ കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് നടത്തിയ ഓണവിപണികളിലൂടെയാണ്. സഹകരണ മേഖലയിലെ 750 ഓളം സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ 125 രൂപയുടെ വില്‍പ്പനയും നടന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കണ്‍സ്യൂമര്‍ഫെഡിന് ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ.പി.എം.ഇസ്മയില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


◾  അയ്യപ്പസംഗമത്തിന് അവമതിപ്പുണ്ടാക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി ദേവസ്വം ബോര്‍ഡ്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടുപോയത് താന്ത്രിക നിര്‍ദ്ദേശപ്രകാരമാണെന്നും സുരക്ഷിത വാഹനങ്ങളിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.


◾  രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സിന്റെ പരാതിയില്‍ കൊച്ചി പൊലീസ് കേസെടുത്തു. താരയെ വിമര്‍ശിച്ച് ഷാജന്‍ ചെയ്ത വീഡിയോയാണ് കേസിനാധാരം. വീഡിയോക്ക് താഴെ അശ്ലീല കമന്റിട്ട നാല് പേര്‍ക്കൊപ്പം ഷാജനും കേസില്‍ പ്രതിയാണ്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


◾  കണ്ണൂര്‍ പാനൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. അമല്‍ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറിക്ക് പ്രവര്‍ത്തിക്കാനുള്ള അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റം.


◾  വായ്പ എടുക്കാന്‍ ഈട് നല്‍കിയ ആധാരം സ്വന്തം ചിട്ടിക്ക് ഈട് വച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കെഎസ്എഫ്ഇ ജീവനക്കാരന്‍ കീഴടങ്ങി. കെഎസ്എഫ്ഇ ആലപ്പുഴ റീജനല്‍ ഓഫിസിലെ സ്പെഷല്‍ ഗ്രേഡ് അസിസ്റ്റന്റ് മണ്ണഞ്ചേരി കൂരുവേലിച്ചിറയില്‍ എസ് രാജീവനാണ് നൂറ് ദിവസത്തിലേറെ ഒളിവില്‍ കഴിഞ്ഞ ശേഷം കീഴടങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.


◾  നേപ്പാളില്‍ ആളികത്തി യുവാക്കളുടെ പ്രക്ഷോഭം. സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട യുവാക്കളുടെ പ്രക്ഷോഭം നിലവില്‍ നിയന്ത്രണാതീതമാണ്. പ്രക്ഷോഭകാരികള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടതിനെ തുടര്‍ന്ന് വീടിനുള്ളിലുണ്ടായിരുന്ന ഭാര്യ വെന്തുമരിച്ചു. മുന്‍ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കര്‍ ആണ് മരിച്ചത്. പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് മന്ദിരത്തിനും തീയിട്ടു. സമൂഹമാധ്യമ നിരോധനം പിന്‍വലിച്ചിട്ടും നേപ്പാളില്‍ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിക്കത്ത് നല്‍കിയത്. ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.


◾  നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിക്കു പിന്നാലെ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതോടെ നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.


◾  നേപ്പാളില്‍ മലയാളി വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്ന സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ച് കെ സി വേണുഗോപാല്‍ എംപി. കാഠ്മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണെന്നും സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും ജയശങ്കര്‍ അറിയിച്ചു. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. മലയാളി വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസ സൗകര്യം ഏര്‍പ്പെടുത്തിയതായി മന്ത്രി ജോര്‍ജ് കുര്യന്റെ ഓഫീസ് അറിയിച്ചു.


◾  നേപ്പാളില്‍ സംഭവിച്ച കലാപം ഏത് രാജ്യത്തും നടക്കാമെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമര്‍ശിച്ചായിരുന്നു ശിവസേന നേതാവിന്റെ പോസ്റ്റ്. ''ഇന്ന് നേപ്പാള്‍... ഈ സാഹചര്യം ഏത് രാജ്യത്തും ഉണ്ടാകാം. സൂക്ഷിക്കുക! ഭാരത് മാതാ കീ ജയ്, വന്ദേമാതരം''- എന്നായിരുന്നു പോസ്റ്റ്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും പോസ്റ്റ് ടാഗ് ചെയ്യുകയും ചെയ്തു.


◾ പ്രളയം ബാധിച്ച ഹിമാചല്‍പ്രദേശിനും പഞ്ചാബിനും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും നാശം വിതച്ച ഹിമാചല്‍പ്രദേശിന് 1500 കോടി രൂപയും പ്രളയം രൂക്ഷമായി ബാധിച്ച പഞ്ചാബിന് 1600 കോടി രൂപയുമാണ് പ്രധാനമന്ത്രി ധനസഹായമായി പ്രഖ്യാപിച്ചത്. ഇത് കൂടാതെ ദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.


◾  സിയാച്ചിന്‍ ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് അഗ്നിവീറുകളും ഒരു സൈനികനുമാണ് മരിച്ചത്. ഒരു സൈനികനെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കരസേന അറിയിച്ചു.  


◾  ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ 100% അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുമായി ഇരുരാജ്യങ്ങള്‍ക്കുമുള്ള വ്യാപാര, നയതന്ത്ര ബന്ധത്തിനു തടയിടാനുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. റഷ്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തി യുദ്ധത്തില്‍ നിന്നു പിന്തിരിപ്പിക്കാനാണ് റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കു മേല്‍ തീരുവ ചുമത്തിയതെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, രാജ്യങ്ങള്‍ക്കുമേല്‍ അധികതീരുവ ചുമത്താന്‍ ട്രംപിന് അവകാശമില്ലെന്ന ഹര്‍ജി അതിവേഗ ബഞ്ചില്‍ പരിഗണിക്കാന്‍ യുഎസ് സുപ്രീം കോടതി തീരുമാനിച്ചു.


◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന തീരുവകളുടെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങള്‍ നവംബറില്‍ കേള്‍ക്കുമെന്ന് യുഎസ് സുപ്രീം കോടതി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പിഴച്ചുങ്കമടക്കം വന്‍ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് കീഴ്ക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി നേരത്തെ വിധിച്ചതിനെത്തുടന്നാണ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തില്‍ പെട്ടെന്ന് വിധി വേണമെന്ന് ട്രംപ് ഭരണകൂടം കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസുകള്‍ തീരുന്നത് വരെ നിലവിലെ തീരുവകള്‍ തുടരാമെന്നാണ് നേരത്ത കീഴ്ക്കോടതി വ്യക്തമാക്കിയത്.


◾  വെടിനിര്‍ത്തല്‍ ധാരണകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായി ഖത്തറിലെ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. ഹമാസ് നേതാക്കള്‍ ഒത്തുകൂടിയ ദോഹയിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുത്തു. ഹമാസ് തലവനടക്കം ആറ് പേരെ വധിച്ചെന്നും അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണമെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


◾  ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കെത്തിയ ഹമാസ് പ്രതിനിധി സംഘത്തിലെ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ മരിച്ചു. ഓഫീസ് ഡയറക്ടറും മൂന്ന് സുരക്ഷാ ജീവനക്കാരും ഒരു ഖത്തര്‍ സുരക്ഷാ സേനാംഗവും മരിച്ചെന്ന് ഹമാസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഉന്നത നേതാക്കള്‍ സുരക്ഷിതരാണെന്നും ആക്രമണം അതിജീവിച്ചെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചെന്നാണ് ഹമാസ് സ്ഥിരീകരിക്കുന്നത്.


◾  ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി അപലപിച്ച് ഖത്തര്‍. 'ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഭീരുത്വമാര്‍ന്ന ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നു എന്ന് ' ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.


◾  ഖത്തറില്‍ ആക്രമണം നടത്തിയത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുമതിയോടെയാണെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ കത്താറയില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേനയും ഇസ്രായേലി സുരക്ഷാ ഏജന്‍സിയും സ്ഥിരീകരിച്ചു. ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടത്തിയതെന്നാണ് വിവരം.


◾  ആക്രമണ നീക്കം അറിഞ്ഞയുടനെ ഖത്തറിന് വിവരം കൈമാറാന്‍ നിര്‍ദേശിച്ചെന്നും ഖത്തറിന്റെ മണ്ണില്‍ ഇനി ആക്രമണം ഉണ്ടാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  മധ്യ പൂര്‍വേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനാണ് ഖത്തറിന് വിവരം കൈമാറാന്‍ ട്രംപ് നിര്‍ദേശം നല്‍കിയത്. അതേ സമയം എല്ലാ ബന്ദികളെയും ഹമാസ് ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് ആവര്‍ത്തിച്ചു. അതേസമയം ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതാണെന്നും  തന്റേതായിരുന്നില്ലെന്നും അദ്ദേഹം സമൂഹമാധ്യമം ആയ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനുള്ളില്‍ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ യുഎസിന്റെയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


◾  ഇസ്രായേലിന്റെ ആക്രമണ നീക്കം അറിഞ്ഞയുടനെ ഖത്തറിന് വിവരം കൈമാറാന്‍ നിര്‍ദേശിച്ചെന്ന ട്രംപിന്റെ വാദം നിഷേധിച്ച് ഖത്തര്‍. ആക്രമണവിവരം നേരത്തെ അറിഞ്ഞിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുന്‍കൂട്ടി അറിയിച്ചെന്ന പ്രചാരണം ശരിയല്ലെന്നും ദോഹയില്‍ സ്ഫോടനശബ്ദങ്ങള്‍ ഉയര്‍ന്നശേഷം ആണ് അമേരിക്കന്‍ സന്ദേശം എത്തിയതെന്നുമാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലത്തിന്റെ പ്രസ്താവന.


◾  ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ മധ്യസ്ഥശ്രമങ്ങള്‍ ഖത്തര്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. അല്‍ അറബിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹമാസ് - ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പ്രധാന മധ്യസ്ഥ രാഷ്ട്രമാണ് ഖത്തര്‍. ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെ സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ചു. നിലവില്‍ രാജ്യത്തെ സ്ഥിതി സുരക്ഷിതമാണെന്നും ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


◾  ഗാസ നഗരത്തിലെ ആക്രമണം കടുപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കെ, ചൊവ്വാഴ്ച നഗരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം. നഗരം പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സൈന്യം നല്‍കിയത്. ചൊവ്വാഴ്ച വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഗാസയിലേക്ക് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാറുകളും ട്രക്കുകളും സാധനങ്ങളും ആളുകളുമായി കടന്നുപോകുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.


◾  ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഹോങ്കോംഗിനെതിരെ അഫ്ഗാനിസ്ഥാന് 94 റണ്‍സിന്റെ വിജയം. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഹോങ്കോംഗിന് 9 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ - യുഎഇ മത്സരമാണ്. വൈകീട്ട് 8 മണിക്കാണ് മത്സരം ആരംഭിക്കുക.  


◾  യു.എസിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ വന്‍ ഇടിവ്. ഓഗസ്റ്റില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് യു.എസിലേക്കുള്ള കയറ്റുമതി. അതേസമയം, മൊത്തം കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്താന്‍ ചൈനയ്ക്ക് സാധിക്കുകയും ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.4 ശതമാനത്തിന്റെ വര്‍ധനയാണ് മൊത്തം കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. യു.എസില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. 16 ശതമാനമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് താഴ്ന്നത്. യു.എസിന്റെ താരിഫ് വര്‍ധനയാണ് ചൈനീസ് കയറ്റുമതിക്ക് തിരിച്ചടിയായത്. ഓഗസ്റ്റില്‍ ചൈനീസ് കയറ്റുമതി 4.4 ശതമാനം വര്‍ധിച്ചെങ്കിലും ഫെബ്രുവരിക്കു ശേഷമുള്ള താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. കഴിഞ്ഞ മാസം ചൈനയുടെ ഇറക്കുമതിയില്‍ 1.3 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. യു.എസ് വിപണിയില്‍ പ്രതിസന്ധി ഉടലെടുത്തതോടെ മറ്റ് വിപണികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയമാണ് ഇന്ത്യയുടേത്. സമാന രീതിയില്‍ തന്നെയാണ് ചൈനയും നീങ്ങുന്നത്. ദക്ഷിണേഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍, ലാറ്റിനമേരിക്ക, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് കൂടുതല്‍ കയറ്റുമതിക്ക് ചൈന ശ്രമം തുടങ്ങിയിട്ടുണ്ട്.


◾  ബിജു മേനോനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3 , ആസിഫ് അലി- അപര്‍ണ ബാലമുരളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മിറാഷ് എന്നീ ചിത്രങ്ങളും ജീത്തു ജോസഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആഗസ്റ്റ് സിനിമ യുടെ ബാനറില്‍ ഷാജി നടേശന്‍, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് വലതുവശത്തെ കള്ളന്‍ നിര്‍മ്മിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളാണ് ഇമോഷണല്‍ ഡ്രാമയായി പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറില്‍ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമപ്രസാദ്, മനോജ് കെ യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.


◾  സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത 'അവള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും അവളിലെ 'പ്രഭ' എന്ന് സംവിധായകന്‍ ജയരാജ് വ്യക്തമാക്കി. നിരഞ്ജന അനൂപ്, കെ പി എ സി ലളിത, സബിത ജയരാജ്, നിതിന്‍ രണ്‍ജി പണിക്കര്‍, ഷൈനി സാറ, മനോജ് ഗോവിന്ദന്‍, ഷിബു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഗോള്‍ഡന്‍ വിങ്സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍, ഷിബു നായര്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിര്‍വഹിക്കുന്നു. എഡിറ്റിംഗ് ശ്രീജിത്ത് സി ആര്‍, ഗാനരചന മുഹാദ് വെമ്പായം, സംഗീതം കണ്ണന്‍ സി ജെ. ഒക്ടോബര്‍ മൂന്നിന് അവള്‍ പ്രദര്‍ശനത്തിനെത്തും.


◾  ജിഎസ്ടി നികുതി നിരക്കുകളിലെ മാറ്റം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹന വില്‍പ്പനയില്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധനവിന് കാരണമായേക്കാം എന്ന് ക്രിസില്‍ റേറ്റിംഗിന്റെ റിപ്പോര്‍ട്ട് പറയുന്നു. വില 3000 മുതല്‍ 7000 രൂപ വരെ കുറയ്ക്കാന്‍ കഴിയും. നവരാത്രിക്കും ഉത്സവ സീസണിനും മുമ്പ് ഈ മാറ്റം നടപ്പിലാക്കിയതിനാല്‍ ആവശ്യകതയില്‍ അധിക വര്‍ധനവ് ലഭിക്കും. പുതിയ ഘടന അനുസരിച്ച്, ചെറിയ പാസഞ്ചര്‍ വാഹനങ്ങള്‍, 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനം ആയി കുറയ്ക്കും. അതേസമയം, 350 സിസിയില്‍ കൂടുതലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇപ്പോള്‍ 40% നികുതി ചുമത്തും. മൊത്തത്തില്‍, ജിഎസ്ടി 2.0 യുടെ ഈ തീരുമാനം ഓട്ടോമൊബൈല്‍ മേഖലയ്ക്ക് ഒരു വലിയ വഴിത്തിരിവായി മാറും. പ്രത്യേകിച്ച് ഉത്സവ സീസണില്‍ പുതിയ ലോഞ്ചുകള്‍ ഉണ്ടാകുമ്പോള്‍.


◾  അടിയന്തരാവസ്ഥയുടെ അധികാരദുര്‍വിനിയോഗത്തിനെതിരെ ഇന്ത്യയിലൊട്ടാകെ ശബ്ദങ്ങളുയര്‍ന്നുവന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിക്കേണ്ടത് ഒരു സര്‍ഗസമരമായി എഴുത്തുകാരും കലാപ്രവര്‍ത്തകരും കണ്ടു. അക്കാലത്ത് ഭരണകൂടം അവര്‍ക്കെതിരെ ഉയര്‍ത്തിയ ചോദ്യം ''എഴുത്തോ, നിന്റെ കഴുത്തോ?'' എന്നതായിരുന്നു. എഴുത്തിനു പകരംനല്‍കേണ്ടിയിരുന്നത് കഴുത്ത് തന്നെയായിരുന്ന ആ കാലത്തെ അടയാളപ്പെടുത്തുന്ന സാഹിത്യസൃഷ്ടികള്‍ അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ പ്രസിദ്ധീകരിക്കുന്നു. 'ജലജീവികളുടെ രോദനം'.  എഡിറ്റര്‍ - റഫീഖ് ഇബ്രാഹിം. ഡിസി ബുക്‌സ്. വില 266 രൂപ.

ഹൃദയാഘാതം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെങ്കിലും രാത്രികാലങ്ങളില്‍ ഇതിന്റെ സാധ്യത ഇരട്ടിയായിരിക്കുമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ ദിമിത്രി യാരനോവ് പറയുന്നു. രാത്രി വിശ്രമിക്കുമ്പോള്‍ നിരവധി ശാരീരിക ഘടകങ്ങള്‍ ഹൃദയത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. രാത്രി, പ്രത്യേകിച്ച് പുലര്‍ച്ചെ സമയങ്ങളില്‍ ശരീരം ഉയര്‍ന്ന അളവില്‍ കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കും. ഇത് രക്തക്കുഴലുകളെ മുറുക്കുകയും രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് നമ്മുടെ സ്വാഭാവിക സര്‍ക്കാഡിയന്‍ താളത്തിന്റെ ഭാഗമാണ്. ഓക്‌സിജന്‍ വഹിച്ചുകൊണ്ടുള്ള രക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്ന ഒരു ഹൈവേ ആണ് രക്തക്കുഴലുകള്‍. ഉറക്കത്തില്‍, ഈ കുഴലുകള്‍ സ്വഭാവികമായും ചുരുങ്ങാനും രക്തസമ്മര്‍ദം ഉയരാനും കാരണമാകും. രക്തസമ്മര്‍ദം ഉയരുന്നതോടെ ഹൃദയത്തിന്റെ പണി ഇരട്ടിയാകും. ഇത് ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, ആതെറോസ്‌ക്ലീറോസിസ് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരില്‍ ഇത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. പകല്‍ സമയത്തുണ്ടാകുന്ന ഹൃദയാഘാതങ്ങളെ അപേക്ഷിച്ച് രാത്രിയിലെ ഹൃദയാഘാതം കൂടുതല്‍ ഗുരുതരമാണ്. ആളുകള്‍ ഉറങ്ങുന്നതിനാല്‍ നെഞ്ചുവേദന, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ മുന്നറിയിപ്പുകള്‍ തിരിച്ചറിയാന്‍ വൈകിയെന്ന് വരാം. ഇത് അടിയന്തര സഹായം വൈകിപ്പിക്കുന്നു. കൂടാതെ സ്വാഭാവിക ഹോര്‍മോണ്‍ മാറ്റങ്ങളിലൂടെ ഹൃദയ സംവിധാനം കൂടുതല്‍ സമ്മര്‍ദം അനുഭവപ്പെടുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് 80 ശതമാനം ശരീരഭാരം നിയന്ത്രിക്കുന്നതിലും 20 ശതമാനം വ്യായാമം ചെയ്യുന്നതിലുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.


*ശുഭദിനം*

*കവിത കണ്ണന്‍*

എല്ലാവിധ സമൃദ്ധിയുടെയും സുഖ സൗകര്യങ്ങളുടെയും നടുവില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്ത ഒരു  രാജാവുണ്ടായിരുന്നു. മദ്ധ്യ വയസ്സായപ്പോഴേക്കും വല്ലാത്ത മരണഭയം അദ്ദേഹത്തെ പിടികൂടി. രാജ ഗുരുവിനോട് മരണത്തെ മറികടക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ആരാഞ്ഞു. അപ്പോള്‍ രാജഗുരു ദൂരെയുള്ള ഒരു കാനന മദ്ധ്യത്തിലെ ഒരു അരുവിയെ കുറിച്ച് പറഞ്ഞു. അതിലെ വെള്ളം കുടിച്ചാല്‍ മരണത്തെ അതിജീവിക്കാന്‍ കഴിയും എന്നുള്ള കാര്യം കേട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.  പിന്നെ ഒട്ടും താമസിച്ചില്ല, ആ അരുവി തേടി രാജാവ് യാത്രയായി. ദുര്‍ഘടമായ കാനനപ്പാതകള്‍ താണ്ടിച്ചെന്ന് ഒടുവില്‍ ആ അരുവി കണ്ടെത്തി. വര്‍ദ്ധിച്ച സന്തോഷത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും അദ്ദേഹം അരുവിയിലെ വെള്ളം കുടിക്കാന്‍ തുനിഞ്ഞു.  അപ്പോള്‍ അടുത്ത മരക്കൊമ്പില്‍ നിന്നും ഒരു പക്ഷി പറന്നുവന്ന് രാജാവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു: 'നിങ്ങള്‍ ആരാണെന്ന് എനിക്കറിയില്ല. നിങ്ങള്‍ ആരായാലും ശരി ഈ അരുവിയിലെ വെള്ളം നിങ്ങള്‍ കുടിക്കരുത്. അത് ഒരിക്കല്‍ കുടിച്ചതിന്റെ ഫലമാണ് ഞാന്‍ ഇന്ന് അനുഭവിക്കുന്നത്. എനിക്ക് 150 ലേറെ വയസ്സുണ്ട്. മരിക്കണം എന്ന് വിചാരിച്ചിട്ടും അത് സാധിക്കുന്നില്ല. വല്ലാത്ത ഒരു ദുര്‍ഘട സന്ധിയിലാണ് ഞാന്‍.'  ജനനം സത്യമാണെങ്കില്‍ മരണം എന്നത് അതിലും വലിയ സത്യമാണ്. മരണം ഇല്ല എന്നു പറയുന്നതിനേക്കാള്‍ നാം എല്ലാം ഒരിക്കല്‍ മരിക്കും എന്നു പറയുന്നതിലാണ് നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം കുടിക്കൊള്ളുന്നത്.  മരണമേ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ ജീവിതത്തിന് നിശ്ചയ ദാര്‍ഢ്യമോ കര്‍മനിരതയോ ഉണ്ടായിരിക്കില്ല. സങ്കടങ്ങള്‍ ഇല്ലാത്തവന് സന്തോഷം അനുഭവിക്കാന്‍ സാധിക്കുകയില്ല.  മരണം എന്ന സത്യത്തെ അംഗീകരിച്ചു ലോകത്തെ ജീവിതം ഏറ്റവും ഫലപ്രദമായും സന്തോഷകരമായും ജീവിക്കാന്‍ ശ്രമിക്കുക. അപ്പോഴാണ് ജീവിതം കൂടുതല്‍ അര്‍ത്ഥ പൂര്‍ണമാവുക - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post