പന്തക്കലിലെ പാതയോരങ്ങളിൽ നിക്ഷേപിച്ച മാലിന്യ ച്ചാക്കുകൾ നീക്കം ചെയ്യുന്നത് വൈകുന്നു
പന്തക്കൽ: വീടുകളിൽ നിന്ന് ചാക്കിൽ കെട്ടി പാതയോരങ്ങളിൽ നിക്ഷേപിച്ച അടുക്കള മാലിന്യം ഒഴികെയുള്ള ചാക്ക് കെട്ടുകൾ ഒരു മാസത്തോളമായി റോഡിൽ തന്നെ കിടക്കുകയാണ്. മാഹി നഗര സഭ കരാർ നൽകുന്ന സ്ഥാപനങ്ങളാണ് ഇത്തരം മാലിന്യ കെട്ടുകൾ കൊണ്ടു പോകുന്നത് .. പഴയ കരാർ അവസാനിച്ചതും, പുതിയ കരാർ നൽകുവാൻ കാലതാമസം നേരിട്ടതുമാണ് മാലിന്യച്ചാക്കുകൾ പാതയോരത്ത് തന്നെ കിടക്കുവാൻ കാരണമായത്. മാഹി നഗര സഭ നൽകുന്ന കലണ്ടർ അനുസരിച്ച് മാഹി മേഖലയിലെ ഓരോ വാർഡുകളിലും മാലിന്യം ശേഖരിക്കുന്ന വാഹനമെത്തി കൊണ്ടു പോകുകയാണ് പതിവ്. എന്നാൽ ടെണ്ടർ നടപടികൾ വൈകിയതിനാൽ മാലിന്യം പൊതു വഴിയിലുമായി
തെരുവു നായകൾ രാത്രി കാലത്ത് ചാക്കുകൾ കടിച്ച് കീറുന്നതിനാൽ ചിലയിടങ്ങളിൽ റോഡ് നിറയെ പ്ലാസ്റ്റിക്ക് കവറുകൾ ചിതറി കിടക്കുന്ന അവസ്ഥയാണ്. തുടർച്ചയായ മഴ കാരണം ചാക്കുകൾ ചീർത്ത് ദുർഗന്ധം പരക്കുന്നുമുണ്ട്. മാഹി മേഖലയിലെ എല്ലാ വാർഡുകളിലേയും സ്ഥിതി ഇത് തന്നെയാണ്. മാഹി നഗര സഭാ അധികൃതരോട് പരാതിപ്പെട്ടാൽ പുതിയ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും പുതുച്ചേരി ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള അനുമതി ലഭിച്ചാൽ ചാക്കുകെട്ടുകൾ നീക്കം ചെയ്യുമെന്നാണ് മറുപടി -തിരുവോണത്തെ വരവേൽക്കാൻ നാടും, നഗരവും ഒരുങ്ങിയപ്പോൾ മാഹി മേഖലയിലെ പാതയോരങ്ങളും, ഇടവഴികളും കുപ്പത്തൊട്ടിയായി മാറിയതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
Post a Comment