മാഹി കമ്മ്യൂണിറ്റി കോളേജിന് സ്ഥിരമായ കാമ്പസിനായി ശ്രമിക്കും - വൈസ് ചാൻസലർ
മാഹി : മാഹിയിലെ കമ്മ്യൂണിറ്റി കോളേജിനായി സ്ഥിരമായ ഒരു കാമ്പസ് ലഭിക്കാൻ പോണ്ടിച്ചേരി സർവകലാശാല ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. പ്രകാശ് ബാബു പറഞ്ഞു. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൻ്റെ അടിസ്ഥാന വികസനത്തിനും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുവാനും മുഖ്യപരിഗണന നൽകുമെന്നും വൈസ് ചാൻസലർ വിശദീകരിച്ചു.
കമ്മ്യൂണിറ്റി കോളേജിലെ നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി പോണ്ടിച്ചേരി പ്രധാന കാമ്പസിൽ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾക്ക് തുല്യമാക്കുകയും ചെയ്യും. വിദ്യാഭ്യാസ നിലവാരത്തിൽ ഇന്ത്യയിൽ തന്നെ ഏറെ മുന്നിൽ നിൽക്കുന്ന പോണ്ടിച്ചേരി സർവ്വകലാശാല മാഹിയിലും അതേ നിലവാരത്തിൽ പ്രവർത്തിക്കും.
മയ്യഴിക്ക് പുറത്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ധാരാളമായി കമ്മ്യൂണിറ്റി കോളേജിൽ പഠിക്കുന്നുണ്ട്. പുതുച്ചേരി സംസ്ഥാനത്തുള്ളവർക്ക് മാത്രമേ മാഹി കമ്മ്യൂണിറ്റി കോളേജിൽ പഠിക്കാനാവൂ എന്നാെരു തെറ്റിദ്ധാരാണ നിലനിൽകുന്നുണ്ട്. അതിൽ മാറ്റം വരണമെന്നും പറഞ്ഞു.
സ്ഥിരമായ കാമ്പസിനുള്ള സ്ഥലം ലഭ്യമായിക്കഴിഞ്ഞാൽ, കോളേജിനായി കെട്ടിടം നിർമ്മിക്കാൻ സർവകലാശാല അടിയന്തര നടപടികൾ സ്വീകരിക്കും. കൂടാതെ, പ്രാദേശിക സമൂഹം വളരെയധികം ആവശ്യപ്പെടുന്നതും ഇഷ്ടപ്പെടുന്നതുമായ തൊഴിലധിഷ്ഠിതവും നൂതനവുമായ കോഴ്സുകൾ മാഹി കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കും. പോണ്ടിച്ചേരി സർവകലാശാലയിലെ മാഹി സെന്ററും കമ്മ്യൂണിറ്റി കോളേജും വൈസ് ചാൻസലറും വിവിധ വകുപ്പുകളിലെ ഡീൻ, പ്രൊഫസർമാരോടൊപ്പം സന്ദർശിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലാ മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജിലെ കോഴ്സുകൾ വളരെയേറെ തൊഴിൽ സാധ്യതയുള്ളതും കാലത്തിൻ്റെ ആവശ്യകതക്കനുസരിച്ചുമുള്ളതാണെന്ന് സെൻ്റർ മേധാവി പ്രൊഫ. എം.പി. രാജനും വിശദീകരിച്ചു. ഇവിടെ നിന്നും വിവിധ ബി. വോക്ക് കോഴ്സുകൾ പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ഇന്ത്യയിലും വിദേശത്തുമായി വൻകിട സ്ഥാപനങ്ങളിൽ ജോലി കരസ്ഥമാക്കിയിട്ടുണ്ട്.
മിക്ക കോഴ്സുകളുടെയും യൂണിവേഴ്സിറ്റി പരീക്ഷ റിസൽറ്റ് 100 ശതമാനമാണ്.
കമ്മ്യൂണിറ്റി കോളജിൽ നടത്തിയ പത്ര സമ്മേളനത്തിൽ പോണ്ടിച്ചേരി യൂനിവേഴ്സിറ്റി വിവിധ ഡിപ്പാർട്ട്മെൻ്റുകളിലെ ഡീൻമാരായ സിബ് നാഥ് ദേബ്, പ്രൊഫ. പി. നടരാജൻ, പ്രൊഫ. വെങ്കട്ട് റാവു, ഇ. ശ്രീകല,
പ്രൊഫ. ടി. ചിത്രലേഖ
എന്നിവരും പങ്കെടുത്തു.
Post a Comment