അവലോകന യോഗം ചേർന്നു:
18-08-2025 ന് പകൽ 11 മണിക്ക് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് കരീക്കുന്നിലെ വ്യവസായ കേന്ദ്രത്തിൽ അവലോകന യോഗം ചേർന്നു:
ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കരീക്കുന്നിൽ നിർമ്മിക്കുന്ന പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമ്മാണ കേന്ദ്രത്തിൻ്റെ തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയുള്ള അവലോകന യോഗം തിങ്കളാഴ്ച രാവിലെ കരീക്കുന്നിൽ വച്ച് ചേർന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസർ ടി. അഷ്ഹൂർ, പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. ലത, വാർഡ് മെമ്പർ ടി.എ. ഷർമിരാജ്, കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ എഡിഎംസി കെ. വിജിത്ത്, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എം. അനിൽകുമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ടി.പി. ബിഷ, എം. അനുശ്രീ സദാനന്ദൻ, കുടുംബശ്രീ അക്കൗണ്ടൻ്റ് കെ.പി രസ്ന, ഹരിത കർമ്മ സേന പ്രതിനിധികളായ എ.കെ. പ്രസീത, പി. വിജിത എന്നിവർ സംബന്ധിച്ചു.
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനം കർശനമാക്കിയ സാഹചര്യത്തിലാണ് നിലവിലെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു വ്യവസായ കേന്ദ്രത്തെ കുറിച്ചുള്ള ആശയം ഉയർന്നുവന്നത്. 30 ലക്ഷം രൂപ ചെലവിൽ വ്യവസായ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. ഇവിടെ ആധുനിക യന്ത്ര സംവിധാനങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തി പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായ കേന്ദ്രമാക്കി ഉയർത്തേണ്ടതായിട്ടുണ്ട്. ഇതിൻ്റെ സാധ്യതകളെ കുറിച്ച് യോഗം ചർച്ച ചെയ്തു. യന്ത്ര സംവിധാനങ്ങൾ ഉൾപ്പെടെ പഞ്ചായത്ത് ഇൻസ്റ്റാൾ ചെയ്തതിനുശേഷം പദ്ധതിയുടെ നടത്തിപ്പിന് വനിതകളുടെ ഗ്രൂപ്പിനെ ഏൽപ്പിക്കുക എന്ന നേരത്തെ ഉണ്ടായിരുന്ന ധാരണ വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ യോഗത്തിൽ അറിയിച്ചു. എന്നാൽ സംരംഭകരുടെ കൂടി സാമ്പത്തികമായ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കിയാൽ കൂടുതൽ ഫലപ്രദമായിരിക്കും എന്ന് തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസർ ടി. അഷ്ഹൂർ അഭിപ്രായപ്പെട്ടു. കുടുംബശ്രീ, ഹരിത കർമ്മ സേന എന്നിവരുടെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പിലാക്കണം എന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നുവന്നു.
*യോഗ തീരുമാനങ്ങൾ*
1. കുടുംബശ്രീ പ്രവർത്തകർ ഉൾപ്പടെയുള്ള വനിതാ സംരംഭകരിൽ നിന്നും ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് വേണ്ടി താൽപര്യപത്രം ക്ഷണിക്കുന്നതിന് തീരുമാനിച്ചു.
2. സംരംഭകരുടെ കൂടി പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു.
3. ജില്ലയ്ക്ക് അകത്തും പുറത്തും ഈ മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമാണ് സംരംഭകരുമായി ചർച്ച ചെയ്യാനും കൂടുതൽ മെച്ചപ്പെട്ട സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും തീരുമാനിച്ചു.
4. സെപ്റ്റംബർ ആദ്യവാരം അടുത്ത അവലോകന യോഗം ചേരാൻ തീരുമാനിച്ചു.
യോഗം ഉച്ചയ്ക്ക് 12.55 ന് അവസാനിച്ചു.
Post a Comment