തെരുവ് നായകളിൽ നിന്നും സംരക്ഷണം വേണം: പ്രകടനവും പൊതുയോഗവും നാളെ
മാഹി : തെരുവ് നായകൾ പെറ്റ് പെരുകി ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായിരിക്കുകയാണെന്നും തെരുവ് നായകളിൽ നിന്നും സംരക്ഷണം നൽകാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മുണ്ടോക്ക് റസിഡൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മുണ്ടോക്ക്,മഞ്ചക്കൽ പ്രദേശങ്ങളിൽ ചില വ്യക്തികൾ തെരുവ് നായകൾക്ക് കോഴിയുടെയും മറ്റും വേവിക്കാത്ത ചോരയടക്കമുള്ള പച്ച മാംസം ഭക്ഷണമായി നൽകുന്നത് പതിവാകുകയാണ്. ചില ഇറച്ചിക്കടകളിൽ നായകൾക്ക് ഇറച്ചി നൽകുന്നതും പതിവ് കാഴ്ചയാണ്. ഇത് കാരണം പ്രദേശത്ത് നായകൾ ഏറെ പെരുകിയിട്ടുണ്ട്. നായകൾക്ക് പച്ച മാംസം ലഭിക്കാത്ത ദിവസങ്ങളിൽ ഇവ പ്രദേശത്ത് അക്രമം കാണിക്കുകയാണ്. ഇത് കാരണം ജനങ്ങൾ ഭയവിഹ്വലരാണ്. സത്രീകൾക്കും കുട്ടികൾക്കും ഭയം കാരണം തനിച്ച് യാത്ര ചെയ്യാനാവുന്നില്ല. സമീപകാലത്ത് സ്ത്രീകളെയും കുട്ടികളെയും നായകൾ മാരകമായി കടിച്ച സംഭവങ്ങൾ അധികൃതർ പരിശോധനക്ക് വിധേയമാക്കണം. മൃഗങ്ങളോട് സ്നേഹം കാണിക്കുമ്പോൾ അത് പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയാവാത്ത തരത്തിലാവണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. തെരുവ് നായകളുടെ അക്രമ സ്വഭാവം കാരണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയപ്പെടുകയാണ്. മനുഷ്യ ജീവനെക്കാൾ പ്രാധാന്യം തെരുവ് നായകൾക്ക് നൽകുന്ന അധികൃതരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് അസോസിയേഷൻ സമരത്തിനിറങ്ങിയത്. മുണ്ടോക്ക് പഴയ പോസ്റ്റോഫീസ് കവലയിൽ നിന്ന് പുറപ്പെടുന്ന പ്രകടനം മാഹി അഡ്മിനിസ്ട്രേറ്റരുടെ ഓഫീസിന് മുന്നിലെത്തി പ്രതിഷേധം അറിയിച്ച ശേഷം മുണ്ടോക്കിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ്ണ അഡ്വ. എം.സിജിത്ത് ഉദ്ഘാടനം ചെയ്യും. സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ
പള്ള്യൻ പ്രമോദ്, പി. സുകുമാരൻ, ടി.പി. അഹമ്മദ്, വി.എം. ഹാരിസ്, ടി.കെ. ശുഹെബ്, ജസീമ മുസ്തഫ, അഹമ്മദ് ഷമീർ എന്നിവർ സംബന്ധിച്ചു.
Post a Comment