◾ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. മൂവായിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം.
◾ മലേഗാവ് സ്‌ഫോടന കേസില്‍ ആര്‍എസ്എസ് മേധാവിയെ പ്രതി ചേര്‍ക്കാന്‍ ഉന്നതതലത്തില്‍നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി അന്വേഷണ സംഘാംഗം. കേസില്‍ മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും മലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ച ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മെഹ്ബൂബ് മുജാവറാണ് വെളിപ്പെടുത്തിയത്
2025 ഓഗസ്റ്റ് 2 ശനി
1200 കർക്കിടകം 17 വിശാഖം
1447 സ്വഫർ 07
◾ ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ ഏറെ നേരമായിട്ടും ആളെ കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് നവാസിനെ മുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
⬛ പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനിച്ച നവാസ് മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്. കലാഭവനില്‍ ചേര്‍ന്നതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കറും അറിയപ്പെടുന്ന ടെലിവിഷന്‍, ചലച്ചിത്ര താരമാണ്. ചലച്ചിത്രതാരമായിരുന്ന
രഹനയാണ് ഭാര്യ. മക്കള്‍: നഹറിന്‍, റിദ്വാന്‍, റിഹാന്‍.
◾ 2023 ലെ മികച്ച നടന്മാര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിക്കും .മികച്ച നടി റാണി മുഖര്‍ജിയാണ് . മികച്ച സഹനടനും നടിക്കുമുള്ള പുരസ്‌കാരങ്ങള്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ വിജയരാഘവനും ഉര്‍വശിയും നേടി. ഉള്ളൊഴുക്കാണ് മികച്ച മലയാളചിത്രം. ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് സുദിപ്‌തോ സെന്നിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. ജവാന്‍ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസ്സിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖര്‍ജിക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.
◾ ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്ക് ലഭിച്ചത്. ഗുജറാത്തി നടി ജാനകി ബോധിവാലയോടൊപ്പമാണ് ഉര്‍വശി പുരസ്‌കാരം പങ്കിട്ടത്. വിജയരാഘവന്‍, എം.എസ്. ഭാസ്‌കര്‍ എന്നിവരെ മികച്ച സഹനടന്മാരായി തിരഞ്ഞെടുത്തു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്‌കാരം. പാര്‍ക്കിങ്ങിലെ അഭിനയമാണ് ആണ് ഭാസ്‌കറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.പാര്‍ക്കിങ്ങ് ആണ് മികച്ച തമിഴ് ചിത്രം.
◾ ജി.വി. പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ അവാര്‍ഡിന് അര്‍ഹനായി. 2018 എന്ന ചിത്രത്തിന് രംഗമൊരുക്കിയ മോഹന്‍ദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍. പൂക്കാലം എന്ന ചിത്രത്തിന്റെ എഡിറ്റര്‍ മിഥുന്‍ മുരളിയാണ് മികച്ച എഡിറ്റര്‍.
◾ 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കിയത് അവഹേളനമാണെന്നും കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റോറിക്ക് അവാര്‍ഡ് നല്‍കിയതിലൂടെ അവഹേളിച്ചത് ഇന്ത്യന്‍ സിനിമയുടെ പാരമ്പര്യത്തെയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
◾ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലും ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു. മത വിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് 'ദി കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പുരസ്‌കാരം നല്‍കിയതെന്നും ഇത് അംഗീകരിക്കനാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
◾ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ 'ദി കേരള സ്റ്റോറി' സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 'ദി കേരള സ്റ്റോറി'ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണ്. ഇത് കലയോടുള്ള നീതിയല്ലെന്നും മറിച്ച് സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നും ഇത്തരം പ്രവണതകള്‍ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേര്‍ന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.
◾ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും മതവിദ്വേഷം വളര്‍ത്താനും ഉദ്ദേശിച്ചുള്ള ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയത് അക്ഷന്തവ്യമായ തെറ്റാണെന്ന് മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചു. മതനിരപേക്ഷതയും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ സിനിമയുടെ മഹത്തായ പാരമ്പര്യത്തിന് ഇത് അപമാനമാണ്. ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കാന്‍ കലയെ ഒരു ആയുധമായി ഉപയോഗിക്കാനുള്ള ശ്രമമാണിതെന്നും സജി ചെറിയാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
◾ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതര്‍ക്ക് ടൗണ്‍ഷിപ്പിലെ വീടുകള്‍ക്കുള്ള ചെലവ് എത്രയാണെന്ന് വ്യക്തമാക്കി റവന്യൂമന്ത്രി കെ. രാജന്‍. മാതൃകാ വീട് നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയായിട്ടാണ് മന്ത്രി കണക്കുനിരത്തിയത്. ഒരുവീടിന് 30 ലക്ഷം രൂപ ചെലവായെന്നും എന്നാല്‍ ആ തുകക്കനുസരിച്ചുള്ള വലിപ്പം വീടിനില്ലെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വീടിന്റെ സവിശേഷതയും ചെലവും വിശദീകരിച്ച് മന്ത്രി കുറിപ്പിറക്കിയത്.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പില്‍ നിന്നും ഉപകരണങ്ങള്‍ കാണാതായിട്ടില്ലെന്ന് ഡോ. ഹാരിസ്. ഉപകരണങ്ങള്‍ എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്യുന്നതാണ്. ഉപകരണങ്ങള്‍ ഒന്നും കാണാതായിട്ടില്ല. 14 ലക്ഷം രൂപ വിലവരുന്നതാണ് ഓസിലോസ്‌കോപ്പ്. ആ ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും ഉണ്ട്. ഉപകരണങ്ങള്‍ കേടാക്കിയിട്ടില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.മന്ത്രി പറഞ്ഞ കാര്യത്തില്‍ അന്വേഷണം നടന്നോട്ടെയെന്നും ഡോ. ഹാരിസ് പറഞ്ഞു.
◾ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ബിലാസ്പുരിലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ സാങ്കേതികമായി എതിര്‍ത്തെങ്കിലും കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റി.
◾ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഉറപ്പുവരുത്തുമെന്ന് അമിത്ഷാ പറഞ്ഞിട്ടും സ്ഥിതി മാറിയെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സര്‍ക്കാരിന്റെ വക്കീല്‍ കന്യാസ്ത്രീകള്‍ ജാമ്യമില്ലാ കുറ്റം ചെയ്തുവെന്ന് കോടതിയില്‍ പറഞ്ഞു. അതോടെ സ്ഥിതികള്‍ മാറുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് ചില നിക്ഷിപ്ത താല്പര്യം ഉള്ളതു കൊണ്ടാണെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു.
◾ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന കടന്നാക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും തെറ്റായ നിലപാടു തുറന്ന് കാണിക്കാന്‍ ഓഗസ്റ്റ് 3, 4 തീയതികളില്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രതിഷേധ സംഗമം നടത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പൊലീസ് നോക്കി നില്‍ക്കെയാണ് സംഘപരിവാര്‍ കടന്നാക്രമണമുണ്ടായതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾ താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി വീണ്ടും കത്തയച്ചു. സാങ്കേതിക , ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ നിയമപ്രകാരം അല്ല വിസി നിയമനം നടത്തിയത്. സുപ്രീം കോടതി വിധി വന്ന ശേഷവും അതിന്റെ അന്തസത്തക്കെതിരായ നടപടിയാണ് ഗവര്‍ണ്ണറില്‍ നിന്ന് ഉണ്ടായത്. നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. ചാന്‍സിലര്‍ സര്‍ക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി വിധി. ഇന്ന് നിയമിച്ചവര്‍ സര്‍ക്കാര്‍ പാനലില്‍ ഉള്ളവരല്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
◾ കേരള സര്‍വകാലാശാലയില്‍ തര്‍ക്കം രൂക്ഷമാകുന്നു. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ വിളിച്ച യോഗത്തില്‍ വാക്കുതര്‍ക്കമുണ്ടായി. പിഎം ഉഷ പദ്ധതി നടത്തിപ്പിന്റെ ഓണ്‍ലൈന്‍ യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നാല് സിന്‍ഡിക്കേറ്റ് അംഗങ്ങളും സസ്പെന്‍ഷനിലുള്ള അനില്‍കുമാറും യോഗത്തിനെത്തി. സബ് കമ്മിറ്റിയിലില്ലാത്തവര്‍ പുറത്ത് പോകണമെന്ന് വിസി ആവശ്യപ്പെട്ടു. തര്‍ക്കം തുടര്‍ന്നതോടെ വിസി യോഗം പിരിച്ചുവിട്ടു.
◾ യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നുള്ള കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രാലയം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടു.
◾ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിച്ചില്ല. സ്വഭാവിക നടപടിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹൈക്കോടതിയിലാണ് വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
◾ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 1610 കോടി രൂപ കൂടി അനുവദിച്ചതായി സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ മെയിന്റനന്‍സ് ഫണ്ടിന്റെ രണ്ടാം ഗഡുവായി 1396 കോടി രൂപയും, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ അഞ്ചാം ഗഡു 214 കോടി രൂപയുമാണ് അനുവദിച്ചത്.തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകള്‍ ഉള്‍പ്പെടെയുള്ള ആസ്തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം.
◾ നല്ല നിലയില്‍ പാല്‍ നല്‍കിയ പശു ചത്ത സംഭവത്തില്‍ നിസാര കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് തിരിച്ചടി. മങ്കട സ്വദേശിയായ ക്ഷീര കര്‍ഷകന് 1.3 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. മങ്കടക്കടുത്ത് തയ്യില്‍ സ്വദേശിയും ക്ഷീര കര്‍ഷകനുമായ തയ്യില്‍ ഇസ്മായില്‍ നല്‍കിയ പരാതിയിലാണ് വിധി.
◾ ഇടുക്കി അടിമാലിയില്‍ രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. അടിമാലി താലൂക്ക് ആശുപത്രിയില്‍ ആണ് സംഭവം. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൃഷ്ണ മൂര്‍ത്തിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. ശിശുരോഗ വിദഗ്ധക്ക് എതിരെയാണ് പരാതി.സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.
◾ സാഹിത്യകാരന്‍ എംകെ സാനുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് എംകെ സാനു.
◾ ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലെ കാര്‍ഡമം ഹില്‍ റിസര്‍വില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ നിന്നും വ്യാപകമായി മരം മുറിച്ച് മാറ്റുന്നുവെന്ന വാര്‍ത്തയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണല്‍. കേസില്‍ സംസ്ഥാന വനംവകുപ്പിലെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പടെ അഞ്ച് കക്ഷികള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ നോട്ടീസ് അയച്ചു.
◾ കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. യുവതി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. അതോടെ അന്‍സിലിനെ ഒഴിവാക്കാനാണ് വിഷം നല്‍കിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
◾ ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ. ചെന്നൈ - കൊല്ലം, മംഗലാപുരം - തിരുവനന്തപുരം റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്.
◾ കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ തീറ്റാന്‍ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ ആണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോങ്ങോട് വനത്തില്‍ പശുവിനെ തീറ്റാന്‍ പോയപ്പോയതായിരുന്നു ബേബി. പശുവിനേയും വനത്തിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
◾ മലപ്പുറം വളാഞ്ചേരിയില്‍ ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീര്‍ (35) ആണ് പിടിയിലായത്. ബസില്‍ വെച്ച് ഇയാള്‍ ഉപദ്രവിച്ചപ്പോള്‍ ബസ് ജീവനക്കാര്‍ സഹായിച്ചില്ലെന്ന് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പരാതിപെട്ടിരുന്നു.
◾ കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന കാര്യം പുറത്തറിയുന്നത്.
◾ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ട് മോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന ആരോപണവുമായി ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇതുസംബന്ധിച്ച് നൂറ് ശതമാനം തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കോണ്‍ഗ്രസ് അന്വേഷിച്ചു കണ്ടെത്തിയ തെളിവുകള്‍ രാജ്യത്തെയൊട്ടാകെ ഞെട്ടിക്കുന്ന ആണവബോംബാണെന്നും രാഹുല്‍ പറഞ്ഞു. ആ ബോംബിന്റെ സ്‌ഫോടനമുണ്ടാകുന്നതോടെ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്നെ നിങ്ങള്‍ കാണില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വോട്ട് മോഷണത്തില്‍ പങ്കാളികളായ, മുകള്‍ത്തട്ടിലുള്ളവര്‍ തുടങ്ങി താഴേത്തട്ടിലുള്ളവര്‍ വരെയുള്ള ഒരാളേയും ഞങ്ങള്‍ വെറുതെ വിടില്ലെന്നും നിങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും ദോശദ്രോഹമാണിതെന്നും നിങ്ങള്‍ എവിടെയായാലും സേവനത്തില്‍ നിന്ന് വിരമിച്ചവരായാലും ഞങ്ങള്‍ നിങ്ങളെ കണ്ടെത്തിയിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
◾ ബെംഗളുരുവില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് 13കാരനെ തട്ടിക്കൊണ്ട് പോയി കഴുത്തറുത്ത് കൊന്ന് മൃതദേഹം കത്തിച്ചു. ബെംഗളൂരു ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസുകരനായ നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ വീട്ടില്‍ ഇടക്ക് വണ്ടിയോടിക്കാന്‍ വരാറുള്ള ഗുരുമൂര്‍ത്തിയും(27) കൂട്ടാളി ഗോപീകൃഷ്ണയും(25) ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. അക്രമികളെ പിന്തുടര്‍ന്നെത്തിയ പൊലീസിന് നേരെ ഇവര്‍ കത്തി വീശി ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കാലില്‍ വെടിവെച്ചാണ് പിടികൂടിയത്. ബെംഗളുരു നഗരത്തിലെ അരകെരെയിലെ വൈശ്യ കോളനിയിലാണ് നടുക്കുന്ന സംഭവം.
◾ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് എംകെ സ്റ്റാലിന്റെ പേര് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ പരസ്യത്തില്‍ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാം എന്നും കോടതി അറിയിച്ചു. 'ഉങ്കളുടന്‍ സ്റ്റാലിന്‍ 'പദ്ധതിക്കെതിരെ അണ്ണാ ഡിഎംകെ എംപി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
◾ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വേണ്ടിയുള്ള പ്രത്യേക കോടതിയിലാണ് വിചാരണ നടന്നത്.
◾ പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ മുഖത്തടിക്കാന്‍ തോന്നാറുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സ്വയം മാധ്യമപ്രവര്‍ത്തകര്‍ എന്ന് പറഞ്ഞുനടക്കുന്ന ഇവര്‍ക്ക് അക്ഷരങ്ങള്‍ പോലും നേരാംവണ്ണം അറിയില്ലെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ബഹുമാനിക്കണം എന്ന സാമാന്യബോധം പോലും അവര്‍ക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. ആരാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന് നിര്‍വചിക്കാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സെമിനാറുകള്‍ നടത്തേണ്ടത് ഇന്നത്തെ മാധ്യമ രംഗത്തിന്റെ ആവശ്യമാണെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
◾ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ കരട് പട്ടികയില്‍ 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. വോട്ടര്‍മാരില്‍ പലരും മരിക്കുകയോ സംസ്ഥാനം വിട്ടുപോകുകയോ കണ്ടെത്താന്‍ കഴിയാത്തവരോ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തവരോ ആണെന്നാണ് വിവരം. അതേസമയം ഭരണകക്ഷിയായ എന്‍ഡിഎയെ സഹായിക്കാനുള്ള നീക്കമായാണ് പട്ടിക പുതുക്കലിനെ പ്രതിപക്ഷം വിമര്‍ശിക്കുന്നത്.
◾ എട്ട് പേരെ വിവാഹം കഴിച്ച് ഓരോരുത്തരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയെ മഹാരാഷ്ട്രയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സമീറ ഫാത്തിമ എന്ന സ്ത്രീയാണ് നാഗ്പൂരില്‍ അറസ്റ്റിലായത്. ഒന്‍പതാമത്തെ വിവാഹത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യുവാവുമായി ചായക്കടയില്‍ സംസാരിച്ചിരിക്കെയാണ് ഇവരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.
◾ അമേരിക്കന്‍ നിര്‍മിത അഞ്ചാം തലമുറ എഫ് -35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇനി താല്‍പ്പര്യമില്ലെന്ന് യുഎസ് ഉദ്യോഗസ്ഥരോട് ഇന്ത്യ പറഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കയിലേക്കുള്ള എല്ലാ ഇന്ത്യന്‍ കയറ്റുമതികള്‍ക്കും ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ 25 ശതമാനം താരിഫ് പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വേണ്ടെന്ന് ഇന്ത്യ അറിയിച്ചതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
◾ അയര്‍ലന്റില്‍ ഇന്ത്യാക്കാരെ തെരഞ്ഞുപിടിച്ച് സംഘടിതമായി ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെ എംബസി അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജാഗ്രത പുലര്‍ത്തണമെന്നും ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളിലേക്ക് പോകരുതെന്നുമാണ് നിര്‍ദേശം. കൗമാരപ്രായക്കാരായ സംഘങ്ങള്‍ ഇന്ത്യന്‍ വംശജരെയും ഇന്ത്യാക്കാരെയും ആക്രമിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് എംബസിയുടെ ഇടപെടല്‍.
◾ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ആറുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 224 ന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യ 23 റണ്‍സിന്റെ ലീഡ് മാത്രം നല്‍കി ഇംഗ്ലണ്ടിനെ 247 റണ്‍സിന് പുറത്താക്കി. ഇന്ത്യയുടെ പ്രസിദ്ധ് കൃഷ്ണയും മുഹ്‌മ്മദ് സിറാജും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. കെ.എല്‍. രാഹുലിന്റെയും സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 51 റണ്‍സോടെ യശസ്വി ജയ്സ്വാളും നാല് റണ്‍സോടെ ആകാശ്ദീപുമാണ് ക്രീസില്‍..
◾ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ വരുമാന വളര്‍ച്ചയില്‍ വന്‍ മുന്നേറ്റമെന്ന് ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക്. സ്മാര്‍ട്ട്ഫോണ്‍, മാക് കമ്പ്യൂട്ടര്‍, സേവന ബിസിനസുകള്‍ എന്നിവയിലെല്ലാം വരുമാനത്തില്‍ ഇരട്ട അക്ക വളര്‍ച്ചയാണ് ആപ്പിള്‍ രേഖപ്പെടുത്തുന്നത്. ഉത്സവകാലത്തോട് അനുബന്ധിച്ച് ഐഫോണിന്റെ പുതിയ മോഡലകള്‍ പുറത്തിറക്കും. ബംഗളൂരു, മുംബൈ, പൂനൈ, നോയ്ഡ എന്നിവിടങ്ങളിലായി ഈ വര്‍ഷം അവസാനത്തോടെ പുതിയ റീറ്റെയ്ല്‍ സ്റ്റോര്‍ തുറക്കും. യു.എസിലേക്ക് ഐഫോണ്‍ കയറ്റുമതി ചെയ്യുന്നതില്‍ അടുത്തിടെ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, ഇന്ത്യയിലെ റീട്ടെയിലര്‍മാര്‍ക്ക് കമ്പനികള്‍ വിറ്റ സ്മാര്‍ട്ട്ഫോണുകളുടെ മൊത്തം മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധിച്ചു. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ഐഫോണ്‍ 16 ആണ്. ആപ്പിളും സാംസങ്ങും നയിക്കുന്ന അള്‍ട്രാ പ്രീമിയം (45,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ഹാന്‍ഡ്സെറ്റുകള്‍) വിഭാഗം വര്‍ഷം തോറും 37 ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ട്.
◾ ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന 'മദ്രാസി' എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. ലവ് ഫെയിലിയര്‍ സോങ്ങായാണ് ഗാനം എത്തിയിരിക്കുന്നത്. മുന്‍പ് പുറത്തിറങ്ങിയ പല ഗാനങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഈ ലവ് ഫെയ്ലിയര്‍ സോംഗ് ഒരുക്കിയത് അനിരുദ്ധ് ആണ്. സൂപ്പര്‍ സുബു എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സായ് അഭ്യങ്കര്‍ ആണ്. ശിവ കാര്‍ത്തികേയന്റെ പവര്‍ഫുള്‍ ഡാന്‍സ് ഗാനത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. ചിത്രീകരണം പുരോഗമിക്കുന്ന മദ്രാസിയുടെ സംവിധാനം എ ആര്‍ മുരുഗദോസ് ആണ്. ചിത്രത്തില്‍ മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. വിദ്യുത് ജമാല്‍, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
◾https://dailynewslive.in/ വിജയ് സേതുപതി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'തലൈവന്‍ തലൈവി'. നിത്യ മേനനാണ് നായികയായി എത്തിയിരിക്കുന്നത്. പസങ്ക, എതര്‍ക്കും തുനിന്തവന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പാണ്ഡിരാജാണ് തലൈവന്‍ തലൈവി സംവിധാനം ചെയ്തിരിക്കുന്നത്. തലൈവന്‍ തലൈവി ആദ്യയാഴ്ച 25 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഏസ് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രമായിരിക്കും തലൈവന്‍ തലൈവി. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരന്റെ ഭാര്യ പേരരശിയെയാണ് നിത്യ മേനന്‍ അവതരിപ്പിക്കുന്നത്. ഒരു ഹോട്ടല്‍ നടത്തിപ്പുകാരനാണ് ചിത്രത്തിലെ നായകന്‍.
◾ ഇലക്ട്രിക്ക് ടൂവീലര്‍ ബ്രാന്‍ഡായ ആതര്‍ എനര്‍ജി തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 450എസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ പുറത്തിറക്കി. ഈ പുതിയ മോഡലിന് 3.7 കിലോവാട്ട്അവര്‍ ബാറ്ററി ലഭിക്കുന്നു. 1.46 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ മോഡലിലൂടെ, എന്‍ട്രി ലെവല്‍ സ്‌കൂട്ടറില്‍ പോലും ദീര്‍ഘദൂര ശേഷി നല്‍കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒറ്റ ചാര്‍ജില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇത്തവണ കമ്പനി സ്‌കൂട്ടറിന്റെ ബാറ്ററി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്പോര്‍ട്ടി പ്രകടനത്തോടൊപ്പം ദീര്‍ഘദൂര റേഞ്ച് ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്കുള്ളതാണ് ഈ സ്‌കൂട്ടര്‍. ഈ പുതിയ ഏതര്‍ ബാറ്ററിക്ക് എട്ട് വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വാറന്റി നല്‍കുന്നു. കുറഞ്ഞത് 70 ശതമാനം ബാറ്ററി ഗ്യാരന്റി ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനി സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈനായോ ഏതര്‍ സ്റ്റോര്‍ സന്ദര്‍ശിച്ചോ ഇത് ബുക്ക് ചെയ്യാം. സ്‌കൂട്ടറിന്റെ ഡെലിവറി 2025 ഓഗസ്റ്റ് മുതല്‍ ആരംഭിക്കും.
◾ കാലത്തിന്റെ ഗതിവേഗത്തിനുമുന്നില്‍ മുന്‍കാലാനുഭവങ്ങള്‍ പോരാതെ വരുമ്പോള്‍ അതിനോടെങ്ങനെ ഇണങ്ങാമെന്ന് വ്യാകുലപ്പെടുന്നവരുടെ കഥകളാണ് ഈ സമാഹാരത്തില്‍. പൗലോ കൊയ്ലോയുടെ മലയാളത്തിലേക്കുള്ള വരവ് പൗലോസ് മാഷിന് അത്രയങ്ങ് അംഗീകരിക്കാനാവുന്നില്ലെന്ന് ഹാസ്യഭംഗിയോടെ പറഞ്ഞുവെക്കുകയാണ് ഇതിലെ ആദ്യ കഥ. പുതുകാലത്തെ മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ ആകാശപ്പാതയില്‍നിന്ന് സ്വയം ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴും അതിനു കഴിയാതെ വരുന്ന കൃഷ്ണദാസിന്റെ വ്യാകുലതകളാണ് 'ചന്തയുടെ ഭാരം'. കാള്‍ സെന്ററിലെത്തുമ്പോള്‍ മാഗിയായി ജീവിക്കേണ്ടിവരുന്ന ഗായത്രി കെട്ടകാലത്തിനുമുന്നില്‍ പകച്ചുനിന്നുകൊണ്ട് അടുത്ത രൂപാന്തരത്തിന്റെ അവസ്ഥയിലേക്കു കടക്കുന്നു. എല്ലാ കഥകള്‍ക്കുമപ്പുറം സ്വന്തം അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും ഓര്‍മക്കഥകളുമായി കഥാകാരനും വായനക്കാരനിലേക്കെത്തുന്നു. 'ചില കാലങ്ങളില്‍ ചില ഗായത്രിമാര്‍'. സേതു. എച്ആന്‍ഡ്സി ബുക്സ്. വില 142 രൂപ.
◾ തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളുടെ നടത്തത്തില്‍ പ്രതിഫലിക്കാം. ഓര്‍മക്കുറവു പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴാണ് ഡിമെന്‍ഷ്യ പോലുള്ള രോഗാവസ്ഥകളുടെ രോഗനിര്‍ണയം നടത്തുക. എന്നാല്‍ അതിനും മുന്‍പ് നിങ്ങളുടെ കാലുകള്‍ ആ സൂചന നല്‍കുമെന്ന് ന്യൂഡല്‍ഹി ഏംയിസ് ആശുപത്രി, ന്യൂറോസര്‍ജന്‍, ഡോ. അരുണ്‍ എല്‍ നായക് പറയുന്നു. നടത്തത്തിന്റെ വേഗത കുറഞ്ഞ പ്രായമായവരുടെ തലച്ചോറിന്റെ അളവു കുറവാണെന്നും വൈജ്ഞാനിക തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. നടത്തം എന്നാല്‍ ഓരോ ചുവടുകളിലും തലച്ചോര്‍ നിങ്ങളുടെ കാലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. തലച്ചോറിന്റെ ഫ്രണ്ടല്‍ ലോബ് ആണ് ചലനം ആസൂത്രണം ചെയ്യുന്നത്. സെറിബെല്ലം സന്തുലിതമായി നിലനിര്‍ത്തുന്നു. സുഷുമ്ന നാഡി സിഗ്നലുകള്‍ വഹിക്കുന്നു. പാദങ്ങള്‍ തലച്ചോറിലേക്ക് തിരിച്ചും സിഗ്നലുകള്‍ അയക്കുന്നുണ്ട്. അതായത്, നടത്തം മന്ദഗതിയിലാവുക, അസമമാവുക അല്ലെങ്കില്‍ അസ്ഥിരമാവുക തുടങ്ങിയ ലക്ഷണങ്ങള്‍ തലച്ചോറ് നല്‍കുന്ന പ്രാരംഭ മുന്നറിയിപ്പാകാം. നടത്തം വെറുതെ കാലുകള്‍ ചലിപ്പിക്കുക മാത്രമല്ല, ഇത് തലച്ചോറിലേക്ക് പുതിയതും ഓക്സിജന്‍ സമ്പുഷ്ടവുമായ രക്തം പമ്പ് ചെയ്യുന്നു. കൂടാതെ ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്ത്, തലച്ചോറിനെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു. എന്നാല്‍ കൂടുതല്‍ നേരം ഇരിക്കുകയും അധികം അനങ്ങാതിരിക്കുകയും ചെയ്യുമ്പോള്‍, രക്തയോട്ടം കുറയുന്നു. കാലക്രമേണ, തലച്ചോറ് ചുരുങ്ങാന്‍ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് നടത്തം ഹൃദയാരോഗ്യത്തിന് മാത്രമല്ല, തലച്ചോറിനും പ്രധാനമാണ്. ആരോഗ്യമുള്ള തലച്ചോറിന്റെ ലക്ഷണമാണ് കാലുകളിലെ ശക്തമായ പേശികള്‍. ദുര്‍ബലമായ കാലുകള്‍ നിങ്ങളുടെ ചലനശേഷിയെയോ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനെയോ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ഓര്‍മശക്തിയെയും ബാധിക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
വളരെയധികം ഭൂസ്വത്തുള്ള ഒരാള്‍ വാര്‍ദ്ധക്യത്തില്‍ എത്തിയപ്പോള്‍ തന്റെ ഭൂസ്വത്തുക്കളെല്ലാം വീതം വെച്ചു കൊടുക്കുവാന്‍ ആഗ്രഹിച്ചു. ഉള്ളതില്‍ നേര്‍ പകുതി തന്റെ മക്കള്‍ക്ക് വീതം വെച്ചു കൊടുത്തു. ബാക്കി പകുതി, ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഈ തീരുമാനമറിഞ്ഞു ധാരാളം പേര്‍ സമീപിച്ചു. ചിലര്‍ക്ക് കുടിലുകള്‍ കെട്ടാന്‍ മാത്രമുള്ള ഭൂമി മതിയായിരുന്നു. മറ്റു ചിലര്‍ക്ക് എന്തെങ്കിലും കൃഷി ചെയ്ത് ജീവിക്കാന്‍ വേണ്ടത്ര ഭൂമിയായിരുന്നു ആവശ്യം. എല്ലാവരുടെ ആഗ്രഹങ്ങളും നിറവേറ്റപ്പെട്ടു. ഈ വാര്‍ത്തകളൊക്കെ കേട്ട് അയല്‍ ഗ്രാമത്തില്‍നിന്ന് നിര്‍ധനനായ ഒരാള്‍ വന്നുചേര്‍ന്നു. അയാള്‍ തന്റെ നിര്‍ധനാവസ്ഥയൊക്കെ ധനാഢ്യനോട് വിശദീകരിച്ചു കൊടുത്തു. അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍ക്ക് എന്തുമാത്രം ഭൂമിയാണ് വേണ്ടത്?' ഈ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി പറയാന്‍ ആ നിര്‍ധനന് കഴിഞ്ഞില്ല. അയാളുടെ വിഷമം കണ്ട അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ നേരം മദ്ധ്യാഹ്നം കഴിഞ്ഞു. ഇന്ന് സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പ് നിങ്ങള്‍ എത്ര ദൂരം ഓടിത്തീര്‍ക്കുന്നുവോ അത്രയും വിസ്താരത്തിലുള്ള ഭൂമി നിങ്ങള്‍ക്ക് സ്വന്തമാക്കാം' ഇത് കേട്ടപാടെ അല്പംപോലും സമയം കളയാതെ അയാള്‍ ഓടാന്‍ തുടങ്ങി. താന്‍ ഓടിത്തീര്‍ക്കുന്ന അത്രയും ഭൂമി തനിക്ക് സ്വന്തമാകുമല്ലോ എന്നതായിരുന്നു അയാളുടെ കണക്കുകൂട്ടല്‍. ഓടിയോടി അയാള്‍ തളര്‍ന്നുപോയെങ്കിലും, ലഭിക്കാന്‍ പോകുന്ന ഭൂസ്വത്തിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ തന്റെ അവശതകളൊന്നും വകവെക്കാതെ അയാള്‍ ഓടിക്കൊണ്ടേയിരുന്നു. എന്നാല്‍ സൂര്യന്‍ അസ്തമിക്കുന്നതിന് മുന്‍പുതന്നെ അയാള്‍ ഒരിടത്ത് കുഴഞ്ഞുവീണ് മരിച്ചുപോയി. സ്വത്തും പണവും പദവികളും ഒക്കെ സമ്പാദിക്കാനുള്ള ഓട്ടത്തിനിടയില്‍ തങ്ങളുടെ ആരോഗ്യവും കുടുംബ ബന്ധങ്ങളുമൊക്കെ തകരാറിലാവുന്നത് അറിയാതെ ഓടുന്നവരാണ് നമ്മില്‍ പലരും. ഇങ്ങനെയുള്ള ദുരന്തങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാതിരിക്കാനായി നമ്മുടെ ആഗ്രഹങ്ങളെയും ആവശ്യങ്ങളേയുമൊക്കെ പരിമിതപ്പെടുത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment