◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് 'അമേരിക്ക പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ലോക കോടീശ്വരനും ട്രംപിന്റെ സുഹൃത്തുമായിരുന്ന ഇലോണ്‍ മസ്‌ക്. നിലവിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്നും ജനങ്ങള്‍ക്ക് സ്വാതന്ത്രം തിരിച്ചു നല്‍കാനാണ് പുതിയ പാര്‍ട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. പാര്‍ട്ടി രൂപീകരിക്കാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ ജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമാണ് സുപ്രധാന തീരുമാനം. മസ്‌കിന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ തന്നെയാണ് അമേരിക്ക പാര്‍ട്ടിയുടെ പ്രഖ്യാപനവും നടത്തിയത്.
2025 | ജൂലൈ 6 | ഞായർ
1200 | മിഥുനം 22 | വിശാഖം l 1447 l മുഹറം 09
➖➖➖➖➖➖➖➖
◾ സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ച് പേര്‍ ഐസിയു ചികിത്സയിലുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.
◾ കേരളത്തിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനത്തെ റെയില്‍പാതകളുടെ ശേഷി വര്‍ധിപ്പിക്കുമെന്നും റെയില്‍വേ സ്റ്റേഷനുകള്‍ കേരളത്തനിമ നിലനിര്‍ത്തി ആധുനികവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. മംഗലാപുരം- കാസര്‍കോട്- ഷൊര്‍ണ്ണൂര്‍ റൂട്ട് നാല് വരി പാതയാക്കാനും ഷൊര്‍ണൂര്‍- എറണാകുളം പാത മൂന്ന് വരിയാക്കാനും നീക്കമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
◾ അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന്‍ നവനീത്. ഇക്കാര്യം വൈക്കം വിശ്വന്‍ അടക്കമുള്ള സിപിഎം നേതാക്കളെ ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ അറിയിച്ചു. മന്ത്രി വിഎന്‍ വാസവന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച താത്കാലിക ജോലി മകന് വേണ്ടെന്നും സ്ഥിരം ജോലി അനുവദിക്കണമെന്നും വിശ്രുതന്‍ ആവശ്യപ്പെട്ടു. അതേസമയം, തുടര്‍ ചികിത്സയ്ക്കായി മകള്‍ നവമിയെ നാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ബിന്ദുവിന്റെ വീടിന്റെ നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍എസ്എസ് യൂണിറ്റുകള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു കുടുംബത്തെ അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ പേരില്‍ പ്രഖ്യാപിച്ച 5ലക്ഷം രൂപയുടെ ധനസഹായം 10ദിവസത്തിനകം കൈമാറുമെന്ന് വീട്ടിലെത്തിയ ചാണ്ടി ഉമ്മനും പറഞ്ഞു.
◾ ഒരപകടമുണ്ടായാല്‍ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോയെന്ന് മന്ത്രി വിഎന്‍ വാസവന്‍. അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്നും കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോയെന്നും മന്ത്രി ചോദിച്ചു. റോഡപകടം ഉണ്ടായാല്‍ ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കണോയെന്നും വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും മന്ത്രി പരിഹാസത്തോടെ ചോദിച്ചു.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെ ഫേസ് ബുക്കിലൂടെ പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. എന്തിനാ ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കുന്നത്, വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ? അതുകൊണ്ടാ ചികിത്സക്ക് അമേരിക്കയ്ക്ക് പോകുന്നത് '- എന്നായിരുന്നു യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
◾ സംസ്ഥാനത്തെ മുഹറം അവധിയില്‍ മാറ്റമില്ല. മുഹറം അവധി ഇന്ന് തന്നെയായിരിക്കും. മുഹറം 10 ആചരിക്കുന്ന നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാളെ അവധിയുണ്ടാകില്ല. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്.
◾ സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ബസ്സുടമകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് നല്‍കാന്‍ ഒന്നര മാസത്തിനുള്ളില്‍ ആപ്പ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
◾ ഭാരതാംബ വിവാദത്തില്‍ സസ്പെന്‍ഡുചെയ്ത നടപടി ചോദ്യംചെയ്ത് രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കേ, കേരള സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് ഇന്ന് ചേരും. രജിസ്ട്രാര്‍ക്കെതിരേയുള്ള വൈസ് ചാന്‍സലറുടെ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസ് നാളെ പരിഗണിക്കുന്നതിനാലാണ്, ഇന്ന് സിന്‍ഡിക്കേറ്റ് വിളിക്കാന്‍ വിസി ഡോ. സിസാ തോമസ് തീരുമാനിച്ചത്.
◾ തിരുവനന്തപുരത്തെ അഞ്ചരകോടിയുടെ ഭൂമി തട്ടിപ്പിലെ മുഖ്യകണ്ണി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനെന്ന് പൊലീസ്. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാന്‍ വ്യാജ ഇഷ്ടദാന കരാര്‍ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ജവഹര്‍നഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകള്‍ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തത്.
◾ എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. റിമാന്‍ഡ് പ്രതിയായ ചേരാനെല്ലൂര്‍ സ്വദേശി നിധിനാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. തടവുകാര്‍ തമ്മിലുളള അടിപിടി തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമം. ജയിലിലെ ജനല്‍ചില്ല് അടിച്ചു പൊട്ടിച്ച പ്രതിയുടെ കൈയും മുറിഞ്ഞു. പ്രതിക്കെതിരെ തൃക്കാക്കര പൊലീസാണ് കേസെടുത്തത്.
◾ 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൊലപാതകം ചെയ്തതായി വെളിപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് താന്‍ മറ്റൊരു കൊലപാതകം കൂടി ചെയ്തതായി പോലീസിന് മൊഴി നല്‍കി. കോഴിക്കോട് കടപ്പുറത്ത് വച്ച് പണം തട്ടിപ്പറിച്ച ഒരാളെ താനും ഒരു സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. കോഴിക്കോട് സിറ്റി പോലീസ് ഇതു സംബന്ധിച്ച പ്രാഥമിക അന്വേഷണം തുടങ്ങി. അതേസമയം മുഹമ്മദിന്റെ മാനസിക നില പരിശോധിക്കുവാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
◾ മൂന്നാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തകരാറായി കിടക്കുന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35 ഫൈറ്റര്‍ ജെറ്റ് പരിശോധിക്കാന്‍ ഏകദേശം 25 പേരടങ്ങുന്ന ബ്രിട്ടീഷ് വ്യോമയാന എഞ്ചിനീയര്‍മാരുടെ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. ഇന്ത്യയില്‍ വെച്ച് വിമാനം നന്നാക്കാന്‍ കഴിയുമോ അതോ ബ്രിട്ടനിലേക്ക് കൊണ്ടുപോകേണ്ടി വരുമോ എന്നതില്‍ ഇവര്‍ ഒരു തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
◾ നാവികസേനയില്‍ യുദ്ധവിമാനം പറത്താന്‍ പരിശീലനം നേടിയ ആദ്യ വനിതയെന്ന ബഹുമതി ഉത്തര്‍ പ്രദേശ് സ്വദേശിനിയായ സബ് ലെഫ്റ്റനന്റ് ആസ്ത പുനിയക്ക്. നേവല്‍ ഏവിയേഷന്‍ ചരിത്രത്തിലെ പുതിയ അധ്യായം എന്ന കുറിപ്പോടെ നാവികസേന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
◾ വരുമാന സമത്വത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. ഏറ്റവും പുതിയ ലോക ബാങ്ക് റാങ്കിങ്ങ് പ്രകാരമാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്. വരുമാന സമത്വത്തില്‍ സ്ലോവാക് റിപ്പബ്ലിക്, സ്ലോവേനിയ, ബെലാറസ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ മാത്രമാണ് ഇന്ത്യ.
◾ 130 വയസ് വരെ താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. അതേസമയം മരണത്തിന് ശേഷം തന്റെ പിന്തുടര്‍ച്ചാവകാശിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ദലൈലാമ പ്രസ്താവിച്ചിരുന്നു.
◾ തത്സുകിയുടെ പ്രവചനത്തില്‍ ജപ്പാനിലെ ടൂറിസം മേഖലയ്ക്കുണ്ടായിരിക്കുന്നത് കോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലായ് അഞ്ചിന് പുലര്‍ച്ചെ നാലേകാലിന് വന്‍ ഭൂകമ്പമുണ്ടാകുമെന്നായിരുന്നു റയോ തത്സുകിയടെ പ്രവചനം. 2011 ലെ സുനാമിയുണ്ടായ ഭൂകമ്പമടക്കം പ്രവചിച്ച തത്സുകി തന്റെ 1999ല്‍ പുറത്തിറങ്ങിയ ദ ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച പ്രവചനങ്ങള്‍ നടത്തിയത്. തത്സുകിയുടെ പ്രവചനത്തോടെ ഒട്ടേറെ സഞ്ചാരികള്‍ ജപ്പാനിലേക്കുള്ള യാത്ര ഉപേക്ഷിച്ചതോടെ പല വിമാന കമ്പനികളും സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായി. എങ്കിലും ഈ സമയം വരെ ദുരന്തങ്ങളൊന്നും ഉണ്ടാകാത്തതിന്റെ ആശ്വാസത്തിലാണ് ജപ്പാന്‍കാര്‍.
◾ അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 30 തീവ്രവാദികളെ വധിച്ചതായി പാകിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം ജൂണ്‍ 28 ന് പാക് താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കുറഞ്ഞത് 16 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
◾ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായ റഷ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ചൈന. അഫ്ഗാന്‍ ജനതയോട് സൗഹൃദപരമായ വിദേശനയം പിന്തുടരുമെന്നും അവരെ ഒരിക്കലും മാറ്റിനിര്‍ത്തരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
◾ നീരജ് ചോപ്രയുടെ പേരില്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ജാവലിന്‍ മത്സരത്തില്‍ നീരജ് ചോപ്ര തന്നെ ഒന്നാമതെത്തി. 86.18 മീറ്റര്‍ ദൂരംകണ്ടെത്തിയാണ് നീരജ് ഒന്നാമതെത്തിയത്. കെനിയയുടെ ജൂലിയസ് യെഗോ രണ്ടാമതും ലങ്കന്‍ താരം രുമേഷ് പതിരഗെ മൂന്നാമതുമായി.
◾ യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ തായ്‌ലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ 2026-ലെ ഏഷ്യാ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യന്‍ വനിതകള്‍ യോഗ്യതാ റൗണ്ടിലൂടെ ഏഷ്യ കപ്പിലേക്ക് യോഗ്യത നേടുന്നത്. യോഗ്യതാ മത്സരങ്ങള്‍ ഇല്ലാതിരുന്ന 2003-ലാണ് ഇന്ത്യ അവസാനമായി ഏഷ്യ കപ്പില്‍ കളിക്കുന്നത്.
◾ അണ്ടര്‍ 19 യൂത്ത് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 62 റണ്‍സിന് തകര്‍ത്ത ഇന്ത്യന്‍ യുവനിരക്ക് പരമ്പര. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 78 പന്തില്‍ 13 ഫോറും 10 സിക്സും പറത്തി 143 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെയും 121 പന്തില്‍ 129 റണ്‍സെടുത്ത വിഹാന്‍ മല്‍ഹോത്രയുടെയും കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 45.3 ഓവറില്‍ 308 റണ്‍സിന് ഓള്‍ ഔട്ടായി. ഈ ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലെത്തി. 52-പന്തില്‍ .സെഞ്ച്വറി നേടിയ വൈഭവ് സൂര്യവന്‍ഷി യൂത്ത് ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും ഈ മത്സരത്തില്‍ സ്വന്തമാക്കി.
◾ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യ കളത്തിലിറങ്ങുക വിജയപ്രതീക്ഷയോടെ. 64 ന് 1 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 427 ന് 6 എന്ന നിലയിലെത്തിയപ്പോള്‍ രണ്ടാമിന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 161 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും അര്‍ദ്ധസെഞ്ച്വറികളെടുത്ത കെ.എല്‍.രാഹുലിന്റേയും റിഷഭ് പന്തിന്റേയും രവീന്ദ്ര ജഡേജയുടേയും മികവിലാണ് ഇന്ത്യ രണ്ടാമിന്നിംഗ്സ് 427 ലെത്തിച്ചത്. 608 റണ്‍സെന്ന വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളിയവസാനിക്കുമ്പോള്‍ 72 ന് 3 എന്ന നിലയിലാണ്.
◾ ക്ലബ് ഫുട്ബോള്‍ ലോകകപ്പില്‍ പിഎസ്ജി സെമിയില്‍. ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ തോല്‍പിച്ചാണ് പിഎസ്ജി സെമിയിലെത്തിയത്. മത്സരത്തിന്റെ അവസാനം രണ്ട് പിഎസ്ജി താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോയെങ്കിലും ബയേണിന് തിരിച്ചടിക്കാനായില്ല.
◾ കപ്പല്‍ നിര്‍മാണ രംഗത്ത് വിദേശ രാജ്യങ്ങളിലും സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. കൊറിയയിലെ പ്രമുഖ കമ്പനിയായ എച്ച്.ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്റ് ഓഫ്‌ഷോര്‍ എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡുമായി ദീഘകാലത്തേക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. പ്രധാനമായും അഞ്ച് മേഖലകളിലാണ് ഇരുകമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുക. ഇന്ത്യയിലും വിദേശത്തും പുതിയ കപ്പലുകള്‍ നിര്‍മിക്കാനുള്ള സാധ്യതകള്‍ കണ്ടെത്തും. കപ്പല്‍ നിര്‍മാണത്തിലെ ആഗോള നിലവാരത്തിലുള്ള സാങ്കേതിക വിവരങ്ങള്‍ പരസ്പരം കൈമാറും. ഉല്‍പ്പാദനം കൂട്ടുന്നതിനും നിലവിലുള്ള സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കൂട്ടായി ശ്രമിക്കും. ജീവനക്കാരുടെ മികവ് ഉയര്‍ത്തുന്നതിനുള്ള പരിശീലനം നല്‍കും, കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും സഹകരണം ഉറപ്പാക്കും. വാണിജ്യ കപ്പലുകളുടെ നിര്‍മാണത്തില്‍ ആഗോള തലത്തില്‍ പ്രമുഖരായ കൊറിയന്‍ കമ്പനിയുമായുള്ള സഹകണം കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ഈ മേഖലയില്‍ ഗുണം ചെയ്യും. ലോകത്തിലെ വലിയ കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങളായ ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ്, ഹ്യുണ്ടായ് മിപോ ഡോക്യാര്‍ഡ്, ഹ്യുണ്ടായ് സാംഹോ ഹെവി ഇന്‍ഡസ്ട്രീസ് എന്നിവയുടെ നിയന്ത്രണം ഈ കമ്പനിക്കാണ്.
◾ ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'വാര്‍ 2'. ഹൃത്വിക് റോഷനെ നായകനാക്കി അയന്‍ മുഖര്‍ജി ഒരുക്കുന്ന സ്പൈ ആക്ഷന്‍ ചിത്രം കൂടിയാണിത്. തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറും ഹൃത്വിക് റോഷനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൃത്വിക് റോഷനും ടൈഗര്‍ ഷ്റോഫും പ്രധാന വേഷങ്ങളിലെത്തിയ വാറിന്റെ സീക്വലാണ് ചിത്രം. 2019 ലാണ് വാര്‍ പുറത്തിറങ്ങിയത്. കിയാര അദ്വാനിയാണ് വാറില്‍ നായികയായെത്തുന്നത്. ഇപ്പോഴിതാ വാര്‍ 2വിന്റെ പ്രമേയം ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായാണ് വിവരം. റെഡ്ഡിറ്റില്‍ ആണ് ചിത്രത്തിന്റെ കഥ പ്രചരിക്കുന്നതെന്നാണ് വിവരം. മേജര്‍ കബീര്‍ ദലിവാള്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഹൃത്വിക് എത്തുന്നത്. വിക്രം എന്ന കഥാപാത്രമായി ജൂനിയര്‍ എന്‍ടിആറും സിനിമയിലെത്തുന്നു. ആദ്യ ഭാഗത്തില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിച്ച മേജര്‍ കബീര്‍ എന്ന കഥാപാത്രം ഒരു നായകനായിരുന്നെങ്കില്‍, രണ്ടാം ഭാഗത്തില്‍ കബീര്‍ 'ഇന്ത്യയുടെ ഏറ്റവും വലിയ വില്ലനാ'യി മാറുന്നു എന്നാണ് സിനോപ്സിസ് പറയുന്നത്.
◾ ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം സൂത്യവാക്യത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ത്രില്ലര്‍ ജോണറിലുള്ളതാകും സൂത്രവാക്യമെന്നും ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ചിത്രം ജൂലൈ 11ന് തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സൂത്രവാക്യം റിലീസ് ചെയ്യും. യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്റഗുല ആണ്. ശ്രീമതി കണ്ട്റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന 'സൂത്രവാക്യ'ത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സിക്കും ഒപ്പം ദീപക് പറമ്പേലും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീകാന്ത് കണ്ട്റഗുല, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ റെജിന്‍ എസ് ബാബുവിന്റെതാണ്. ഈ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിന്‍ തന്നെയാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജീന്‍ പി ജോണ്‍സണ്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്.
◾ 24 മണിക്കൂറില്‍ 10000 ബുക്കിങ്ങുകള്‍ ലഭിച്ച് താരമായി ടാറ്റ ഹാരിയര്‍ ഇവി. ജൂലൈ 2 ന് ആരംഭിച്ച ബുക്കിങ് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10000 ഓര്‍ഡറുകള്‍ ലഭിച്ചു എന്നാണ് ടാറ്റ അറിയിക്കുന്നത്. നിര്‍മാണം ആരംഭിച്ചെന്നും ഈ മാസം തന്നെ വാഹനത്തിന്റെ വിതരണവും ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. രണ്ട് ബാറ്ററി പായ്ക്കുകളില്‍ വ്യത്യസ്ത ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ ലഭിക്കുന്ന ഹാരിയര്‍ ഇവിയുടെ വില 21.49 ലക്ഷം രൂപ മുതല്‍ 28.99 ലക്ഷം രൂപ വരെയാണ്. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയര്‍ന്ന വാഹനമാണ് ഹാരിയര്‍ ഇവി. കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓള്‍ വീല്‍ ഡ്രൈവ് വാഹനവും ഹാരിയര്‍ ഇവിയാണ്. രണ്ട് ബാറ്ററി പായ്ക്കുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നല്‍കുന്നുണ്ട്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും സുരക്ഷയില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കാന്‍ ഹാരിയര്‍ ഇവിക്ക് സാധിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 32 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 45 പോയിന്റും ഹാരിയര്‍ ഇവി സ്വന്തമാക്കി. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ ഏറ്റവും അധികം പോയിന്റ് നേടുന്ന ടാറ്റ വാഹനമാണ് ഹാരിയര്‍ ഇവി. ഭാരത് എന്‍സിഎപി സുരക്ഷാ പരിശോധന നടത്തുന്ന ഏഴാമത്തെ വാഹനമാണ് ഹാരിയര്‍ ഇവി.
◾ അരനൂറ്റാണ്ടിലേറെക്കാലം ബി.ആര്‍.പി. ഭാസ്‌കര്‍ വിവിധ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിച്ചും ഇടപെട്ടും എഴുതിയ ലേഖനങ്ങളുടെ ബൃഹദ് സമാഹാരം. സംഭവങ്ങളെ ആഴത്തില്‍ ഉള്‍ക്കൊണ്ടെഴുതിയ ലേഖനങ്ങള്‍ ആധുനിക കേരളത്തിന്റെ ചരിത്രം കൂടിയാണ്. മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ആര്‍.കെ. ബിജുരാജ് ആണ് ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ സമാഹരണവും വര്‍ഗീകരണവും നിര്‍വ്വഹിച്ചിരിക്കുന്നത്. 'ബിആര്‍പിയുടെ ലേഖനങ്ങള്‍'. ബിആര്‍പി ഭാസ്‌കര്‍. ഡിസി ബുക്സ്. വില 540 രൂപ.
◾ ഹസ്തദാനത്തിലൂടെ ഹൃദയാരോഗ്യവും മനസിലാക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. ഹൃദയാരോഗ്യവും പേശികളുടെ ആരോഗ്യവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടുക്കിടക്കുന്നു. പേശികള്‍ രക്തസമ്മര്‍ദവും ഉപാപചയം വര്‍ധിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനുള്ള നിര്‍ണായക പങ്കുവഹിക്കുന്നു. ഹാന്‍ഡ് ഗ്രിപ്പ് കുറയുന്നത് ഹൃദയാരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഹൃദയത്തില്‍ നിന്ന് ശരീര ഭാഗങ്ങളിലേക്ക് കൃത്യമായ രക്തയോട്ടം നടക്കാതെ വരുമ്പോള്‍ പേശികളുടെ ബലം കുറയുകയും ഹാന്‍ഡ് ഗ്രിപ്പ് കുറയുകയും ചെയ്യുമെന്നാണ് യുകെ ആസ്ഥാനമായി നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഹൃദയാരോഗ്യം പരിശോധിക്കാനുള്ള മികച്ച മാര്‍ഗമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹൃദയമിടിപ്പ് കുറയുന്നതും ദുര്‍ബലമായ തണുത്ത കൈകളും ശരീരത്തില്‍ കൃത്യമായ രക്തയോട്ടം നടക്കാത്തതിന്റെയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയിലെ പ്രശ്നങ്ങളുടെയും സൂചനയായിരിക്കാം. ഹൃദ്രോഗത്തിന്റെ വ്യക്തമായ സൂചനയല്ലെങ്കിലും സ്ഥിരമായ കൈകളിലെ തണുപ്പ് വൈദ്യസഹായം തേടേണ്ട കാര്യമാണ്. ആത്മവിശ്വാസവും ഊഷ്മളവുമായ ഹസ്തദാനത്തിന് ആന്തരിക സന്തോഷം ആശയവിനിമയം നടത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കഴിയും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരു രാജാവ് തന്റെ ഒരു സംഘം പടയാളികളുമായി ഒരു കപ്പലില്‍ പോകുകയായിരുന്നു. കുറേ ദൂരം ചെന്നപ്പോള്‍ പെട്ടെന്ന് കടല്‍ ക്ഷോഭിച്ചു. തിരമാലകള്‍ കപ്പലിന്റെ മുകള്‍ത്തട്ടോളം ഉയര്‍ന്നുവന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കടല്‍ ഒന്ന് ശാന്തമായി. അപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്, ഒരു പടയാളി കപ്പലിന്റെ ഒരു മൂലക്കിരുന്ന് നിലവിളിച്ചുകൊണ്ടിരിക്കുന്നു. കരയിലുള്ള തന്റെ പ്രിയപ്പെട്ടവരെ ഇനി ഒരിക്കലും കാണാനാവാതെ ഈ കടലിന്റെ ആഴങ്ങളില്‍ മുങ്ങിമരിക്കാനാണല്ലോ തന്റെ വിധി എന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ നിലവിളിക്കുന്നത്. കടല്‍ ശാന്തമായിട്ടും അയാള്‍ ഈ നിലവിളി തുടരുന്നതില്‍ കോപം പൂണ്ട രാജാവ് സൈന്യാധിപനെ വിളിച്ച് എങ്ങനെയെങ്കിലും ഈ പടയാളിയെ നിശ്ശബ്ദനാക്കാന്‍ കല്‍പ്പിച്ചു. സൈന്യാധിപനാകട്ടെ രണ്ട് പടയാളികളെ വിളിച്ച് ആ നിലവിളിക്കുന്ന പടയാളിയെ തൂക്കിയെടുത്ത് കടലില്‍ താഴ്ത്താന്‍ ആവശ്യപ്പെട്ടു. കടലില്‍ കിടന്ന് കൈകാലിട്ടടിച്ചപ്പോള്‍ ആ പടയാളി 'എന്നെ രക്ഷിക്കണേ' എന്ന് അപേക്ഷിച്ചാണ് കരഞ്ഞത്. തന്റെ ജീവനെക്കുറിച്ച് മാത്രമായിരുന്നു അയാളുടെ ചിന്ത. കുറച്ചു കഴിഞ്ഞപ്പോള്‍ സൈന്യധിപന്‍ അയാളെ കപ്പലില്‍ തിരിച്ചുകയറ്റാന്‍ മറ്റ് പടയാളികളോട് ആവശ്യപ്പെട്ടു. തിരിച്ചു കയറിയതിനു ശേഷം അയാള്‍ ഒരക്ഷരം പോലും മിണ്ടാതെ നിശ്ശബ്ദനായിരുന്നു. നമുക്ക് ജീവിതത്തില്‍ ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് നാം അതിനുമുന്‍പ് എത്ര നന്നായാണ് ജീവിച്ചിരുന്നത് എന്ന് മനസ്സിലാവുക. നമ്മുടെ ജീവിതം എത്ര ആനന്ദകരമായിരുന്നു എന്ന് ഓര്‍ത്തെടുക്കുന്നത് നാം ഒരു ദുരന്തത്തില്‍ക്കൂടി കടന്നുപോകുമ്പോള്‍ മാത്രമാണ്. അസുഖം ഇല്ലാത്തപ്പോള്‍ നാം ഒരിക്കലും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാറില്ല. നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങളും ആനന്ദങ്ങളും കണ്ടെത്താന്‍ ഒരു ദുരന്തം വരുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഇപ്പോള്‍ ഈ നിമിഷത്തെ ജീവിതം ആസ്വദിക്കുകയാണ് വേണ്ടത് - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment