◾ തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനമായ എയര്‍ബസ് 400 മടങ്ങി. 22 ദിവസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയര്‍ ബസില്‍ മടങ്ങി. യുദ്ധ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കില്ലെങ്കില്‍, വിമാനം അഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാര്‍ഗോ വിമാനത്തില്‍ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകാനാണ് നീക്കം.
2025 ജൂലൈ 7 തിങ്കൾ
1200 മിഥുനം 23 അനിഴം
1447 മുഹർറം 10
◾ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടാനും ഭീകരര്‍ക്ക് സുരക്ഷിത താവളം നല്‍കുന്നവരെ എതിര്‍ക്കാനും ഉച്ചകോടിയില്‍ ധാരണയായി. ഇന്ത്യക്കും ബ്രസീലിനും യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തേയും ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു. ഇന്ത്യ കൂടി അംഗീകരിച്ച പ്രമേയത്തിലാണ് പരാമര്‍ശം.
◾ ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണെന്നും ഭീകരവാദികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ഒരു മടിയും പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയില്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം ആയിരുന്നെന്നും ഇന്ത്യയുടെ കൂടെ നിന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദി എന്നും മോദി പറഞ്ഞു. ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നും എവിടെ നടന്നു എന്നത് നോക്കി നയം സ്വീകരിച്ചാല്‍ അത് മാനവരാശിക്കെതിരാകും എന്നും മോദി ബ്രിക്സ് ഉച്ചകോടിയില്‍ പറഞ്ഞു. ഭീകരരെ പിന്തുണയ്ക്കുന്നവരെയും ഇരകളെയും ഒരേപോലെ കാണരുതെന്നും ഭീകരതയെ ഗൗരവത്തോടെ നേരിടുന്നില്ലെന്ന സന്ദേശം പാടില്ലെന്നും ബ്രിക്സിനോട് മോദി വിശദമാക്കി. ഗാസയിലെ മാനുഷിക സ്ഥിതി ആശങ്കാജനകമെന്നും സമാധാനം എത്രയും വേഗം പുനസ്ഥാപിക്കണമെന്നും പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യ യുദ്ധങ്ങള്‍ക്കെതിരെന്നും ചൂണ്ടിക്കാട്ടി.
◾ സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂള്‍ സമയം.
◾ കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ലെന്നും അനാസ്ഥ മൂലം താഴെ വീണതാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്പര്‍ വണ്‍ ആണെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയ്ക്കിടയിലാണ് അപകടമുണ്ടായതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്ക് അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ പറ്റില്ലെന്നും സിസ്റ്റം ശരിയാക്കാന്‍ ബാധ്യതയുള്ള മന്ത്രി എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
◾ കോട്ടയം മെഡിക്കല്‍ കോളേജ് അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍. ജിതിന്‍ ജി നൈനാനെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ശനിയാഴ്ച പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയിലെടുത്തുകൊണ്ടു പോയപ്പോള്‍ പൊലീസ് ബസ്സിന്റെ ചില്ല് തകര്‍ത്തു എന്നാണ് കേസ്.
◾ വീണ ജോര്‍ജിന്റെ കടുത്ത സമ്മര്‍ദ്ദത്തിലാണ് പൊലീസ് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്നും ഇത് പൊലീസില്‍ നിന്ന് തന്നെ ലഭിച്ച വിവരമാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു. സിപിഎം വീണയ്ക്ക് സംരക്ഷണം ഒരുക്കും എന്ന് പറഞ്ഞാല്‍ പത്തനംതിട്ടയിലെ കോണ്‍ഗ്രസുകാര്‍ കടുകിനുള്ളില്‍ കയറി ഒളിക്കണോയെന്നും അദ്ദേഹം ചോദിച്ചു. ജില്ലാ സെക്രട്ടറിക്കും മറ്റു സിപിഎം നേതാക്കള്‍ക്കും വീണാ ജോര്‍ജിനെ കളിയാക്കാം, യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്താല്‍ അറസ്റ്റ് ചെയ്യുന്നുവെന്നും പഴകുളം മധു പറഞ്ഞു.
◾ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധത്തില്‍ പരോക്ഷ വിമര്‍ശനവുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടുമെന്നും എന്നാല്‍ കൂടെയുള്ള ഒന്നിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും പിപി ദിവ്യ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
◾ കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനം. മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട ഘടകങ്ങള്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കി.
◾ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ക്ഷേത്ര ദര്‍ശനത്തിനായ് ഇന്ന് ഗുരുവായൂരിലെത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദര്‍ശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ 8 മുതല്‍ 10 മണി വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
◾ കേരള സര്‍വകലാശാല പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ തര്‍ക്കം. സിന്‍ഡിക്കേറ്റ് യോഗത്തില്‍ റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വൈസ് ചാന്‍സിലര്‍ സിസ തോമസ് വഴങ്ങിയില്ല. സസ്പെന്‍ഷന്‍ സംബന്ധിച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട ഇടത് അംഗങ്ങളോട് സസ്പെന്‍ഷന്‍ വിഷയം അജണ്ടയിലില്ലെന്നാണ് വിസി സിസ തോമസ് മറുപടി നല്‍കിയത്.
◾ കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിന്‍ഡിക്കേറ്റ് യോഗത്തിലെ തീരുമാനം. റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിന്‍ഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍ റദ്ദ് ചെയ്തത്. ഇന്നലെ തന്നെ ചുമതലയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് രജിസ്ട്രാര്‍ പ്രൊഫ. അനില്‍കുമാര്‍ ഇന്നലെ 4.30ന് യൂണിവേഴ്സിറ്റിയിലെത്തി ചുമതലയെടുത്തു. അതേസമയം കെ എസ് അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റതില്‍ ജോയിന്റ് റജിസ്ട്രാരോട് വിസിയുടെ ചുമതലയുള്ള സിസ തോമസ് റിപ്പോര്‍ട്ട് തേടി. ഇന്ന് രാവിലെ 9 മണിക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.
◾ തദ്ദേശ തിരഞ്ഞെടുപ്പില്‍ 10,000 വാര്‍ഡുകളിലും 10 നഗരസഭകളിലും തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലും ജയം ലക്ഷ്യമിട്ട് ബിജെപി സംഘടനാതല പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടുന്നു. ഈ മാസം 12ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാര്‍ഡുതല പ്രതിനിധികളുടെ യോഗത്തില്‍ ലക്ഷ്യം പ്രഖ്യാപിക്കും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5,000 വാര്‍ഡ് പ്രതിനിധികളുടെ സമ്മേളനമാണു പുത്തരിക്കണ്ടം മൈതാനത്ത് നടക്കുക. ബാക്കിയുള്ള 10 ജില്ലകളിലെയും വാര്‍ഡ് പ്രതിനിധികള്‍ പഞ്ചായത്ത് തലത്തില്‍ ഒന്നിച്ച് ഈ യോഗത്തില്‍ വെര്‍ച്വല്‍ ആയി പങ്കെടുക്കും.
◾ ചാരപ്രവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരം കേരളത്തിലെത്തിയെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്ലോഗര്‍മാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവര്‍ത്തി ചെയ്യുന്ന ആളെന്നറിഞ്ഞിട്ടല്ല ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്നതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയും വയനാട് ഉരുള്‍പൊട്ടലിനും പിറകെ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പ്രശസ്തരായ യൂട്യൂബര്‍മാരെ കൊണ്ടുവന്നതെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
◾ കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. മനുഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മ്മാണവും നടത്തണം എന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
◾ വരും തലമുറയെ സനാതന ധര്‍മം പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. സനാതന ധര്‍മ്മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കണമെന്നും ഒപ്പം ഗോശാലയും ആശുപത്രിയും സ്ഥാപിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ വെങ്കല ശിവ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വന്നതില്‍ ആശ്വാസമെന്ന്, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് നേരത്തെ വരാതിരുന്നതെന്ന് മന്ത്രി പറഞ്ഞു. അതു മനസ്സിലാക്കുന്നു. മകന് സ്ഥിര സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും കുടുംബത്തിന്റെ ദുഃഖത്തില്‍ ഒപ്പം നിന്നതില്‍ നന്ദി അറിയിക്കുന്നുവെന്നും വിശ്രുതന്‍ പറഞ്ഞു.
◾ കായംകുളം താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രോഗികളെ പരിശോധിച്ചത് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്നാണ് ഒ.പി യില്‍ രോഗികളെ മൊബൈല്‍ വെളിച്ചത്തില്‍ പരിശോധിച്ചത്. മുപ്പതുലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് വിവരം.
◾ മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിലാണ് കടുവ വീണത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ് 15നാണ് എന്നാല്‍ കടുവ കൂട്ടില്‍ ആയത് 53-ാം ദിനമാണ്. കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം ബാക്കി തീരുമാനമെടുക്കുമെന്ന് ഇന്ന് വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാര്‍ കടുവയുടെ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാന്‍ സമ്മതിച്ചത്.
◾ വയനാട്ടിലെ മുതിര്‍ന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ എ വി ജയനുമായി ചര്‍ച്ച നടത്തി സിപിഎം നേതാക്കള്‍. മന്ത്രി ഒ ആര്‍ കേളു , സി കെ ശശീന്ദ്രന്‍ എന്നിവരാണ് എ വി ജയനുമായി ചര്‍ച്ച നടത്തിയത്. തരംതാഴ്ത്തല്‍ നടപടിക്ക് ശേഷം ഉണ്ടായ പൊട്ടിത്തെറിക്കും നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനത്തിനും പിന്നാലെ ആണ് നീക്കം. തരം താഴ്ത്തിയ നടപടിക്കെതിരെ എ വി ജയന്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍.
◾ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ 38 വയസ്സുകാരിയുടെ മകനും പനി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ 12 വയസുകാരനായ മകനെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം യുവതിയുടെ ബന്ധുവായ പനി ബാധിച്ച 10 വയസ്സുകാരന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
◾ മണ്ണാര്‍ക്കാട് എം എല്‍ എ എന്‍. ഷംസുദ്ദീന്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന്റെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതിന് നഗരസഭയുടെ നോട്ടീസ്. വടക്കുമണ്ണത്ത് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിനാണ് നഗരസഭ പിഴ ചുമത്തി നോട്ടീസ് നല്‍കിയത്. ഇവിടെ സ്ഥാപിച്ച രണ്ട് ബോര്‍ഡുകള്‍ക്കായി 10,000 രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്.
◾ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ തെക്കന്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴ സാധ്യത ശക്തമായി തുടരും.
◾ അഴീക്കല്‍ തീരത്ത് ഡോള്‍ഫിന്റെ ജഡം അടിഞ്ഞു. അഴീക്കല്‍ ഹാര്‍ബറിന് സമീപത്താണ് ജഡം അടിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം മറവുചെയ്യും.മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടനെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി.
◾ തൃശൂര്‍ നെല്ലങ്കരയിലെ തെരുവിന് സിറ്റി പൊലീസ് കമ്മീഷണറുടെ പേര് നല്‍കി നാട്ടുകാര്‍. ഗൂണ്ടകള്‍ പൊലീസ് ജീപ്പ് ആക്രമിച്ച വൈലോപ്പിള്ളി നഗറിലെ സ്ട്രീറ്റിനാണ് നാട്ടുകാര്‍ 'ഇളങ്കോ' നഗര്‍ എന്നു പേരിട്ടത്. ഗൂണ്ടകളെ അമര്‍ച്ച ചെയ്തതിലുള്ള സന്തോഷത്തിലാണ് നാട്ടുകാര്‍ കമ്മീഷണറുടെ പേര് തെരുവിന് ഇട്ടത്. എന്നാല്‍ കമ്മീഷണറുടെ നിര്‍ദ്ദേശത്തിന് വഴങ്ങി നാട്ടുകാര്‍ ഉടനെ തന്നെ ബോര്‍ഡ് നീക്കം ചെയ്തു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ കൈയ്യടിക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ പ്രതികരണം.
◾ സുന്നത്ത് കര്‍മത്തിനായി അനസ്ത്യേഷ്യ നല്‍കിയതിന് പിന്നാലെ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ചേളന്നൂര്‍ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് ഇന്നലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
◾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള (ഐഎസ്എസ്) ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള ആക്സിയം 4 ദൗത്യസംഘാംഗങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ആക്സിയം സ്‌പേസ്. ശുഭാംശു ശുക്ലയും സഹപ്രവര്‍ത്തകരും നിലയത്തില്‍ നിന്ന് പകര്‍ത്തിയ പുറംകാഴ്ചകളാണ് ആക്സിയം സ്പേസ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.
◾ സൊമാറ്റോ മാനേജ്‌മെന്റിന്റെ ചൂഷണങ്ങള്‍ക്കെതിരെ ഡെലിവറി ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐ.എന്‍.ടി.യു.സി യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി ജീവനക്കാര്‍ സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
◾ 300-400 കോടി രൂപയുടെ ഓഫിസ് നിര്‍മിക്കാന്‍ ആര്‍എസ്എസിന് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് കര്‍ണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. എന്തുകൊണ്ടാണ് അവരുടെ ഫണ്ടിംഗ് ഇത്ര അവ്യക്തമാകുന്നതെന്നും ആര്‍ക്കെങ്കിലും ഉത്തരം അറിയാമെങ്കില്‍ പറയൂ എന്നും അദ്ദേഹം പറഞ്ഞു.
◾ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം. റോയിട്ടേഴ്സിന്റെ പ്രധാന അക്കൗണ്ടും, റോയിട്ടേഴ്‌സ് വേള്‍ഡ് എന്ന അക്കൗണ്ടും നിയമ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ തടഞ്ഞുവെന്നാണ് എക്സിന്റെ വിശദീകരണം. റോയിട്ടേഴ്സ് ഏഷ്യ എന്ന ഏഷ്യയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന അക്കൗണ്ട് ഇപ്പോഴും ലഭ്യമാണ്. എന്നാല്‍ റോയിട്ടേഴ്സിനെതിരായ എക്സ് നടപടിയില്‍ പങ്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
◾ ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ സമാനമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നത് അവസാനിപ്പിക്കണമെന്നും മഹുവ മൊയ്ത്ര ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
◾ ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാന്‍ സുപ്രീം കോടതി അധികൃതര്‍. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതര്‍ കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. വിരമിച്ചശേഷം വസതിയില്‍ തുടരാവുന്നത് ആറുമാസംവരെയാണ്. നവംബറില്‍ ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് വിരമിച്ച ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ തുടരുകയാണ്. പകരം അനുവദിച്ച വാടക വസതിയില്‍ അറ്റകുറ്റപണി നടക്കുകയാണെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചു.
◾ കൊല്‍ക്കത്തയിലെ ലോ കോളേജില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ അക്രമികള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത് കൃത്യമായ പ്ലാനിംഗോടെയെന്ന് റിപ്പോര്‍ട്ട്. ക്രൂരമായ ആക്രമണത്തിന് ശേഷം ജൂണ്‍ 25ന് സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ മണിക്കൂറുകളോളമാണ് മൂന്നംഗ സംഘം മദ്യപിച്ചതെന്നാണ് പൊലീസ് വിശദമാക്കിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്.
◾ പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയെ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ചൈന. പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമക്ക് അധികാരമില്ലെന്നും 700 വര്‍ഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സു ഫെയ് ഹോങ് വ്യക്തമാക്കി.
◾ ജനനനിരക്ക് കുറയുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗര്‍ഭിണിയാകാനും കുട്ടികളെ വളര്‍ത്താനും സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യ. ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിര്‍ന്ന സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് 100,000 റുബിളിലധികം (ഏകദേശം 90,000 രൂപ) സാമ്പത്തിക സഹായം നല്‍കും. റഷ്യയിലെ ജനസംഖ്യാ ഇടിവ് മറികടക്കാന്‍ ലക്ഷ്യമിട്ട് 2025 മാര്‍ച്ചില്‍ സ്വീകരിച്ച നയത്തിന്റെ ഭാഗമാണ് പദ്ധതി.
◾ തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തില്‍ നിന്ന് ചാടിയ 18 യാത്രക്കാര്‍ക്ക് പരിക്ക്. സ്പെയിനിലെ പാല്‍മ ഡി മല്ലോറ എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക് പോകാന്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ട റയന്‍എയര്‍ 737 വിമാനത്തിലാണ് ഫയര്‍ അലാറം മുഴങ്ങിയത്. എമര്‍ജന്‍സി സംഘം എത്തുമ്പോഴേക്കും പരിഭ്രാന്തരായ യാത്രക്കാരില്‍ പലരും വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
◾ ടെക്സസ് ഹില്‍ കണ്‍ട്രിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 43 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കാണാതായ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 27 പേരെ കാണാതായി. മരിച്ചവരില്‍ 28 മുതിര്‍ന്നവരും 15 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഗ്വാഡലൂപ്പ് നദിക്കരയിലുള്ള വേനല്‍ക്കാല ക്യാമ്പിലെ 27 പെണ്‍കുട്ടികളും കാണാതായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
◾ ഇസ്രയേലുമായി സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പൊതുവേദിയില്‍. ടെഹ്റാനില്‍ ഒരു മതപരമായ ചടങ്ങിലാണ് ഖമനേയി പങ്കെടുത്തത്. ഇസ്രയേലുമായുള്ള 12 ദിവസത്തെ വ്യോമയുദ്ധത്തിനിടെ ഖമനേയി സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
◾ ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള സമാധാന ചര്‍ച്ച ഖത്തറില്‍ നടക്കാനിരിക്കേ ഗാസയില്‍ ഹമാസിന്റെ നാവിക കമാന്‍ഡര്‍ റംസി റമദാന്‍ അബ്ദ് അലി സാലേഹും കൂട്ടാളികളും ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഭക്ഷണവിതരണ ശാലയില്‍ നടന്ന ആക്രമണത്തിലാണ് ഹമാസിന്റെ നാവിക കമാന്‍ഡറും ഹമാസുമായി ബന്ധമുള്ള മറ്റ് 24 പേരും കൊല്ലപ്പെട്ടതെന്നാണ് വിവരം.
◾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വീണ്ടും ആവര്‍ത്തിച്ച് സ്പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. ഭൂമിയെ ചുറ്റുന്ന ബഹിരാകാശ നിലയത്തില്‍ നിന്ന് വിട്ട് ചൊവ്വയില്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിതെന്നാണ് മസ്‌കിന്റെ പുതിയ പ്രതികരണം. ട്രംപ് ഭരണകൂടം ബഹിരാകാശ പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുക വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മസ്‌കിന്റെ വാക്കുകള്‍.
◾ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 336 റണ്‍സിന്റെ ആധികാരിക ജയം. 608 റണ്‍സ് വിജയലക്ഷ്യവുമായി 72 ന് 3 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ജയമാണിത്. ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്‍, രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയിരുന്നു. മഴ തടസപ്പെടുത്തിയ മത്സരം ഇന്നലെ രണ്ട് മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. 58 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ ആദ്യമായാണ് എഡ്ജ്ബാസ്റ്റണില്‍ വിജയിക്കുന്നത്.
◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 70,325 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 626 പോയിന്റ് ആണ് താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് പുറമേ ടിസിഎസ്, ഭാരതി എയര്‍ടെല്‍, എല്‍ഐസി, ബജാജ് ഫിനാന്‍സ് എന്നിവയാണ് നഷ്ടം നേരിട്ടത്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 19,284 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 15,25,339 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം താഴ്ന്നത്. ഐസിഐസിഐ ബാങ്ക് 13,566 കോടി, ബജാജ് ഫിനാന്‍സ് 13,236 കോടി, എല്‍ഐസി 10,246 കോടി, ടിസിഎസ് 8,032 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. അതേസമയം റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ ഒരാഴ്ച കൊണ്ട് 15,359 കോടിയുടെ വര്‍ധന ഉണ്ടായി. ഇന്‍ഫോസിസിന് ഉണ്ടായ നേട്ടം 13,127 കോടിയാണ്. മുന്‍നിര കമ്പനികളില്‍ റിലയന്‍സ് തന്നെയാണ് ഏറ്റവുമധികം വിപണി മൂല്യമാണ് കമ്പനി.
◾ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത 'ലക്കി ഭാസ്‌കര്‍' കഴിഞ്ഞ വര്‍ഷം വന്‍ ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നാണ്. തെലുങ്കില്‍ ദുല്‍ഖറിന് ലഭിച്ച ഹാട്രിക്ക് വിജയം കൂടിയായിരുന്നു ഈ സിനിമ. തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ എത്തിയപ്പോഴും ലക്കി ഭാസ്‌കര്‍ തരംഗമായി മാറി. 100 കോടി ക്ലബിലെത്തിയ ദുല്‍ഖര്‍ ചിത്രം അടുത്തിടെ നിരവധി അവാര്‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍. സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ധനുഷ് നായകനായ വാത്തി സിനിമയ്ക്ക് ഇനി ഒരു തുടര്‍ച്ചയുണ്ടാകില്ലെന്നും സംവിധായകന്‍ പറഞ്ഞു. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കര്‍' പറഞ്ഞത്. ചിത്രത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ കുമാര്‍ ആയിട്ടായിരുന്നു ദുല്‍ഖര്‍ എത്തിയത്. മീനാക്ഷി ചൗധരി നായികയായി എത്തി. 2024 ലെ ഗദ്ദര്‍ തെലങ്കാന ഫിലിം അവാര്‍ഡുകളില്‍ ദുല്‍ഖറിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ഉള്‍പ്പെടെ നാല് അവാര്‍ഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്.
◾ ആസിഫ് അലി നായകനാവുന്ന എറ്റവും പുതിയ ചിത്രം 'ടിക്കി ടാക്ക'യില്‍ നസ്ലിനും ഒരു പ്രധാന റോളില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വി?ഗ് വച്ച് പുതിയ ലുക്കിലാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നസ്ലിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ അല്‍പം സീരിയസായി കടല്‍തീരത്ത് തോക്കും പിടിച്ച് നില്‍ക്കുന്ന താരത്തിന്റെ സ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ രോഹിത് വിഎസ്. 'ജീവിതത്തിലെ നഷ്ടങ്ങള്‍ ഒരു ആണ്‍കുട്ടിയുടെ കയ്യില്‍ തോക്ക് പിടിപ്പിച്ചു; സ്നേഹം അവനെ ഒരു പുരുഷനാക്കി മാറ്റി' എന്ന ക്യാപ്ഷനോട് കൂടിയാണ് രോഹിത്ത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രേ ഷേഡ് റോളിലാവും നസ്ലന്‍ ചിത്രത്തില്‍ എത്തുകയെന്നാണ് സൂചന. ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, സഞ്ജന നടരാജ്, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.
◾ തുടര്‍ച്ചയായി മൂന്നു മാസങ്ങളില്‍ പാസഞ്ചര്‍ വാഹന വില്‍പനയില്‍ ഒന്നാം സ്ഥാനം ക്രെറ്റയ്ക്കാണെങ്കിലും 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് മാരുതിയുടെ വാഗണ്‍ ആര്‍ തന്നെയാണ്. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷത്തിലും ഏറ്റവും കൂടുതല്‍ വിറ്റ വാഹനമെന്ന റെക്കോര്‍ഡ് നിലനിര്‍ത്തിയാണ് വാഗണ്‍ ആറിന്റെ വര്‍ഷത്തിലെ ആദ്യ പാദത്തിലെ മുന്നേറ്റം. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 101424 യൂണിറ്റ് വാഗണ്‍ ആറുകളാണ് വിറ്റത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ വാഗണ്‍ ആറിന്റെ വില്‍പന 190855 യൂണിറ്റായിരുന്നു. 2025 ലെ ഏപ്രില്‍,മെയ്, ജൂണ്‍ മാസങ്ങളില്‍ വില്‍പനയില്‍ ഒന്നാം സ്ഥാനം ഹ്യുണ്ടേയ്യുടെ മിഡ് സൈസ് എസ് യു വി യ്ക്കാണ്. രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ക്രെറ്റയ്ക്ക് പിന്നിലായി മാരുതിയുടെ ഡിസയര്‍ (96101 യൂണിറ്റുകള്‍ ), ബ്രെസ (93,729 യൂണിറ്റുകള്‍), സ്വിഫ്റ്റ് (93,098 യൂണിറ്റുകള്‍), എര്‍ട്ടിഗ (91,991 യൂണിറ്റുകള്‍), ഫ്രോങ്ക്‌സ് (88,066 യൂണിറ്റുകള്‍) എന്നിവയാണ് ആദ്യ ഏഴ് സ്ഥാനങ്ങളില്‍. ടാറ്റ നെക്സോണ്‍ (87,267 യൂണിറ്റുകള്‍) എട്ടാം സ്ഥാനത്തും മഹീന്ദ്ര സ്‌കോര്‍പിയോ (85,648 യൂണിറ്റുകള്‍) ഒമ്പതാം സ്ഥാനത്തും ടാറ്റ പഞ്ച് (84,579 യൂണിറ്റുകള്‍) പത്താം സ്ഥാനത്തും എത്തി.
◾ പക്ഷിനിരീക്ഷണത്തിന്റെ ആവേശവും ഊര്‍ജ്ജവും അറിയാനുള്ള ഗ്രന്ഥമാണിത്. പക്ഷികളുടെ നിറവും ശബ്ദവും ആകൃതിയും സ്വഭാവവും ചേഷ്ടകളും കൂടുകെട്ടലിലെ കൗതുകവും പക്ഷിനിരീക്ഷണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പക്ഷികള്‍ കാണപ്പെടുന്ന സ്ഥലം, മരം, സമയം, അവയുടെ ഭക്ഷണം, കൂട്, കൂട് കെട്ടിയ സ്ഥലം, സ്ഥാനം, ഉയരം, കൂടുകെട്ടലിലും കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുന്നതിലും അടയിരിപ്പിലും ഇണകളുടെ പങ്കാളിത്തം, ആഹാരം നല്‍കുന്ന രീതി തുടങ്ങിയ ധാരാളം കാര്യങ്ങള്‍ പക്ഷിനിരീക്ഷണത്തിലൂടെ കണ്ടെത്താമെന്ന് ഈ കൃതി പറഞ്ഞുതരുന്നു. പക്ഷികളുടെ ജീവിതം കണ്ടറിയാനും അവയുടെ വിശാലമായ ലോകത്തെ മനസ്സിലാക്കാനുമുള്ള ഒരു 'കിളി'വാതിലാണ് ഈ പുസ്തകം. 'വീട്ടുവളപ്പിലെ പക്ഷിനിരീക്ഷണം'. പി.വി. പത്മനാഭന്‍. ഗ്രീന്‍ ബുക്സ്. വില 162 രൂപ.
◾ പ്രമേഹ രോഗികള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. അത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി അല്ലെങ്കില്‍ ഇലക്കറിയാണ് ബ്രോക്കൊളി. വിറ്റാമിന്‍ സി, കെ, ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ബ്രോക്കൊളി. നാരുകളാല്‍ സമ്പന്നമായ ബ്രോക്കൊളി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും. ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകള്‍ക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്രോക്കൊളി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കാത്സ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ ബ്രോക്കൊളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ എ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും ബ്രൊക്കോളി പതിവായി കഴിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. 100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ ഇലക്കറി കൂടിയാണ് ബ്രൊക്കോളി. അതിനാല്‍ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
1983 ലാണ് സിഡ്നിയില്‍ നിന്ന് മെല്‍ബണിലേക്കുളള 875 കിലോമീറ്റര്‍ അള്‍ട്രാമാരത്തോണ്‍ ഓട്ടമത്സരം തുടങ്ങിവെച്ചത്. ലോകത്തിലെതന്നെ അതികഠിനമായ ഒരു മത്സരമായാണ് ഈ മത്സരം അറിയപ്പെടുന്നത്. ആദ്യമത്സരത്തില്‍ തന്നെ ഓടാന്‍ തയ്യാറായി 61 കാരനായ ആല്‍ബര്‍ട്ട് ഏണസ്റ്റ് ക്ലിഫ് യങ്ങ് എന്ന് പേരായ ഒരു കര്‍ഷകനും എത്തി. പാടത്ത് ജോലി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ഒരു ഗം ബൂട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്. സംഘാടകര്‍ അദ്ദേഹത്തെ ആവുന്നത്ര നിരുത്സാഹപ്പെടുത്തി. കാരണം ഇത്രയും ദൂരം ഓടിത്തീര്‍ക്കാന്‍ പരമാവധി 7 ദിവസമെങ്കിലും വേണം. ഒരു ദിവസം 18 മണിക്കൂറെങ്കിലും ഓടണം. ഇത്തരം നിബന്ധനകള്‍ പാലിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല എന്നായിരുന്നു സംഘാടകരുടെ നിഗമനം. എന്നാല്‍ ക്ലിഫ് യങ് പിന്മാറാന്‍ തയ്യാറായില്ല. മുന്‍പും ചില ദീര്‍ഘദൂരമത്സരങ്ങളില്‍ ക്ലിഫ് യങ് പങ്കെടുത്തിരുന്നതുകൊണ്ടുളള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ അദ്ദേഹം വളരെ പതുക്കെയാണ് ഓടിയത്. അങ്ങനെ തുടര്‍ച്ചയായി 5 ദിവസവും 15 മണിക്കൂറും നാല് മിനിറ്റും വിശ്രമമില്ലാതെ ഓടി ക്ലിഫ് യങ് ആ മത്സരത്തില്‍ ചാമ്പ്യന്‍ ആയി. തന്നെ ഇന്റര്‍വ്യൂ ചെയ്ത മാധ്യമപ്രവര്‍ത്തകനോട് ക്ലിഫ് യങ് ഇങ്ങനെ പറഞ്ഞു: രാത്രിയില്‍ 6 മണിക്കൂര്‍ വിശ്രമിക്കാം എന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് രാത്രിയിലും ഞാന്‍ ഓടിക്കൊണ്ടിരുന്നു. പിന്നെ ഒരു സമ്മാനവും പ്രതീക്ഷിച്ചായിരുന്നില്ല ഞാന്‍ ഓടിയിരുന്നത്. വിജയിക്ക് ലഭിക്കുന്ന 10000 ഡോളര്‍ എനിക്കെന്തിനാണ്? അതിനാല്‍ എനിക്ക് കിട്ടിയ സമ്മാനതുക ഓട്ടമത്സരം പൂര്‍ത്തീകരിച്ച 5 മത്സരാര്‍ത്ഥികള്‍ക്ക് വീതിച്ചു നല്‍കുകയാണ്. അവര്‍ ഇതിനായി കഠിനമായി പരിശ്രമിച്ചിരുന്നു. അദ്ദേഹം പറഞ്ഞു നിര്‍ത്തി. നമ്മള്‍ ആ്തമവിശ്വാസത്തോടെ ലക്ഷ്യത്തിനായി പരിശ്രമിക്കുമ്പോള്‍ അതിന്റെ മുന്നില്‍ പ്രതിസന്ധികളോ പ്രതിഫലനമോ ഒന്നും പരിമിതികളാകാന്‍ പാടില്ല. സ്വന്തം മനസ്സിനെ രൂപപ്പെടുത്തിയാല്‍ നമുക്ക് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താന്‍ സാധിക്കും - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment