◾ ഇന്ത്യ പാകിസ്ഥാന് സംഘര്‍ഷത്തിനിടെ വീഡിയോ ഗെയിമിലെ യുദ്ധത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പാകിസ്ഥാന് മന്ത്രി വിവാദത്തില്‍. പാകിസ്ഥാന് വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അത്തുല്ല തരാറാണ് വ്യാജ പ്രചാരണം നടത്തിയത്. പാകിസ്ഥാന് സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇന്ത്യയുമായുള്ള സൈനിക ഇടപെടലെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇത് വീഡിയോ ഗെയിമില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
2025 | മെയ് 12 | തിങ്കൾ
1200 | മേടം 29 | ചോതി l 1446 l ദുൽഖഅദ് 14
➖➖➖➖➖➖➖➖
◾ കശ്മീരിന്റെ കാര്യത്തില്‍ ആരും മധ്യവസ്ഥത വഹിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കശ്മീര്‍ തര്‍ക്കത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിന്റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയും അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. എന്നാല്‍ കശ്മീരിനെക്കുറിച്ച് തങ്ങള്‍ക്ക് വളരെ വ്യക്തമായ നിലപാടുണ്ടെന്നും പാക് അധീന കശ്മീര്‍ തിരികെവേണമെന്നും എന്നാല്‍ ആരും മധ്യസ്ഥത വഹിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ആരുടെയെങ്കിലും മധ്യസ്ഥത ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം.
◾ ഓപ്പറേഷന് സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു സ്ഥിരീകരിച്ച് പ്രതിരോധ സേന. 35 മുതല്‍ 40 വരെ പാക്കിസ്ഥാന് സൈനികര്‍ മരിച്ചിട്ടുണ്ടെന്നും മരിച്ച സൈനികരുടെ എണ്ണം നമ്മള് നോക്കിയില്ലെന്നും കാരണം അവരായിരുന്നില്ല നമ്മുടെ ലക്ഷ്യമെന്നും സേന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് സേന സ്ഥിരീകരിച്ചു. പാകിസ്ഥാന് എന്തു ചെയ്യും എന്ന് നിരീക്ഷിച്ചുവരികയാണെന്നും പാകിസ്ഥാന് ഇതുവരെ ഡിജിഎംഒ നല്കിയ സന്ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും സേന വ്യക്തമാക്കി. അതിര്‍ത്തിയിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും എന്തെങ്കിലും ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും സേന വ്യക്തമാക്കി.
◾ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്നലെ രാത്രിയും ജാഗ്രത. വിവിധ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്സല്‍മീറില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മുന്‍കരുതല്‍ ആയാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി ലൈറ്റുകള്‍ അണച്ചും വീടുകള്‍ക്ക് അകത്തിരുന്നും ജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
◾ ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സൈനികര്‍ സംയമനം പാലിക്കണമെന്നും, വെടിനിര്‍ത്തല്‍ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കാന്‍ പാക്കിസ്ഥാന് പ്രതിജ്ഞാബദ്ധമാണെന്നും ഷഹബാസ് ഷെരീഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും പാകിസ്ഥാന് ഇന്നലെ ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷഹബാസ് ഷെരീഫ് പാക് സൈനികരോട് സംയമനം പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത്.
◾ ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പാക് സൈന്യത്തിന്റെ കമാന്‍ഡ് സെന്ററുകളില്‍ ഒന്നായ റാവല്‍പിണ്ടിയിലടക്കം ആക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
◾ അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്കി. അടിയന്തരമായി പാര്‍ലമെന്റ് യോഗം വിളിച്ചുചേര്‍ക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഹല്‍ഗാമിലെ ഭീകരാക്രമണം, ഓപ്പറേഷന് സിന്ദൂര്‍, അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടങ്ങിയവയെക്കുറിച്ച് ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും ചര്‍ച്ചചെയ്യേണ്ടത് അനിവാര്യമാണെന്നും രാഗുല്‍ ഗാന്ധി കത്തില്‍ കുറിച്ചു.
◾ ഓപ്പറേഷന് സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഓപ്പറേഷന് കരുതലോടെ തുടരുന്നുവെന്നും വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ അറിയിക്കുമെന്നും ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഓപ്പറേഷനുകള്‍ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ ഒരു വിശദീകരണം യഥാസമയം നടത്തുമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വ്യോമസേന അഭ്യര്‍ത്ഥിച്ചു.
◾ ഇന്ത്യ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാന്. പാകിസ്ഥാന് വ്യോമത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാന് സൈനിക വക്താവാണ് പാക് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് നേരെ ബ്രഹ്മോസ് മിസൈലുകള്‍ പ്രയോഗിച്ചതായി ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
◾ പുല്‍വാമ പാകിസ്ഥാന്റെ തന്ത്രപ്രധാനമായ ബുദ്ധിപരമായ നീക്കമെന്ന പാകിസ്ഥാന്റെ എയര്‍ വൈസ് മാര്‍ഷല്‍ ഔറംഗസേബ് അഹമ്മദിന്റെ പ്രസ്താവന വിവാദത്തില്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പ് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എയര്‍ മാര്‍ഷല്‍ ഔറംഗസേബ് അഹമ്മദ് വിവാദ പ്രസ്താവന നടത്തിയത്.
◾ ഇന്ത്യ - പാകിസ്ഥാന് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ദില്ലിയിലെത്തിയ മലയാളികള്‍ക്ക് യാത്ര സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ദില്ലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് യാത്ര സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
◾ അണ് എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വണ്‍ പ്രവേശനത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി. എയ്ഡഡ് സ്കൂള്‍, പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് കോട്ട എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും റിസര്‍വേഷന്‍ കോട്ടകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ഇന്ന് രാവിലെ 10.30 ന് കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്യും.
◾ കെ പി സി സി പ്രസിഡന്റായി സണ്ണി ജോസഫ് എം എല്‍ എ ഇന്ന് ചുമതലയേല്‍ക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി സിവിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി എന്നിവരും ഇന്ന് ചുമതലയേറ്റെടുക്കും. കെ പി സി സി ആസ്ഥാനത്ത് 9.30 നാണ് ചടങ്ങ്. എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാകും ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുക. കെ പി സി സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ കെ സുധാകരന് എം പി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെ പി സി സി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലും ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും ഇന്നലെ നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു.
◾ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. 107 ഗ്രാം സ്വര്‍ണമാണ് തിരികെ ലഭിച്ചത്. ക്ഷേത്രത്തിനുളളിലെ മണല്‍പ്പരപ്പില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബോംബ് സ്ക്വാഡും പൊലിസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അതേ സമയം, സ്ട്രോങ് റൂമിലെ സ്വര്‍ണം നിലത്ത് വന്നത് എങ്ങനെയെന്ന് കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അതീവ സുരക്ഷ മേഖലയില്‍ നിന്നാണ് ഇന്നലെ സ്വര്‍ണം കാണാതായത്.
◾ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരണം നല്കി തിരുവനന്തപുരം ഡിസിപി നകുല്‍ ദേശ്മുഖ്. ക്ഷേത്രത്തിലേത് മോഷണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി വ്യക്തമാക്കി. ആരെങ്കിലും മാറ്റിവെച്ചതാകാനാണ് സാധ്യതയെന്നും പിന്നീട് വിവാദമായപ്പോള്‍ ആരെങ്കിലും ഉപേക്ഷിച്ചതാവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് ഡിസിപി വ്യക്തമാക്കി.
◾ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന് (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു കണ്ണന്.
◾ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ബൈക്കിടിച്ച് ഒന്‍പത് വയസ്സുകാരി തൃശൂര്‍ കുട്ടനെല്ലൂരില്‍ മരിച്ചു. കൊരട്ടി കുട്ടാല പറമ്പില്‍ പരേതനായ രഞ്ജിത്തിന്റെ മകളും മണ്ണുത്തി ഡോണ്‍ ബോസ്കോ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യര്‍ത്ഥിനിയുമായ അവന്തിക (9) ആണ് മരിച്ചത്. അമ്മൂമ്മയ്ക്കൊപ്പം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ദേശീയപാത കുറുകേ കടക്കുന്നതിനിടയിലാണ് അപകടം. അവന്തികയുടെ അമ്മൂമ്മ സുജാതയെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ വെള്ളരിക്കുണ്ടില്‍ രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗര്‍ഭം അലസിപ്പിക്കാന്‍ അശാസ്ത്രീയായി മരുന്ന് നല്‍കിയതാണ് രക്തസ്രാവത്തിന് കാരണമെന്നാണ് ആരോപണം. ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്.
◾ മരച്ചില്ല ഒടിഞ്ഞുവീണ് ബാലികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നാവായിക്കുളം സ്വദേശിനിയും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ റിസ്വാനയാണ് മരിച്ചത്. എട്ട് വയസായിരുന്നു പ്രായം. ഒന്നരവയസായ അനുജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റിസ്വാന അപകടത്തില്‍ പെട്ടത്.
◾ കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ 4 മരണം. വടകര ദേശീയപാതയില്‍ മൂരാട് പാലത്തിനു സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചാണ് കാര്‍ യാത്രക്കാരായ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കര്‍ണാടക രജിസ്ട്രേഷന് ട്രാവലര്‍ വാനുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിന്‍ ലാല്‍, അഴിയൂര്‍ സ്വദേശി രഞ്ജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
◾ തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിര്‍ (30) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് നിസാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബാറില്‍ വച്ച് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
◾ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനെയാണ് (36) ഇന്നലെ രാവിലെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജിന് സമീപത്തെ റോഡ് അരികിലാണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ ഷക്കീര്‍ ഹുസൈനെ രാവിലെ ബന്ധുക്കള്‍ കണ്ടെത്തുന്നത്. വാഹനത്തിനുള്ളില്‍ രക്തക്കറ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി.
◾ കാലവര്‍ഷം മെയ് 13 -ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 27 ന് കേരളത്തിലെത്താന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് 31 നായിരുന്നു കാലവര്‍ഷം തുടങ്ങിയത്. കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.
◾ ഛത്തീസ്ഗഢിലെ റായ്പുര്‍-ബലോദ ബസാര്‍ റോഡില്‍ ട്രെയിലര്‍ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര് മരിച്ചതായി റിപ്പോര്‍ട്ട്.
◾ ഹൈദരാബാദിലെ പ്രശസ്തമായ കറാച്ചി ബേക്കറി അടിച്ചു തകര്‍ക്കാന്‍ ശ്രമം. ഹൈദരാബാദിലെ ഷംഷാബാദിലുള്ള കറാച്ചി ബേക്കറിയുടെ ഔട്ട്ലെറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ദേശീയ പതാകകളുമായാണ് ബേക്കറി ആക്രമിക്കാനെത്തിയത്. വടികള്‍ കൊണ്ട് ഗ്ലാസിലടിക്കുകയും 'പാകിസ്ഥാന് മൂര്‍ദ്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
◾ പൂഞ്ചില്‍ കഴിഞ്ഞ ദിവസമുണ്ടായ പാകിസ്ഥാന് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇരട്ടക്കുട്ടികളും. 12 വയസ്സുകാരായ സെയ്ന് അലിയും ഉര്‍വ ഫാത്തിമയുമാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യം വച്ചതിനും കൊലപ്പെടുത്തിയതിനും പാകിസ്ഥാന് കനത്ത വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.
◾ ഇന്ത്യ - പാകിസ്ഥാന് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അദ്ദേഹത്തെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നുണ്ട്. വിക്രം മിസ്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സൈബര്‍ ആക്രമണം കടുത്തതോടെ വിക്രം മിസ്രി എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്.
◾ പാക് തീവ്രവാദത്തിന്റെ തെളിവുകള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യ. ടിആര്‍എഫ് അടക്കമുള്ള ലഷ്കറിന്റെ നിഴല്‍സംഘടനകള്‍ പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്തതിന് യുഎന്‍ ഉപരോധ സമിതിക്ക് മുന്നില്‍ തെളിവുകള്‍ നിരത്തും. അടുത്തയാഴ്ചയാണ് യുഎന്നിന്റെ ഉപരോധസമിതി യോഗം ചേരുന്നത്. യുഎന്‍ രക്ഷാസമിതിയുടെ കീഴിലാണ് ഈ ഉപരോധസമിതി.
◾ ഓപ്പറേഷന് സിന്ദൂറില്‍ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന. 9 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു. 100ലധികം ഭീകരരെ വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തിലും, കാണ്ഡഹാര്‍ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
◾ അതിര്‍ത്തിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്കാം ആണ് വീരമൃത്യു വരിച്ചത്. ആര് എസ് പുരയിലാണ് വെടിയേറ്റത്. ഇതോടെ ഓപ്പറേഷന് സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി. നേരത്തെ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെന്ന് പ്രതിരോധ സേന സ്ഥിരീകരിച്ചിരുന്നു.
◾ പാകിസ്ഥാന്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, ദേശീയ സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണ ചൈന ഉറപ്പിച്ചു പറഞ്ഞുവെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍. പാകിസ്ഥാന്റെ സംയമനത്തെയും സ്ഥിതിഗതികളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തതിനെയും ചൈനീസ് വിദേശകാര്യ മന്ത്രി പ്രശംസിച്ചു. 'എക്കാലത്തെയും തന്ത്രപരമായ സഹകരണ പങ്കാളികള്‍' എന്നും 'ഉരുക്കുപോലെ ഉറച്ച സുഹൃത്തുക്കള്‍' എന്നുമാണ് ഇരു രാജ്യങ്ങളും പരസ്പരമുള്ള ബന്ധത്തെ വിശേഷിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ ശ്രീലങ്കയില്‍ തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ് മലഞ്ചെരിവിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ 15 പേര് കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മധ്യ മലയോര മേഖലയായ കോട്മലെയിലൂടെ സഞ്ചരിക്കുകയായിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. സമീപ കാലത്ത് രാജ്യത്ത് നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അപകടമാണിത്. ശ്രീലങ്കയില്‍ ഇതേ റൂട്ടില്‍ പ്രതിവര്‍ഷം ശരാശരി 3,000 റോഡപകട മരണങ്ങള് നടക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളില്‍ ഒന്നാണിത്.
◾ ഗാസയില്‍ ഹമാസ് തടങ്കലില്‍ വെച്ചിരിക്കുന്ന രണ്ട് ബന്ദികളുടെ വീഡിയോ ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടു. 19 മാസം നീണ്ട യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇരുവരും വീഡിയോയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴാം തീയ്യതി ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ബന്ധിക്കളാക്കപ്പെട്ട എല്കാന ബോബോത്ത്, യൂസെഫ് ഹൈം ഒഹാന എന്നിവരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
◾ ലിയോ പതിനാലാമന്‍ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. ലിയോ പതിനാലാമന്‍ പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ഇന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കുര്‍ബാന നടന്നു. ലോകമെങ്ങുമുളള സംഘര്‍ഷ മേഖലകളില്‍ സമാധാനം പുലരട്ടെ എന്ന് കുര്‍ബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.
◾ യുഎസും ചൈനയും തമ്മിലുള്ള 'തീരുവ യുദ്ധം' പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നടത്തിയ ചര്‍ച്ചയില്‍ ഏകദേശ ധാരണ. വ്യവസ്ഥകള്‍ വിശദീകരിക്കാന്‍ തല്ക്കാലം പരിമിതിയുണ്ടെന്ന് രണ്ടു രാജ്യങ്ങളും അറിയിച്ചെങ്കിലും ഇന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തുവരുമെന്നാണ് സൂചന. യുഎസുമായി സാമ്പത്തികയുദ്ധത്തിന് ചൈനയ്ക്ക് താല്പര്യമില്ല. എന്നാല്‍, ചൈനയുടെ താല്പര്യം സംരക്ഷിച്ചേ മതിയാകൂവെന്നും ചൈനീസ് ഉപപ്രധാനമന്ത്രി പറഞ്ഞു.
◾ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചയ്ക്കുള്ള പുടിന്റെ ക്ഷണം യുക്രൈന് പ്രസിഡന്റ് സ്വീകരിച്ചു. വ്യാഴാഴ്ച ഇസ്താംബൂളില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയാകാമെന്ന് സെലന്‍സ്കി വ്യക്തമാക്കിയതായാണ് വിവരം. ചര്‍ച്ചയ്ക്കുള്ള പുടിന്റെ ക്ഷണം സ്വീകരിച്ചത് ട്രംപ് കൂടി ആവശ്യപ്പെട്ടതിന് പിന്നാലെയാണെന്നാണ് വ്യക്തമാകുന്നത്. യുക്രൈനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ശനിയാഴ്ച രാത്രി ടെലിവിഷനിലൂടെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് വ്യക്തമാക്കിയത്. നേരിട്ടുള്ള സമാധാന ചര്‍ച്ച എന്ന നിര്‍ദേശത്തെ യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി സ്വാഗതം ചെയ്തതോടെ മേഖലയില്‍ സമാധാനം പുലരാനുള്ള സാധ്യതകളാണ് കാണുന്നത്. മുന്‍ ഉപാധികള്‍ ഇല്ലാതെ നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യുക്രൈന് തയ്യാറാകണമെന്നാണ് പുടിന് ടെലിവിഷന്‍ അഭിസംബോധനയിലൂടെ പറഞ്ഞത്.
◾ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ നാടു കടത്താന്‍ പുതിയ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഇല്ലീഗല്‍ ഏലിയന്‍' എന്ന് ട്രംപ് കുടിയേറ്റക്കാരെ അഭിസംബോധന ചെയ്തിരിക്കുന്ന വീഡിയോയില്‍ സൗജന്യ വിമാനയാത്രാ സൗകര്യവും ക്യാഷ് ബോണസുമടക്കം നല്കി അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്ന പദ്ധതിക്ക് 'പ്രൊജക്റ്റ് ഹോംകമിംഗ്'എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
◾ ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം സംഘര്‍ഷത്തില്‍ അയവു വന്നതോടെയാണ് ബിസിസിഐ തീരുമാനം. കളിക്കാര്‍ ചൊവ്വാഴ്ച ടീമുകള്‍ക്കൊപ്പം ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ധരംശാലയില്‍ നടക്കേണ്ട പഞ്ചാബ് കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.
◾ വാട്സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പ്രീമിയം അടയ്ക്കാനും രസീതുകള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. എല്‍ഐസി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പ്രീമിയം അടയ്ക്കേണ്ട പോളിസികളുടെ വിശദാംശങ്ങള്‍ 8976862090 എന്ന വാട്സ്ആപ്പ് നമ്പറില്‍ പരിശോധിക്കാം. തുടര്‍ന്ന് വാട്സ്ആപ്പ് ബോട്ടില്‍ യുപിഐ/നെറ്റ് ബാങ്കിങ്/കാര്‍ഡുകള്‍ വഴി പ്രീമിയം തുക അടയ്ക്കാം. എല്‍ഐസി പോര്‍ട്ടലില്‍ പോളിസികള്‍ രജിസ്റ്റര്‍ ചെയ്ത എല്‍ഐസി പോളിസി ഉടമകള്‍ക്ക് 8976862090 എന്ന മൊബൈല്‍ നമ്പറില്‍ 'HI' എന്ന് പറഞ്ഞുകൊണ്ട് വാട്സ്ആപ്പില്‍ ഈ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ലിസ്റ്റ് ചെയ്ത സേവനങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്ന നിരവധി ഓപ്ഷനുകള്‍ സ്ക്രീനില്‍ ലഭിക്കും. എല്‍ഐസി പോളിസി സേവനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന് നമ്പര്‍ തെരഞ്ഞെടുക്കുക. www.licindia.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
◾ മോഹന്‍ലാല്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'തുടരും' 200 കോടി ക്ലബ്ബില്‍. മോഹന്‍ലാല്‍ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും വെറും 17 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് മോഹന്‍ലാല്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. എമ്പുരാന് ആയിരുന്നു നേരത്തെ 200 കോടി തൊട്ട മോഹന്‍ലാല്‍ പടം. സിനിമ ആദ്യദിനം ഇന്ത്യ നെറ്റായി നേടിയത് 5.25 കോടി രൂപ ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷന്‍ വേട്ട തുടര്‍ന്ന സിനിമ പത്ത് ദിവസത്തില്‍ 100 കോടി ക്ലബ്ബിലും ഇടം നേടി. 90.35 കോടിയാണ് തുടരുമിന്റെ ഇതുവരെയുള്ള കേരള കളക്ഷന്‍. കെ.ആര്. സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ഷണ്മുഖന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
◾ ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രദീപ് രംഗനാഥന്. പ്രദീപ് രംഗനാഥന് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഡ്യൂഡ്' എന്നാണ് ചിത്രത്തിന്റെ പേര്. സംവിധാനം നിര്‍വഹിക്കുന്നത് കീര്‍ത്തീശ്വരനാണ്. മലയാളി നടി മമിത ഡ്യൂഡ് സിനിമയില്‍ നായികയായി എത്തുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ആര് ശരത്കുമാര് ഹൃദു ഹാറൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ദ്രാവിഡ് സെല്‍വം രോഹിണി എന്നിവരും വേഷമിടുന്നു. സായ് അഭയങ്കാരാണ് സംഗീത സംവിധാനം. ദീപാവലി റിലീസായിട്ടാണ് പ്രദീപ് രംഗനാഥന് ചിത്രം എത്തുക എന്നും ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥന് നായകനായി എത്തിയതാണ് ഡ്രാഗണ്‍.
◾ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഇലക്ട്രിക് ബൈക്ക് ബ്രാന്‍ഡായ ഫ്ലയിംഗ് ഫ്ലീ ഇ6 അവതരിപ്പിച്ചു. നഗര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ബൈക്ക് റെട്രോ ലുക്ക്, അത്യാധുനിക സവിശേഷതകള്‍ എന്നിവ സമന്വയിപ്പിക്കുന്നു. 2025 അവസാനത്തോടെയോ 2026 ന്റെ ആദ്യ പാദത്തിലോ ലോഞ്ച് പ്രതീക്ഷിക്കുന്നു. ഫ്ലയിംഗ് ഫ്ലീ ഇ6 പ്രധാനമായും ഒരു അര്‍ബന്‍ മോട്ടോര്ബൈക്കായാണ് വില്‍ക്കുക. എങ്കിലും നഗരങ്ങള്‍ക്ക് പുറത്തുള്ള ലൈറ്റ്-ഡ്യൂട്ടി യാത്രകള്‍ക്കും ഇത് ഉപയോഗിക്കാം. പക്ഷേ ദീര്‍ഘദൂര ടൂറിംഗ് ബൈക്കിന്റെ ഉപയോഗമല്ല ഇതിനെന്നും റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കുന്നു. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫോക്സ് ഇന്ധന ടാങ്ക്, സിംഗിള്‍ സീറ്റ് എന്നിവയുള്ള റെട്രോ ലുക്ക് ഫ്ലയിംഗ് ഫ്ലീ ഇ6ന്റെ സവിശേഷതയാണ്. ഈ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ വിവിധ റൈഡ് മോഡുകള്‍ ഉണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്പോര്‍ട്ടി പ്രകടനം തിരഞ്ഞെടുക്കാനോ റേഞ്ചിന് മുന്‍ഗണന നല്‍കാനോ അനുവദിക്കുന്നു.
◾ ''എന്റെ മകള്‍ ഇന്ദിര, ഹിമാലയത്തിലെ മുസ്സൂറിയില്‍ ആയിരുന്നപ്പോഴും ഞാന്‍ താഴെ സമതലങ്ങളിലായിരുന്നു. അത് 1928ലെ ഒരു വേനല്‍ക്കാലമായിരുന്നു. അപ്പോള്‍ മകള്‍ ഇന്ദിരയ്ക്ക് എഴുതിയ കത്തുകളാണിത്. പത്ത് വയസ്സ് പ്രായമുള്ള ഒരു കൊച്ചു പെണ്‍കുട്ടിയെ അഭിസംബോധന ചെയ്ത വ്യക്തിപരമായ കത്തുകള്‍. എന്നാല്‍ ഞാന്‍ വിലമതിക്കുന്ന എന്റെ സുഹൃത്തുക്കള്‍ അവയില്‍ ചില നന്മകള് കണ്ടെത്തിയിട്ടുണ്ട്''. 'ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍'. ജവഹര്‍ലാല്‍ നെഹ്റു. ഗ്രീന്‍ ബുക്സ്. വില 142 രൂപ.
◾ തലവേദന മാറാന്‍ ചായ കുടിക്കുന്നവരാണോ? ഈ ശീലം താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും സ്ഥിരമായാല് തലവേദന വര്‍ധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സമ്മര്‍ദം, ഉത്കണ്ഠ, നിര്‍ജ്ജലീകരണം അങ്ങനെ പല ആരോഗ്യ അവസ്ഥകള്‍ തലവേദനയ്ക്ക് കാരണമാകാം. നിര്‍ജ്ജലീകരണം മൂലമാണ് തലവേദനയുണ്ടാകുന്നതെങ്കില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് അവസ്ഥ വഷളാക്കാം. ചായയിലും കാപ്പിയിലും അടങ്ങിയ കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കാന്‍ കാരണമാകും. ഇത് വിപരീത ഫലമുണ്ടാക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് ശമനമുണ്ടാക്കും. കൂടാതെ ഇഞ്ചി ചായ, ഗ്രീന്‍ ടീ എന്നിവ പരീക്ഷിക്കാവുന്നതാണ്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും തലവേദന ലഘൂകരിക്കാന്‍ സഹായിക്കും. 400 മില്ലിഗ്രാം കഫീന്‍ വരെ ഒരു ദിവസം കുടിക്കുന്നത് സുരക്ഷിതമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതായത് നാല് കപ്പ് കാപ്പി അല്ലെങ്കില്‍ എട്ട് ഗ്ലാസ് വരെ ചായയും. എന്നാലും ചായ അല്ലെങ്കില്‍ കാപ്പി എന്നിവ കുടിക്കുന്നതില്‍ മിതത്വം പാലിക്കേണം.
*ശുഭദിനം*
*കവിത കണ്ണന്*
ഒരിക്കല്‍ അമേരിക്കന്‍ മോട്ടിവേഷന്‍ സ്പീക്കറായിരുന്ന ജിംറോഹന്‍ കാലിഫോര്‍ണിയയിലേക്ക് യാത്രനടത്തുകയായിരുന്നു. വഴിയില്‍ വെച്ച് കാര്‍ പെട്രോള്‍ നിറക്കാന്‍ ഒരു പമ്പിലേക്ക് കയറ്റി. അവിടെ ഒരു ചെറുപ്പക്കാരന് അവര്‍ക്ക് വേണ്ട സേവനമെല്ലാം ചെയ്തു. കാറില്‍ പെട്രോള്‍ നിറച്ചതിന് ശേഷം അവര്‍ ആവശ്യപ്പെടാതെ തന്നെ കാറിന്റെ വിന്റോ തുടച്ച് കൊടുക്കുകയും ടയറുകളില്‍ കാറ്റടിച്ചുകൊടുക്കുകയും ചെയ്തു. ഇതൊക്കെ ഒരു മൂളിപ്പാട്ടോടുകൂടിയാണ് അയാള്‍ ചെയ്തിരുന്നത്. ഇത് കണ്ടപ്പോള്‍ ജിംറോഹന്‍ ചോദിച്ചു: നിങ്ങള്‍ ആകെ സന്തോഷത്തിലാണല്ലോ? എന്താണ് സന്തോഷത്തിന്റെ കാരണം. അയാള്‍ പറഞ്ഞു: ഇതെന്റെ പാര്‍ട് ടൈം ജോലിയാണ്. ഈ ജോലി എനിക്ക് ഏറെ ഇഷ്ടമാണ്. ഇവിടെ എവിടെയാണ് നല്ല ഐസ്ക്രീം കിട്ടുക. ജിംറോഹന്റെ ചോദ്യത്തിന് പട്ടണാതിര്ത്തിയിലുളള കടയെക്കുറിച്ചും അവിടെത്തെ ഏററവും നല്ല ബ്രാന്റ് ഐസ്ക്രീമിനെക്കുറിച്ചുമെല്ലാം അയാള്‍ വാചാലനായി. ജിംറോഹന്‍ ആ കടയിലെത്തി ഐസ്ക്രീം കഴിച്ചശേഷം തിരികെ പെട്രോള്‍ പമ്പില്‍ വന്ന് ഒരു പാക്കറ്റ് ഐസ്ക്രീം അയാള്‍ക്കും സമ്മാനിച്ചു. ഇതാണ് പ്രതിധ്വനിയുടെ നിയമം. നാം നന്മ ചെയ്താല്‍ നന്മ തിരികെ ലഭിക്കും. തിന്മയാണെങ്കില് തിന്മയുടേതായ പ്രതികരണങ്ങളാകും നമ്മെ കാത്തിരിക്കുക. നമുക്ക് പ്രതിധ്വനിയുടെ നിയമത്തെ ഓര്‍മ്മിക്കാം.. മറ്റുളളവര്‍ക്ക് പ്രകാശം പകര്ന്നുകൊടുക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment