*ഒളവിലം പാത്തിക്കലിലെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം തീർക്കാൻ തിരക്കിട്ട ശ്രമം*
ന്യൂമാഹി, ചൊക്ളി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഒളവിലം പാത്തിക്കലിലെ പാലാഴിത്തോട്ടിലെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം മഴയ്ക്കുമുൻപേ തീർക്കാൻ തിരക്കിട്ട ശ്രമം. ഈ മാസം പകുതിയോടെ പാലത്തിന്റെ പ്രധാന സ്ലാബിനായി കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനമെന്ന് ചെറുകിട ജലസേചനവകുപ്പ് അസി. എൻജിനീയർ ഐ.കെ.മനുമോഹൻ പറഞ്ഞു. മയ്യഴിപ്പുഴയിൽനിന്ന് കവിയൂർ മേഖലകളിലേക്കുള്ള കായലിലെ പാത്തിക്കൽപ്പാലം പൊളിച്ചുമാറ്റിയാണ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്. കാലവർഷമെത്തുന്ന ജൂണിന് മുൻപായി പാലത്തിന്റെ പണി പൂർത്തിയാക്കാൻ സ്പീക്കർ എ.എൻ.ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തെങ്കിലും അപ്രോച്ച് റോഡുൾപ്പെടെ പാലം പ്രവൃത്തിക്കുശേഷം നിർമിക്കേണ്ടതുണ്ട്. 14 മീറ്റർ നീളത്തിലും രണ്ടരമീറ്റർ വീതിയിലും പൂർണമായും യാന്ത്രികമായി പ്രവർത്തിക്കുന്ന സ്റ്റീൽ ഷട്ടറുകളോടുകൂടിയാണ് റഗുലേറ്റർ സ്ഥാപിക്കുന്നത്. ചൊക്ലി പഞ്ചായത്തിലെ 340 ഹെക്ടറും ന്യൂമാഹി പഞ്ചായത്തിലെ 20 ഹെക്ടറും ഭൂമി ഇതോടെ കൃഷിയോഗ്യമാകും. 2023 നവംബറിൽ ആരംഭിച്ച പ്രവൃത്തി ഒരുവർഷത്തിനകം പൂർത്തിയാക്കാനായിരുന്നു തീരുമാനം
പാലത്തിന്റെ സ്ലാബൊഴികെയുള്ള പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. റഗുലേറ്ററിന്റെയും പാലത്തിന്റെയും തൂണുകളുടെ പ്രവൃത്തി പൂർത്തിയായി. അപ്രോച്ച് റോഡിനായി ഇരുവശങ്ങളിലെയും ഭിത്തി നിർമാണത്തിനായുള്ള പ്രവൃത്തിയും പുരോഗമിക്കുകയാണ്.പാലാഴി തോടിന്റെ സംരക്ഷണപ്രവൃത്തികളും സമാന്തരമായി നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര വേഗമില്ല. മൂന്ന് കിലോമീറ്റർ നീളത്തിൽ പാർശ്വഭിത്തി കെട്ടാനുള്ള പദ്ധതിയിൽ 550 മീറ്റർ പ്രവൃത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്. ബണ്ട് നിർമിച്ച് കരിങ്കല്ല് കെട്ടി രണ്ടര കിലോമീറ്ററിൽ നടപ്പാതയും നിർമിക്കാനുണ്ട്. റഗുലേറ്റർ പ്രവർത്തനസജ്ജമായാൽ ഈ പ്രവൃത്തികൾക്ക് വേഗം കൂട്ടാൻ കഴിയും. കവിയൂരിലെ ബണ്ട് റോഡ് പാർക്ക്, കക്കടവ്-മോന്താൽ ബോട്ട് ജെട്ടികൾ എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് എത്തിച്ചേരാൻ ബൈപ്പാസിനടുത്ത ഈ പാലവും നടപ്പാതയും വഴിയൊരുക്കും. റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഭാഗമായി കൂടുതൽ സൗന്ദര്യവത്കരണ പദ്ധതികൾകൂടി ഭാവിയിൽ അനുവദിക്കാനുമുണ്ട്.
പുഴയിൽനിന്ന് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് തോട്ടിലെ ജലം അണകെട്ടി നിർത്തി പ്രസ്തുതജലം പ്രദേശത്തെ ജനങ്ങളുടെ കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 17.20 കോടി രൂപ ചെലവഴിച്ചാണ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണപ്രവൃത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറേറ്റെടുത്തത്.
Post a Comment