*മോന്താൽ-പാത്തിക്കൽ തീരദേശ റോഡ് ടാറിങ് ഉടൻ*
കരിയാട് : കാൽനടയാത്ര പോലും ദുഷ്കരമായ ഒളവിലം-പാത്തിക്കൽ-മോന്താൽക്കടവ് റോഡിന്റെ നിർമാണ പ്രവൃത്തിക്ക് വേഗംകൂടി. രണ്ടാഴ്ചക്കകം ടാറിങ് പ്രവൃത്തി തുടങ്ങും. ടെൻഡറെടുത്ത് പ്രവൃത്തി തുടങ്ങാതിരുന്ന കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ സ്വീകരിച്ചതോടെയാണ് മഴയ്ക്ക് മുൻപ് റോഡ് പണി പൂർത്തിയാവാനിടയാക്കിയത്.
റീടെൻഡർ നടപടിയിലൂടെ കണ്ണൂരിലെ നിധിൻ പുരുഷോത്തമനാണ് പുതുതായി കരാറേറ്റടുത്തത്. തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ പോകാൻ മടിച്ചിരുന്ന സ്ഥിതിയായിരുന്നു.
സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഇടപെട്ടതിനെ തുടർന്നാണ് റോഡിന്റെ നവീകരണത്തിന് തുറമുഖവകുപ്പ് ഒരു കോടി രൂപ കൂടി അനുവദിച്ചത്. നേരത്തെ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് അര കിലോമീറ്റർ നീളത്തിൽ റോഡുയർത്തി മെക്കാഡം ടാറിങ്ങ് നടത്തിയിരുന്നു.
തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി ഘട്ടംഘട്ടമായി മെക്കാഡം ടാറിങ് നടത്തി റോഡ് സംരക്ഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് 2023 സെപ്റ്റംബർ 17-ന് ഒരു കോടി രൂപ കൂടി അനുവദിച്ചത്. ഫണ്ട് അനുവദിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും റോഡ് പ്രവൃത്തി തുടങ്ങാനായിരുന്നില്ല.
ഒന്നാംഘട്ടം പാത്തിക്കൽ മുതൽ കക്കടവ് ബോട്ട് ജെട്ടി വരെ 500 മീറ്ററിൽ റോഡ് നവീകരിച്ചെങ്കിലും തുടർന്ന് മോന്താൽ കടവ് വരെയുള്ള ഭാഗം ആകെ തകർന്ന് കിടക്കുകയായിരുന്നു. ഒരു കോടി രൂപ ഉപയോഗിച്ച് 900 മീറ്റർ നീളത്തിൽ റോഡുയർത്തി മെക്കാഡം ടാറിങ് നടത്തുന്നതിന് തളിപ്പറമ്പിലെ കെ.പി. ശ്രീകൃഷ്ണനുണ്ണിയാണ് നേരത്തെ കരാറേറ്റെടുത്തത്.
2024 ഡിസംബർ 31-നകം പണി പൂർത്തീകരിക്കുമെന്ന ഉടമ്പടി തെറ്റിച്ചതിനെ തുടർന്നാണ് കരാറുകാരനെതിരെ നടപടി സ്വീകരിച്ചത്. മഴ വന്നാൽ കാൽനട യാത്രക്കാർ പോലും ബുദ്ധിമുട്ടുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടികൾക്ക് വേഗം കൂട്ടിയത്.ജിഎസ്ബി ഇട്ട് റോഡുയർത്തുന്ന പ്രവൃത്തി ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഒരു അട്ടി കൂടി ജിഎസ്ബിയിട്ട് അടുത്താഴ്ച ടാറിങ് പ്രവൃത്തി തുടങ്ങും.2018 മേയ് 18-ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്ത റോഡിൽ പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണിയും നടന്നിരുന്നില്ല. പാത്തിക്കലിലും മോന്താലിലും കക്കടവിലും ബോട്ട്ജെട്ടികൾ നിർമ്മിച്ചതോടെ ട്രെയിൻ കഫേയുടേത് ഉൾപ്പടെ സ്വകാര്യബോട്ടുകൾ ടൂറിസ്റ്റുകൾക്കായി മയ്യഴിപ്പുഴയിലൂടെ സർവീസ് നടത്തുന്നതിനാൽ ദൂരദേശങ്ങളിൽ നിന്നു പോലും കുടുംബങ്ങൾ ഇവിടെ എത്തിച്ചേരുന്നുണ്ട്.
ടർഫ് കോർട്ടിലെത്തുന്നവരും നിരവധിയാണ്. തലശേരി - മാഹി ബൈപ്പാസ് റോഡ് തുറന്നതോടെ മയ്യഴിപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഇവിടെ എത്തുന്നതോടെ വിനോദസഞ്ചാര മേഖലയിൽ വൻ വികസനസാധ്യത നിലനിൽക്കുന്നുമുണ്ട്.
Post a Comment