*അഴീക്കൽ ഫിഷ് ലാൻ്റിംഗ് സെൻ്റർ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണം
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ അഴീക്കൽ ഫിഷ് ലാൻ്റിംഗ് സെൻ്റർ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ കണ്ട് ആവശ്യപ്പെട്ടു. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അഴീക്കൽ ഫിഷ് ലാൻ്റിംഗ് സെൻ്റർ ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് ഫിഷ് ലാൻ്റിംഗ് സെൻ്റർ റോഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖാന്തിരം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് 59 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. എന്നാൽ റോഡ് പണി ഏറ്റെടുത്ത കരാറുകാരന്റെ കെടുകാര്യസ്ഥത മൂലം വർക്ക് പാതിവഴിയിൽ നിർത്തിവയ്ക്കുന്ന നിലയാണ് ഉണ്ടായത്. ഡ്രെയിനേജിന്റെ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ റോഡിന് ഇരുവശവും ഉള്ള വീട്ടുകാരും ദുരിതത്തിലാണ്. നിലവിലെ കരാറുകാരനെ വകുപ്പ് അധികൃതർ ടെർമിനേറ്റ് ചെയ്തിരിക്കുകയാണ്. വീണ്ടും ടെൻഡർ നടപടികൾ സ്വീകരിച്ച് മറ്റൊരു കരാറുകാരനെ പ്രവൃത്തി ഏൽപ്പിച്ചാൽ മാത്രമേ വർക്ക് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ. നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് വർക്ക് അടിയന്തരമായി പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ വി.കെ. മുഹമ്മദ് തമീം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ. ലിൻഡയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടു.

Post a Comment