o മാഹി ബൈപാസ് സർവീസ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ഡ്രൈവർമാർ അങ്കലാപ്പിൽ
Latest News


 

മാഹി ബൈപാസ് സർവീസ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ഡ്രൈവർമാർ അങ്കലാപ്പിൽ

 മാഹി ബൈപാസ് സർവീസ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ഡ്രൈവർമാർ അങ്കലാപ്പിൽ



മാഹി:  മാഹി ബൈപാസ് ഉദ്ഘാടനം കഴിഞ്ഞ് പത്തു മാസം പിന്നിട്ടിട്ടും സർവീസ് റോഡുകളുടെ പ്രവൃത്തി പൂർത്തിയായില്ല.  ഇതു മൂലം ബൈപ്പാസിൽ നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിനുള്ള മാർഗം അറിയാതെ ഡ്രൈവർമാർ അങ്കലാപ്പിൽ. 

ബെപാസിൽ ഏറെ അപകടം നടന്ന ഈസ്റ്റ്പള്ളൂർ ട്രാഫിക് സിഗ്നലിന്റെ വശത്ത് തലശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ പണി ഇതു വരെയും  പൂർത്തിയായിട്ടില്ല. പൊടിമണ്ണും കുഴിയും നിറഞ്ഞ ഈ റോഡ് മൂലം യാത്രക്കാർ മാത്രമല്ല പരിസരവാസികളും ദുരിതത്തിലാണ്. ബെപാസ് ജംഗ്ഷനിലെ സിഗ്നലിൻ്റെ ബാറ്ററി മോഷണം പോയ സമയത്ത് മാഹി -  ചൊക്ലി റോഡ് അടച്ചപ്പോൾ പണിപൂർത്തിയാകാത്ത ഈ സർവീസ് റോഡ് വഴി പോയ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.

         പള്ളൂർ സബ്സ്റ്റേഷന്റെ ഭാഗത്ത് നിന്നും തലശേരി ഭാഗത്തേക്ക് അടിപ്പാത വഴി സർവിസ് റോഡിലേക്ക് പ്രവേശിക്കുന്ന ജങ്ഷനിലെ റോഡു പ്രവൃത്തിയും പൂർത്തിയായില്ല. കസ്തൂർബാ ഗാന്ധി ഗവ. ഹൈ സ്‌കൂളിന്റെ പിൻഭാഗത്ത് വലിയ കുന്നിടിച്ചാണ് റോഡിൻ്റെ പണി നടത്തിയിരുന്നത്. ആ ഭാഗത്തു ള്ള സർവീസ് റോഡും പണി

പൂർത്തിയായിട്ടില്ല. ഈ ഭാഗത്ത് പുതിയ പെട്രോൾ പമ്പ്  വന്നതിനാൽ തലശ്ശേരി ഭാഗത്തേക്ക് മാത്രം പോകുന്ന വാഹനങ്ങൾ സഞ്ചരിക്കേണ്ട ഈ സർവീസ് റോഡിലേക്ക് വാഹനങ്ങൾ തിരിച്ചും മറിച്ചും വരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. രണ്ടു വലിയ വാഹനങ്ങൾ വളരെ കഷ്ടിച്ചാണ് ഇതുവഴി കടന്നുപോകുന്നത്.

          ബെപാസിനു മുകളിലിലൂടെ

 പോകുന്ന മാഹി പള്ളൂർ റോഡിന്റെ താഴെ വെച്ചാണ് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവീസ് റോഡിലൂടെ ബൈപാസിൽ പ്രവേശിക്കുന്നത്. എന്നാൽ സർവീസ് റോഡിൻ്റെ പണിപൂർത്തിയാകാത്തതിനാൽ വലിയ വാഹനങ്ങളടക്കം പല വാഹനങ്ങളും ഇതുവഴി എതിർ ദിശയിലേക്ക് ഇറങ്ങുന്ന

ത് പതിവ്  കാഴ്ച്ചയാണ്. ഇങ്ങനെ വലിയ വാഹനങ്ങൾ ഇറങ്ങിയതിനാൽ റോഡിന് സൈഡിൽ സ്ഥാപിച്ച ഇരുമ്പ് ബാരിക്കേടുകളിൽ പലതും ഒടിഞ്ഞു മടങ്ങി കിടക്കുകയാണ്. ഇവിടെ ഗതാഗത നിയന്ത്രണത്തിനായി പൊലീസോ ക്യാമറയോ ഇല്ലാത്തതിനാൽ ഗതാഗതം ലംഘനം പതിവാണ്. 

            സർവീസ് റോഡുകളുടെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കിയില്ലെങ്കിൽ ഇത്തരത്തിലുള്ള ഗതാഗതലംഘനങ്ങൾ കൂടുകയേ ഉള്ളൂ. സർവീസ് റോഡുകളുടെ പണിപൂർത്തിയായി എങ്കിൽ മാത്രമേ ശരിയായ നിലയിലുള്ള ട്രാഫിക് സംവിധാനത്തെ കൊണ്ടുവരാനും സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം ഗതാഗത നിയമലംഘനവും അശാസ്ത്രീയ ഡ്രൈവിങ്ങും പെരുകി അപകടങ്ങൾ വർദ്ധിക്കാൻ സാധ്യത ഉണ്ട്

Post a Comment

Previous Post Next Post