വൃത്തിഹീനമായ സ്കൂൾ ശൗചാലയവും സ്റ്റോർ റൂമും: ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സമരം നടത്തി
ചാലക്കര : ഉസ്മാൻ ഗവ. ഹൈസ്കൂളിലെ വൃത്തിഹീനമായ ശൗചാലയവും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന കേന്ദ്രവും പരിസരവും ശുചീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ചേർന്ന് സ്കൂൾ ഗെയിറ്റിന് പുറത്ത് സമരം നടത്തി. വിദ്യാർഥികളുടെ ആരോഗ്യ കാര്യത്തിലുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്.
നിലവിലുള്ള കാന്റീൻ പൊളിച്ചു നീക്കി പുതിയത് പണിയുന്നതിനായാണ് ശൗചാലയത്തിനരികിലെ ചെറിയ മുറിയിലേക്ക് പാചകശാല മാറ്റിയത്. ശുചീകരണത്തൊഴിലാളികളുടെ അനാസ്ഥ കാരണമാണ് ശൗചാലയം വൃത്തിഹീനമായിക്കിടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. വൃത്തിഹീനമായ ശൗചാലയത്തിലെ ദുർഗ്ഗന്ധം സഹിച്ച് സമീപത്ത് നിന്ന് വിദ്യാർഥികൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായിട്ടും അധികൃതർ പരിഹാരമുണ്ടാക്കത്തതിനെ തുടർന്നാണ് വിദ്യാർഥി-യുവജന സംഘടനകൾ സമരത്തിന് നിർബ്ബന്ധിക്കപ്പെട്ടത്. സ്കൂളിൻ്റെ പിറകിലൂടെയുള്ള എളുപ്പവഴിയിലെ ഗെയിറ്റ് അടച്ചിട്ടത് തുറക്കണമെന്നും ആവശ്യപ്പെട്ടു.
പ്രശ്നം സ്കൂളിനകത്ത് തന്നെ പരിഹരിക്കാൻ കഴിയാത്ത പ്രഥമാധ്യാപകൻ്റെ അനാസ്ഥക്കെതിരെയും കടുത്ത പ്രതിഷേധമുണ്ടായി. അടിയന്തര പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ശക്തമായ തുടർപ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. ഏരിയ പ്രസിഡൻ്റ് ടി.അഭിരാം അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ടി.കെ. രാഗേഷ്, ടി. ഷർഫറാസ്, കെ.അഭിനന്ദ് എന്നിവർ പ്രസംഗിച്ചു. സമരത്തെ തുടർന്ന് സ്കൂൾ പ്രവർത്തിച്ചില്ല.
Post a Comment