സായാഹ്‌ന വാർത്തകൾ
🔳കോവിഡ് വ്യാപനംമൂലം അടച്ച സ്‌കൂളുകളും കോളജുകളും തുറക്കും. കോളജുകള്‍ ഏഴാം തീയതിയും സ്‌കൂളുകള്‍ 14 നുമാണു തുറക്കുക. ഒമ്പതാം ക്ലാസ് വരെ എല്ലാ ക്ലാസുകളും സജീവമാക്കും. ഞായറാഴ്ചകളില്‍ ലോക് ഡൗണിനു സമാനമായ നിയന്ത്രണം തുടരും. ആരാധനയ്ക്ക് 20 പേര്‍ വരെയാകാം. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താം. ക്ഷേത്ര പരിസരത്ത് 200 പേരെ മാത്രമേ അനുവദിക്കൂ. സി വിഭാഗത്തില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്.
🔳കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. മന്ത്രി നല്‍കിയ നിര്‍ദേശം ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ആകാം. വി സിയുടെ പ്രായപരിധി കണ്ണൂര്‍ സര്‍വകലാശാലാ ചട്ടത്തില്‍ പറയുന്നില്ല. വിസി നിയമനത്തെക്കുറിച്ചുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. അതിനാല്‍ ലോകായുക്ത തീര്‍പ്പാക്കുന്നില്ലെന്നും ഉത്തരവില്‍ പറഞ്ഞു.
🔳ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത മല്‍സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. പറവൂര്‍ മാല്യങ്കര സ്വദേശി സജീവനാണ് ജീവനൊടുക്കിയത്. ബാങ്ക് വായ്പ ലഭിക്കാന്‍ ആധാരത്തില്‍ രേഖപ്പെടുത്തിയ നിലം എന്നത് പുരയിടം എന്നാക്കാന്‍ ശ്രമിച്ച സജീവനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വട്ടംകറക്കി. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, താലൂക്ക് ഓഫീസ്, ഫോര്‍ട്ടുകൊച്ചി ആര്‍ഡിഓ ഓഫീസ് എന്നിവിടങ്ങളിലെല്ലാം പലതവണ കയറിയിറങ്ങി. കഴിഞ്ഞ ദിവസം ആര്‍ഡിഓ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
🔳ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പിനു വീഴ്ചയുണ്ടായോയെന്ന് ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ അന്വേഷിക്കും. ഒരാഴ്ചക്കുള്ളില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
🔳മുപ്പതിനായിരം അപേക്ഷകളില്‍ തീര്‍പ്പാക്കാനുണ്ടെന്നും റവന്യൂ വകുപ്പിനു വീഴ്ചയുണ്ടായിട്ടില്ലെന്നും എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. മരിച്ച സജീവന് ഒക്ടോബറില്‍ ഫീസടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഡിസംബറില്‍ പുതിയ സര്‍ക്കുലര്‍ വന്നു. അതനുസരിച്ചു പുതിയ അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചു. പുതിയ അപേക്ഷ തന്നു. ദിവസേനെ 150 പുതിയ അപേക്ഷകള്‍ വരുന്നുണ്ട്. കളക്ടര്‍ ന്യായീകരിച്ചു.
🔳പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചാല്‍ ഇരട്ട മുല്യനിര്‍ണയം വേണമെന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി ഹയര്‍ സെക്കണ്ടറി പരീക്ഷ മാനുവല്‍ പരിഷ്‌കരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തില്‍ 10 ശതമാനം മാര്‍ക്കിനു താഴെയാണ് ലഭിക്കുന്നതെങ്കില്‍ രണ്ടിന്റെയും ശരാശരിയെടുക്കും. പത്തു ശതമാനത്തിലേറെയുണ്ടെങ്കില്‍ മൂന്നാമതും മൂല്യനിര്‍ണയം നടത്തും. മൂന്നാമത്തേതിലെ സ്‌കോറും ഇരട്ടമൂല്യനിര്‍ണയത്തിലെ സ്‌കോറും താരതമ്യം ചെയ്ത് കൂടുതല്‍ മാര്‍ക്കുള്ളത് അംഗീകരിക്കും. പ്രായോഗിക പരീക്ഷകള്‍ക്കു നിരീക്ഷണ സ്‌ക്വാഡ് രൂപീകരിക്കും. ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപകരുടെ പൂള്‍ രൂപീകരിക്കും. പരീക്ഷക്കു ശേഷം ചോദ്യപേപ്പറും ഉത്തരസൂചികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 2005 ലെ പരീക്ഷ മാനുവലാണ് പരിഷ്‌കരിച്ചതെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
🔳സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനു നിവേദനം നല്‍കി. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മെട്രോമാന്‍ ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
🔳ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ വാദം തെറ്റാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഗവര്‍ണര്‍ക്കു കത്ത് നല്‍കി. ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27-ന് യു.ഡി.എഫ് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിനു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.
🔳മദ്യപാനത്തിനിടെ ഉണ്ടായ വഴക്കിനെത്തുടര്‍ന്ന് തിരുവനന്തപുരം വിഴിഞ്ഞത്തും പത്തനംതിട്ട തിരുവല്ലയിലും രണ്ടു പേരെ തല്ലിക്കൊന്നു. വിഴിഞ്ഞം ഉച്ചക്കടയില്‍ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ പയറ്റുവിള സ്വദേശി സജികുമാറാണ് കൊല്ലപ്പെട്ടത്. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്. തിരുവല്ലയില്‍ തൊഴിലാളി മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫനെ കരാറുകാരായ സുരേഷും ആല്‍ബിനും തല്ലിക്കൊന്നെന്നാണു കേസ്. ഇരുവരും കസ്റ്റഡിയിലാണ്.
🔳മാര്‍ച്ച് 12 നു നടത്താനിരുന്ന നീറ്റ് പീജി പരീക്ഷ മാറ്റിവച്ചു. ആറു മുതല്‍ എട്ടുവരെ ആഴ്ചയ്ക്കുള്ളില്‍ പരീക്ഷ നടത്തും. നീറ്റ് പീജി കൗണ്‍സിലിംഗ്, കോവിഡ് രോഗവ്യാപനം എന്നിവ കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്.
🔳അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ മുക്കാലിയില്‍നിന്നു കൊണ്ടുപോയ പൊലീസ് ജീപ്പില്‍ എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്ന് കുടുംബം. അസ്വസ്ഥതയൊന്നുമില്ലാതെയാണ് മധു ജീപ്പില്‍ കയറിയത്. മുക്കാലിയില്‍നിന്ന് അഗളിയില്‍ എത്താന്‍ അരമണിക്കൂര്‍ മതി. എന്നാല്‍ മധു കയറിയ പോലീസ് ജീപ്പ് ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് എത്തിയത്. ഇത് അന്വേഷിക്കണം. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണിക്കാന്‍ നാല് അഭിഭാഷകരുടെ പട്ടികയും കുടുംബം സര്‍ക്കാരിന് സമര്‍പ്പിച്ചു.
🔳ഇടുക്കി കട്ടപ്പനയില്‍ മധ്യവയസ്‌കനെ കാറിടിച്ചു കൊന്ന സംഭവത്തില്‍ ഒന്നര മാസത്തിനു ശേഷം പ്രതി പിടിയില്‍. ഇടുക്കിയിലെ പ്രകാശ് സ്വദേശി നിഖില്‍ രാജാണ് പിടിയിലായത്. വെള്ളയാംകുടി മുണ്ടന്‍കുന്നേല്‍ കുഞ്ഞുമോനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബന്ധുക്കള്‍ ശേഖരിച്ച് പൊലീസിനു നല്‍കിയിരുന്നു.
🔳കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പരീക്ഷാഭവന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ സംഭവങ്ങള്‍ മൂന്നംഗ സമിതി അന്വേഷിക്കും. രണ്ടാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് വിസിയുടെ നിര്‍ദ്ദേശം. ബിരുദ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താനാണ് പരീക്ഷ ഭവനിലെ സെക്ഷന്‍ ഓഫീസറും അസിസ്റ്റന്റും ബിരുദ വിദ്യാര്‍ത്ഥിയില്‍നിന്ന് കൈക്കൂലി വാങ്ങിയത്.
🔳മാവോയിസ്റ്റു സാന്നിധ്യം പല തവണ റിപ്പോര്‍ട്ടു ചെയ്ത താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സ്റ്റേഷനുകള്‍ക്കു ചുറ്റും സുരക്ഷ പോസ്റ്റുകള്‍ സ്ഥാപിക്കും. ചുറ്റുമതിലില്‍ ഉയരത്തില്‍ മുള്ളുവേലികള്‍ സ്ഥാപിക്കുകയും ചെയ്യും.
🔳കൂറ്റമ്പാറയില്‍നിന്ന് രണ്ടു ക്വിന്റല്‍ കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ ഗൂഡല്ലൂര്‍ സ്വദേശികളായ രണ്ടു പേര്‍ കൂടി പിടിയില്‍. ഗൂഡല്ലൂര്‍ ചെമ്പാല സ്വദേശി ശിഹാബുദ്ദീന്‍ (35), ഷാഫി എന്ന ഷാഫിര്‍ അഹമ്മദ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
🔳തന്നെ കുറ്റമുക്തയാക്കിയ ലോകായുക്ത വിധിക്കു പിറകേ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് മന്ത്രി ആര്‍ ബിന്ദു. കാള പെറ്റെന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന രീതി ശരിയല്ല. രണ്ടു മാസമായി പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് ആക്രമിച്ചെന്നു മന്ത്രി കുറ്റപ്പെടുത്തി. ചെന്നിത്തലയ്ക്ക് വലിയ രാഷ്ട്രീയ പാരമ്പര്യമുണ്ട്. എന്നാല്‍ ഇങ്ങനെ നിലപാടെടുക്കാന്‍ കാരണം പ്രതിപക്ഷ നേതൃസ്ഥാനം പോയതിന്റെ ഇച്ഛാഭംഗമാണോയെന്നും ബിന്ദു പരിഹസിച്ചു.
🔳മന്ത്രി ആര്‍ ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയില്ലെന്ന ലോകായുക്ത വിധി യുക്തി ഭദ്രമല്ലെന്നും ഉന്നയിച്ച വാദങ്ങളില്‍ ഉറച്ച നില്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല. അധികാര ദുര്‍വിനിയോഗം വ്യക്തമാണെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.
🔳മൂവാറ്റുപുഴയില്‍നിന്ന് അനധികൃതമായി മണല്‍വാരിയതിന് സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റിലായി. ഉദയനാപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കുമാറാണ് പിടിയിലായത്. മണല്‍ വാരുകയായിരുന്ന സുഹൃത്തുക്കളെ സഹായിക്കാനെത്തിയതാണ് സുനില്‍കുമാര്‍. പ്രതികളെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു.
🔳ആലപ്പുഴ ബൈപ്പാസിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് വളവുകളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കും. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ ക്യാമറകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കും. ബൈപ്പാസ് തുറന്ന് ഒരുവര്‍ഷമായപ്പോഴേക്കും നാല്‍പതിലേറെ അപകടങ്ങളാണ് ഉണ്ടായത്.
🔳പൊതുമരാമത്ത് വകുപ്പിലെ അറ്റകുറ്റപ്പണികള്‍ പരിശോധിക്കാന്‍ വിജിലന്‍സ് വിഭാഗം ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. വാഹനങ്ങള്‍ അനുവദിക്കും. അറ്റകുറ്റപണികള്‍ക്കുള്ള ഫണ്ടിനെക്കുറിച്ചുള്ള പരാതികള്‍ വിജിലന്‍സ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
🔳ഹജ്ജ് യാത്രയ്ക്കുള്ള വിമാന സര്‍വീസ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഉണ്ടാകില്ല. നെടുമ്പാശേരിയില്‍നിന്നു മാത്രമേ വിമാനസര്‍വീസുണ്ടാകൂ. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു. വിമാന ദുരന്തശേഷം വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരില്‍ 80 ശതമാനവും മലബാറില്‍നിന്നാണ്.
🔳തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടകളുടെ അക്രമത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. മുണ്ടയ്ക്കല്‍ പണിക്കന്‍ വിള സ്വദേശികളായ സുധി (30) കിച്ചു (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
🔳കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സി -കാറ്റഗറി ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുളള ഹര്‍ജി തിങ്കളാഴ്ചത്തേക്കു മാറ്റി. തീരുമാനങ്ങള്‍ പുനപരിശോധിക്കാനുള്ള യോഗം ഇന്നു ചേരുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജി മാറ്റാന്‍ കോടതി തീരുമാനിച്ചത്.
🔳പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തെ ഇന്നു വാര്‍ഡിലേക്ക് മാറ്റും. ഓര്‍മ്മശക്തിയും സംസാരശേഷിയും വീണ്ടെടുത്തിട്ടുണ്ട്.
🔳പരവൂരില്‍ നാലാം ക്ലാസുകാരിയ്ക്കു ട്യൂഷന്‍ ടീച്ചറുടെ മര്‍ദനം. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് അയല്‍വാസിയായ അധ്യാപിക കുട്ടിയുടെ പിന്‍കാലും തുടയും ചൂരലു കൊണ്ട് അടിച്ചുപൊട്ടിച്ചത്. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കി. പഠിക്കാനെത്തുന്ന മറ്റു കുട്ടികളെക്കൊണ്ടും ടീച്ചര്‍ തല്ലിക്കുമായിരുന്നെന്നു കുട്ടി പറഞ്ഞു.
🔳എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഐഎമ്മില്‍ ചേരും. ഇന്നു നാലിന് എകെജി സെന്ററില്‍ എത്തി നേതാക്കളെ കാണും.
🔳ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ വാഹനമായ നെപ്പോളിയന്റെ അനധികൃതമായ മുഴുവന്‍ രൂപമാറ്റങ്ങളും നീക്കണമെന്ന് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായ മാറ്റങ്ങള്‍ ചെയ്ത വര്‍ക് ഷോപ്പില്‍ കൊണ്ടുപോയി മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ നീക്കണമെന്നാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഉടമയുടെ ചെലവില്‍ വാഹനം നിയമാനുസൃതമാക്കിയശേഷം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കണം. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ടും സമര്‍പ്പിക്കണം.
🔳പൂനെയില്‍ ലോണ്‍ ആപ്പില്‍ കുടുങ്ങി ആത്മഹത്യചെയ്ത മലയാളിയായ 22 കാരന് നീതി തേടി കുടുംബം. പൂനെ പൊലീസ് കേസ് അന്വേഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് ആവശ്യം. വായ്പയെടുത്ത 8,000 രൂപയുടെ തിരിച്ചടവ് വൈകിയതിന് ആപ് അധികൃതര്‍ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിലായിരുന്നു അനുഗ്രഹ് ജീവനൊടുക്കിയത്.
🔳പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൂനെ യര്‍വാദ ശാസ്ത്രി നഗറിലാണ് സംഭവം. ആറു മൃതദേഹങ്ങള്‍ പുറത്തെടുത്തു.
🔳പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുടെ സഹോദരിയുടെ മകന്‍ അറസ്റ്റില്‍. ഭൂപീന്ദന്‍ സിങ് ഹണിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. അനധികൃത മണല്‍ ഖനന കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇഡി നടത്തിയ റെയിഡില്‍ പത്തു കോടി രൂപ കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെട്ടിരുന്നു. ഭൂപിന്ദര്‍ സിങിന്റെ വസതിയില്‍ നിന്ന് ഏട്ടരകോടിയും പങ്കാളിയായ സന്ദീപ് കുമാറിന്റെ വസതിയില്‍ നിന്ന് രണ്ടു കോടി രൂപയും പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.
🔳അസാദുദ്ദീന്‍ ഒവൈസിക്ക് സെഡ് കാറ്റഗറി സുരക്ഷ. കഴിഞ്ഞ ദിവസം എ.ഐ.എം.ഐ.എം. നേതാവ് ഒവൈസിക്കുനേരെ വെടിവയ്പ്പുണ്ടായതിനാലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് സുരക്ഷ ഏര്‍പ്പാടാക്കിയത്.
🔳ഏകീകൃത സിവില്‍ നിയമത്തിനായുള്ള സ്വകാര്യ ബില്‍ പരിഗണിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി. സിപിഎം എംപിമാര്‍ എതിര്‍ത്തതോടെയാണ് ബില്‍ മാറ്റിവച്ചത്. രാജസ്ഥാനില്‍ നിന്നുള്ള സ്വതന്ത്ര അംഗം കിരോഡി ലാല്‍ മീണയാണ് ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിന്റെ എളമരം കരീം കത്തു നല്‍കിയത്.
🔳പാകിസ്ഥാന്റെ രണ്ടു സൈനിക ക്യാംപുകളിലെ നൂറിലേറെ സൈനികരെ വകവരുത്തിയെന്ന് തീവ്രവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. പാഞ്ചഗൂര്‍, നുഷ്‌കി മേഖലയിലെ പാക് സൈനിക ക്യാംപുകള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു.
🔳അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കുമെന്ന് നാസ.
🔳ഇരുപത്തിനാലാമത് ശീതകാല ഒളിംപിക്‌സിന് ചൈനയില്‍ ഇന്നു തുടക്കം. ബെയ്ജിംഗിലെ ഇരുപത്താറ് വേദികളിലാണ് മത്സരങ്ങള്‍. വൈകീട്ട് 5.30 നാണ് ഉദ്ഘാടനച്ചങ്ങ്. ഉദ്ഘാടന- സമാപനച്ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ചയാളെ ദീപശിഖാവാഹകനാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ ബഹിഷ്‌കരണം.
🔳കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് കരുത്തരായ റയല്‍ മഡ്രിഡ് പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്ലറ്റിക്ക് ബില്‍ബാവോയാണ് റയലിനെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കിന്റെ വിജയം. വലന്‍സിയ, റയോ വയ്യെക്കാനോ, റയല്‍ ബെറ്റിസ് എന്നീ ടീമുകള്‍ നേരത്തേ സെമിയിലെത്തിയിട്ടുണ്ട്. ഇത്തവണ വമ്പന്‍ ടീമുകളൊന്നും തന്നെ സെമിയില്‍ ഇടം നേടിയില്ല.
🔳പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന കമ്പനിയായ ഹീറോ ഇലക്ട്രിക്ക് വേഗത്തിലും തടസരഹിതവുമായി റീട്ടെയില്‍ വായ്പ ലഭ്യമാക്കാനായി ആക്‌സിസ് ബാങ്കുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഹീറോ ഇലക്ട്രിക്കിന്റെ 750ലധികം വരുന്ന ഡീലര്‍മാരില്‍ നിന്ന് ഉപഭോക്താവിന് ഇരുചക്രവാഹന വായ്പ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ഇഷ്ടാനുസൃതമാക്കിയ വായ്പ തുകയും കാലാവധിയും ആക്‌സിസ് ബാങ്ക് ലഭ്യമാക്കുന്നു.
🔳2021-22 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകെ വിറ്റുവരവ് 3435 കോടി രൂപ ആയി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 2936 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്. മൂന്നാം പാദത്തില്‍ ഏണിംഗ്സ് ബിഫോര്‍ ഇന്ററസ്റ്റ്, ടാക്സ്, ഡിപ്രീസിയേഷന്‍ ആന്‍ഡ് അമോര്‍ട്ടൈസേഷന്‍ 299 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 288 കോടി രൂപയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്നുള്ള വിറ്റ് വരവ് 2497 കോടി രൂപയില്‍ നിന്ന് മൂന്നാം പാദത്തില്‍ 15 ശതമാനം വളര്‍ന്ന് 2880 കോടി രൂപയായി.
🔳രാജ്പുത് വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാല്‍ ബോളിവുഡ് ചിത്രം പൃഥ്വിരാജിന്റെ റിലീസ് നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണി സേന. അലഹബാദ് കോടതിയിലാണ് ഇത് സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയുമായി കര്‍ണി സേന എത്തിയിട്ടുള്ളത്. അക്ഷയ് കുമാറും മാനുഷി ഛില്ലാറുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത്. ചരിത്രപുരുഷനും ഹിന്ദു രാജാവുമായിരുന്ന അപഹേളിക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കര്‍ണി സേന ആരോപിക്കുന്നു. ചിത്രത്തിലെ നായികയായ മാനുഷി ഛില്ലാറിന്റെ വസ്ത്രധാരണത്തേക്കുറിച്ചും രൂക്ഷമായ വിമര്‍ശനമാണ് പരാതിയില്‍ ഉന്നയിക്കുന്നത്.
🔳ആസിഫ് അലി നായകനാകുന്ന ചിത്രമാണ് 'കൊത്ത്'. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. നിഖില വിമലാണ് ചിത്രത്തില്‍ നായിക. റോഷന്‍ മാത്യു, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി, അനു മോഹന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. രാഷ്ട്രീയ കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. കൈലാസ് മേനോന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
🔳ഫെയ്സ്ലിഫ്റ്റ് ചെയ്ത ക്യു7 എസ്യുവിയെ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. അപ്‌ഡേറ്റ് ചെയ്ത ക്യൂ7ന്റെ പ്രാരംഭ വില അടിസ്ഥാന പ്രീമിയം പ്ലസിന് 79.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ടെക്‌നോളജി വേരിയന്റിന് 88.33 ലക്ഷം രൂപ വരെ ഉയരുന്നു. രണ്ട് വിലകളും രാജ്യത്തെ എക്‌സ്-ഷോറൂം, വിലകളാണ്. പൂര്‍ണ്ണമായും നവീകരിച്ച ഇന്റീരിയര്‍ ആണ് പ്രധാന പ്രത്യേകത. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ഈ എസ്യുവി എത്തുന്നത് എന്നതും പ്രത്യേകതയാണ്.
🔳വടക്കന്‍ കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ കയരളത്തിന്റെ അഭിമാനോജ്വലമായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വീരേതിഹാസം സത്യസന്ധമായി ആവിഷ്‌കരിക്കുന്ന നോവല്‍. 'വടക്കന്‍ കാറ്റ്'. ചന്ദ്രശേഖരന്‍ തിക്കോടി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 328 രൂപ.
🔳ഇന്ന് ലോക കാന്‍സര്‍ ദിനം. അനാരോഗ്യകരമായ ജീവിതശൈലിയാണ് പലപ്പോഴും ക്യാന്‍സറിന് കാരണമാകുന്നത്. ഏതുതരം ക്യാന്‍സറിനും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ഇതിനൊപ്പം തന്നെ ചിട്ടയായ വ്യായാമവും ജീവിതശൈലിയും മാനസികാരോഗ്യവും എല്ലാം ക്യാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സസ്യാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് ഏറെ പ്രധാനം. പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങളാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഘടകം. അതിനാല്‍ ചീര, കാബേജ്, കോളിഫ്ലവര്‍, ബ്രോക്കോളി, ക്യാരറ്റ്, തക്കാളി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്സ് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. ചുവന്ന മാംസത്തിന്റെ അമിതോപയോഗം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ അവയുടെ ഉപയോഗം കുറയ്ക്കുക. കൊഴുപ്പിന്റെയും പ്രിസര്‍വേറ്റീവുകളുടെയും അജിനോമോട്ടോയുടെയും അമിത ഉപയോഗം ശരീരത്തിന് ദോഷകരമാണ്. കൂടാതെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കാം. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 74.72, പൗണ്ട് - 101.51, യൂറോ - 85.61, സ്വിസ് ഫ്രാങ്ക് - 81.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.17, ബഹറിന്‍ ദിനാര്‍ - 198.19, കുവൈത്ത് ദിനാര്‍ -247.17, ഒമാനി റിയാല്‍ - 194.07, സൗദി റിയാല്‍ - 19.92, യു.എ.ഇ ദിര്‍ഹം - 20.34, ഖത്തര്‍ റിയാല്‍ - 20.52, കനേഡിയന്‍ ഡോളര്‍ - 58.86.
➖➖➖➖➖➖➖➖
Post a Comment