കണ്ണൂരിൽ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവം; പ്രതി പിടിയിൽ
കണ്ണൂരിൽ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അസം സ്വദേശി മഹിബുൾ ഹക്കാണ് അറസ്റ്റിലായത്. അസമിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ഒരാൾ കൂടി പിടിയിലാകേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.
വാരം എളയാവൂരിൽ തനിച്ച് താമസിക്കുകയായിരുന്ന പി കെ ആയിഷയെയാണ് കവർച്ചാ സംഘം ആക്രമിച്ചത്. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങളും പറിച്ചെടുത്തിരുന്നു. കാതുകളിൽ നിന്ന് സ്വർണം എടുക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ ആയിഷ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
വീടിന് അടുത്തൊന്നും സിസിടിവി ഇല്ലായെന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. എന്നാൽ ഇവരുടെ വീടിന് അകലെ മാറിയുള്ള സിസിടിവിയിൽ പ്രതികളുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
പുലർച്ചെ നമസ്കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടർ ഓണാക്കിയിട്ടും വെള്ളം കിട്ടാത്തതോടെ വീടിന് പുറത്തിറങ്ങി. ഈ സമയത്താണ് കവർച്ചാ സംഘം ആക്രമിച്ചത്.
Post a Comment