o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 *സായാഹ്‌ന വാർത്തകൾ*



🔳കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്കണമെന്ന് കോടതി ഉത്തരവിട്ടു. മാര്‍ഗരേഖ തയ്യാറാക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി.


🔳കൊവിഡ് വാക്സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് കൊവിഷീല്‍ഡ് ഡോസുകള്‍ക്കിടെ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. 84 ദിവസത്തെ ഇടവേള കുറയ്ക്കണം എന്ന കിറ്റെക്സിന്റെ ആവശ്യത്തെ എതിര്‍ത്താണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇളവ് നല്‍കാനാവുക. അടിയന്തര സാഹചര്യം കണക്കിലെടുത്തായിരുന്നു ഈ ഇളവ് എന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.



🔳സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്‌സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



🔳പെന്‍ഷന്‍ പ്രായം 57 ആക്കണം എന്ന് ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ. എയ്ഡഡ് നിയമനത്തില്‍ ഇടപെടല്‍ വേണമെന്നും ശുപാര്‍ശയുണ്ട്. എയ്ഡഡ് സ്‌കൂള്‍ നിയമനത്തില്‍ റിക്രൂട്മെന്റ് ബോര്‍ഡ് ഉണ്ടാക്കണം. മാനേജ്മെന്റുകള്‍ക് ഉള്ള പൂര്‍ണ്ണ അധികാരം മാറ്റണം. ബോര്‍ഡില്‍ മാനേജ്മെന്റ് പ്രതിനിധിയും ആവാം എന്നും ശുപാര്‍ശയില്‍ പറയുന്നു. റിക്രൂട്മെന്റ് ബോര്‍ഡ് നിലവില്‍ വരും വരെ നിയമനം നിരീക്ഷിക്കാന്‍ ഓംബുഡ്സ്മാനെ വെക്കണം. എയ്ഡഡ് നിയമനം സുതാര്യമാക്കണം. ഒഴിവുകള്‍ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം. വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകര്‍ത്തണം. നിയമനത്തിലെ പരാതി പരിശോധിക്കാന്‍ ഓംബുഡ്സ്മാന്‍ ഉണ്ടാക്കണം. ഇതിനായി നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നും മോഹന്‍ദാസ് കമ്മീഷന്റെ അന്തിമറിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.


🔳ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും കേരളത്തിനെ പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം, പക്ഷേ ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണം. അതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി പരാമര്‍ശിച്ചു.


🔳കേരളാ പൊലീസിനെതിരെ രൂക്ഷ വിര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീകളോടും കുഞ്ഞുങ്ങളോടും വരെ പൊലീസ് അപമര്യാദയായി പെരുമാറുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ എത്ര സ്ത്രീകള്‍ നല്‍കിയ പരാതികളാണ് കെട്ടിക്കിടക്കുന്നതെന്ന് അന്വേഷിക്കണം. ഓരോ ജില്ലകളിലും പൊലീസിന് പെറ്റി ഈടാക്കാന്‍ ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണ്. ടാര്‍ഗറ്റ് തികയ്ക്കാന്‍ പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്നും പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.


🔳സംസ്ഥാന നേതൃത്വവുമായി സമവായത്തിനില്ലെന്ന സൂചന നല്‍കി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. കെ സുധാകരനും വിഡി സതീശനും അടങ്ങിയ പുതിയ നേതൃത്വത്തിനെതിരെ വീണ്ടും പരസ്യ വിമര്‍ശനമുന്നയിച്ച് രമേശ് ചെന്നിത്തലയും കെസി ജോസഫും രംഗത്തെത്തി. കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും കോണ്‍ഗ്രസില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്നും ഞങ്ങള്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അച്ചടക്കത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് പലരും പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും സതീശനേയും സുധാകരനേയും ഉന്നം വച്ച് ചെന്നിത്തല വിമര്‍ശിച്ചു. തന്നോട് കാര്യങ്ങള്‍ ആലോചിക്കണമെന്നില്ല. താന്‍ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ ചാണ്ടി അങ്ങനെയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


🔳ഉമ്മന്‍ചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ബോധപൂര്‍വമായ ആക്രമണമുണ്ടായെന്ന് കെ.സി.ജോസഫ്. പണം കൊടുത്ത് ചിലരുടെ ഏജന്റ്മാര്‍ നടത്തിയ ആക്രമണമാണിതെന്നും ശത്രുക്കളുടെ ഭാഗത്തുനിന്നല്ല ഇത് ഉണ്ടായതെന്നും ഇതിനെ എതിര്‍ക്കാന്‍ പാര്‍ട്ടി മുന്നോട്ടു വന്നില്ലായെന്നും കെ.സി.ജോസഫ് പറഞ്ഞു. ആക്രമണം നടത്തിയിട്ടും ആര്‍ക്കും എതിരെ വിശദീകരണം പോലും ചോദിച്ചില്ലെന്നും കെസി ജോസഫ് കുറ്റപ്പെടുത്തി. മികച്ച പ്രവര്‍ത്തനം നടത്തിയെങ്കിലും മെയ് രണ്ട് കഴിഞ്ഞപ്പോള്‍ ചെന്നിത്തല പലര്‍ക്കും ആരുമല്ലാതായെന്നും കെസി ജോസഫ് വിമര്‍ശിച്ചു.


🔳ഡിസിസി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെപിസിസി പുനഃ സംഘടനയില്‍ ഈ ആഴ്ച വിശദമായ ചര്‍ച്ച നടത്തും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ചര്‍ച്ച നടത്തും. യുഡിഎഫ് യോഗത്തിലും ഇരുവരും പങ്കെടുത്തേക്കുമെന്നാണ് വിവരം.


🔳അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തന വീഴ്ച അന്വേഷിച്ച സി.പി.എം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍മന്ത്രി ജി. സുധാകരന് പ്രവര്‍ത്തന വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. അമ്പലപ്പുഴയിലെ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തില്ല എന്ന ആക്ഷേപം നേരിട്ട ജി. സുധാകരന് എതിരെയാണ് സി.പി.എം സംസ്ഥാനസമിതി രണ്ടംഗ സമിതിയെ നിയോഗിച്ചത്.


🔳ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണും യുഡിഎഫ് കൗണ്‍സിലര്‍മാരും കൊവിഡ് കാലത്ത് ഊട്ടിയില്‍ വിനോദയാത്ര പോയത് വിവാദത്തില്‍. യാത്ര കഴിഞ്ഞ് മടങ്ങിവന്ന ശേഷം ക്വാറന്റീന്‍ ചട്ടം പാലിച്ചില്ലെന്ന് ആക്ഷേപിച്ച് ബിജെപി ഉപരോധ സമരം നടത്തി. അതേസമയം, എല്ലാ നിയമങ്ങളും പാലിച്ചാണ് യാത്ര നടത്തിയതെന്നാണ് നഗരസഭാ ചെയര്‍പേഴ്സന്റെ നിലപാട്.


🔳സ്വന്തം ജീവിതം അപകടത്തിലാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫേസ്ബുക്കിലാണ് സനല്‍ കുമാര്‍ ശശിധരന്‍ ഇക്കാര്യം പങ്കുവെച്ചത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച്ച ഫിലിം ഫോറത്തില്‍ അന്വേഷണം നടത്തണമെന്നും സനല്‍ പറയുന്നു. സനല്‍ കുമാര്‍ ശശിധരന്‍ കാഴ്ച്ച ഫോറത്തിലെ മുന്‍ അംഗമായിരുന്നു. കാഴ്ച്ചയുടെ ഓഫിസില്‍ അനാശ്യാസ്യപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും സനല്‍ ആരോപിച്ചു.


🔳ഡല്‍ഹി നിയമസഭാ മന്ദിരത്തിനുള്ളില്‍ തുരങ്കം കണ്ടെത്തി. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് വിവരം.


🔳അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാന്‍ തയ്യാറെടുക്കുന്നതിനിടെ താലിബാന്‍ തീവ്രവാദികള്‍ പഞ്ച്ഷിര്‍ താഴ്‌വരയില്‍ ആക്രമണം നടത്തി. താലിബാന്‍ പഞ്ച്ഷിറിലേക്ക് കടന്നതായും ഷുതാര്‍ ജില്ല പിടിച്ചെടുത്തതായും വടക്കന്‍ സഖ്യത്തിന് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കിയതായും അവകാശപ്പെട്ടു. എന്നാല്‍, 350 താലിബാന്‍ തീവ്രവാദികളെ വധിച്ചതായും 40 ഓളം പേരെ  തടവിലാക്കിയതായും വടക്കന്‍ സഖ്യം ട്വിറ്ററിലൂടെ അവകാശപ്പെട്ടു.


🔳കശ്മീര്‍ വിഷയത്തില്‍ നിലപാട് മാറ്റി താലിബാന്‍. കശ്മീരിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീദ് പറഞ്ഞത്. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടുന്നില്ലുന്നുമായിരുന്നു താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.


🔳അഫ്ഗാനിസ്താന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്. ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകും. ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് പറഞ്ഞു.


🔳അമേരിക്കയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റില്‍ മരണം 45 കടന്നു. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.


🔳ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യക്കിന്ന് രണ്ട് മെഡല്‍. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3P SH1 വിഭാഗത്തില്‍ അവനിലേഖര വെങ്കലം നേടി. ഈ ഗെയിംസില്‍ അവനിലേഖരയുടെ രണ്ടാം മെഡലാണിത്. ഒരു പാരാലിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടത്തിലെത്തി ഇതോടെ അവനിലേഖര. നേരത്തെ പുരുഷവിഭാഗം ഹൈജംപ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാര്‍ വെള്ളി നേടിയിരുന്നു. 2.07 മീറ്റര്‍ ഉയരം ചാടികടന്നാണ് പ്രവീണ്‍ വെള്ളി ഉറപ്പിച്ചത്. ഏഷ്യന്‍ റെക്കോഡാണിത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി.


🔳ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാറൗണ്ടില്‍ സ്‌പെയ്‌ന് തോല്‍വി. സ്വീഡന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്‍ ലോക ചാമ്പ്യന്‍മാരെ ഞെട്ടിച്ചു. അതേസമയം ജര്‍മനി എതിരില്ലാത്ത രണ്ട് ഗോളിന് ലീച്ചന്‍സ്റ്റെയ്നെയും പോളണ്ട് ഒന്നിനെതിരെ നാല് ഗോളിന് അല്‍ബേനിയയെയും വടക്കന്‍ അയര്‍ലന്‍ഡ് ഒന്നിനെതിരെ നാല് ഗോളിന് ലിത്വാനിയയെയും തോല്‍പിച്ചു.

ഇംഗ്ലണ്ട് എതിരില്ലാത്ത നാല് ഗോളിന് ഹംഗറിയെ തകര്‍ത്തപ്പോള്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ ബള്‍ഗേറിയ സമനിലയില്‍ തളച്ചു. ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയം രണ്ടിനെതിരെ അഞ്ച് ഗോളിന് എസ്റ്റോണിയയെയും തോല്‍പിച്ചു.


🔳തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് നാലാം ജയം. അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോല്‍പിച്ചു. അതേസമയം തോല്‍വിയറിയാതെ കുതിക്കുന്ന ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം ജയം സ്വന്തമാക്കി. ബ്രസീല്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചത്.


🔳സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയില്‍ പുതുതായി ചേര്‍ന്നവരുടെ എണ്ണം എട്ട് ലക്ഷം കടന്നു. 7,99,428 വരിക്കാരാണ് എസ്ബിഐയിലൂടെ മാത്രം ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായത്. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലായി ഇതുവരെ 3.30 കോടി ജനങ്ങളാണ് അടല്‍ പെന്‍ഷന്‍ യോജനയുടെ ഭാഗമായിട്ടുള്ളത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസം ഇതില്‍ അംഗങ്ങളായവര്‍ 28 ലക്ഷത്തിലധികം പേരാണ്.


🔳ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത ഉല്‍പ്പന്ന കയറ്റുമതി ഓഗസ്റ്റില്‍ 45.17 ശതമാനം വര്‍ധിച്ച് 33.14 ബില്യണ്‍ ഡോളറിലെത്തി. വിദേശ വിപണികളില്‍ നിന്നുളള ആവശ്യകത ശക്തമായി തുടരുന്നതാണ് കയറ്റുമതി ഉയരാന്‍ കാരണം. എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ ഉയര്‍ന്ന ഡിമാന്‍ഡാണ് കയറ്റുമതി വര്‍ധനയ്ക്ക് സഹായകരമായത്. ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 163.67 ബില്യണ്‍ ഡോളറായിരുന്നു, പോയ വര്‍ഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 66.92 ശതമാനം വര്‍ധന. നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ 400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യത്തിന്റെ 41 ശതമാനം ഇക്കാലയളില്‍ കൈവരിക്കാന്‍ രാജ്യത്തിനായി. വ്യാപാര ഇറക്കുമതി ഓഗസ്റ്റില്‍ 51.5 ശതമാനം ഉയര്‍ന്ന് 47.01 ബില്യണ്‍ ഡോളറിന്റേതായി.


🔳അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാല്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരു ക്കുന്നത് അനൂപ് മേനോന്‍ ആണ്.ടൈം ആഡ്‌സ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ പി.എ സെബാസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ഭാഗമാണ്.


🔳വാരിയംകുന്നന്‍' രണ്ട് ഭാഗങ്ങളിലായി പുറത്തിറക്കുമെന്ന് നിര്‍മാതാക്കളായ കോമ്പസ് മൂവീസ്. പ്രൊജക്ടില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറിയതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ വിശദീകരണം നല്‍കിയത്. വാരിയംകുന്നന്‍ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി സിനിമ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോമ്പസ് മൂവീസ് എം.ഡി സിക്കന്തര്‍ അറിയിച്ചു.


🔳ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ ഇന്ത്യ വില വര്‍ദ്ധനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പോളോ, വെന്റോ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം മുതല്‍ പോളോ ഹാച്ച്ബാക്കിനും വെന്റോ സെഡാനും യഥാക്രമം 3 ശതമാനം മുതല്‍ 2 ശതമാനം വരെ വില വര്‍ധിക്കും. പോളോയുടെ ജിടി വേരിയന്റിന് വില വര്‍ധന ബാധകമല്ലെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post