o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 *സായാഹ്‌ന വാർത്തകൾ*



🔳ജഡ്ജിമാരില്‍ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുമ്പോള്‍ എല്ലാ മേഖലയിലും 50 ശതമാനം വനിത പ്രാതിനിധ്യത്തിനായി ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. സുപ്രീംകോടതിയില്‍ 11 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനേ സാധിച്ചുള്ളു എന്നും അദ്ദേഹം പറഞ്ഞു. വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികള്‍ തുടരുമെന്നും ജഡ്ജിമാരുടെ നിയമനത്തിനുള്ള തീരുമാനങ്ങള്‍ ഒരു ടീം വര്‍ക്കാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.


🔳കൊവിഡ് പ്രതിവാര അവലോകനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളില്‍ പ്രസിഡന്റുമാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും പരിഗണിക്കും. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിനെക്കുറിച്ചുള്ള കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലെ ആശങ്ക സുപ്രീംകോടതി പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിക്കുന്നതുള്‍പ്പടെ കൂടുതല്‍ ഇളവുകളിലേക്ക് ഇപ്പോള്‍ പോകാനുള്ള സാധ്യത കുറവാണ്.


🔳കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ശ്രിലങ്കന്‍ സ്വദേശികളടങ്ങുന്ന സംഘം കേരള തീരത്ത് എത്താന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരപ്രദേശത്ത് പരിശോധന ശക്തമാക്കി. കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്.


🔳കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങുണ്ടെന്ന ആനിരാജയുടെ പരാമര്‍ശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ സിപിഐക്ക് അത്തരമൊരു അഭിപ്രായമില്ലെന്ന് കാനം പറഞ്ഞു. സംസ്ഥാനത്തെ നേതൃത്വത്തോട് ആലോചിച്ച് മാത്രമേ അതാത് സംസ്ഥാനങ്ങളിലെ വിഷയങ്ങളില്‍ അഭിപ്രായം പറയാവു എന്നാണ് പാര്‍ട്ടി തീരുമാനം. അത് ലംഘിക്കപ്പെട്ടെന്നത് കേരള ഘടകം ദില്ലിയില്‍ ആരംഭിച്ച ദേശീയ നിര്‍വാഹക സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വിഷയത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന നേതൃത്വം ആനിരാജയക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു.  


🔳സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും അഴിമതിയും മറച്ചു വയ്ക്കാന്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരുപോലെ സംഘപരിവാറിനുമേല്‍ കുതിര കയറുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. കേരള പോലീസിനെതിരെ സിപിഐ നേതാവ് ആനി രാജയും ചോദ്യ പേപ്പര്‍ വിവാദത്തില്‍ മുസ്ലിംലീഗിന്റേയും പ്രതികരണങ്ങളെ സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.



🔳കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള്‍ തുറക്കും. ഇതിന് നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.


🔳ഡിസിസി പുനസംഘടനയില്‍ കലാപം തുടരുന്നതിനിടെ കെ സി വേണുഗോപാലിനെതിരെ എ ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിലേക്ക്. പട്ടികയെ ചൊല്ലിയുള്ള പരസ്യപ്പോര് തുടരുന്നതിനിടെയാണ് വേണുഗോപാലിന് എതിരെയുള്ള എ ഐ ഗ്രൂപ്പുകളുടെ പുതിയ നീക്കം. ഗ്രൂപ്പല്ല പ്രധാനമെന്ന് പറഞ്ഞ് അച്ചടക്കത്തിന്റെ വാളോങ്ങുന്ന വേണുഗോപാല്‍ സ്വയം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.


🔳അച്ചടക്ക ലംഘനം നടത്തിയില്ലെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും കെ പി അനില്‍കുമാര്‍. ഡിസിസി പട്ടികയ്ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചതിനാണ് അനില്‍കുമാറിനെ സസ്പെന്റ് ചെയ്തത്. എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് വിലക്കുണ്ടായിരുന്നില്ലെന്നും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയെന്നും അനില്‍കുമാര്‍ പറഞ്ഞു.


🔳കോണ്‍ഗ്രസ് പുറത്താക്കിയവര്‍ തിരികെ വരേണ്ടെന്നും അവര്‍ വേസ്റ്റാണെന്നും കെ മുരളീധരന്‍. മാര്‍കിസ്റ്റ് പാര്‍ട്ടി വേസ്റ്റ് ബോക്സാണെന്നാണ് മുരളിയുടെ പരിഹാസം. എന്നാല്‍ തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവരെ മടക്കി കൊണ്ട് വരാന്‍ ശ്രമിക്കണമെന്നും പ്രസിഡന്റുമാര്‍ ചുമതല ഏല്‍ക്കുന്ന വേദി കലാപ വേദി ആക്കരുത് എന്നും മുരളീധരന്‍ പറഞ്ഞു. സെമി കേഡര്‍ സിസ്റ്റത്തിലേക്ക് പാര്‍ട്ടി പോകണമെന്നും അപ്പോള്‍ ശൈലിയില്‍ മാറ്റം വരുമെന്നുമാണ് മുരളി പറയുന്നത്. പഴയതൊക്കെ ഒരു പാട് പറയാനുണ്ടെന്നും താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണം എന്ന് പറഞ്ഞ മുരളി ഉന്നം വച്ചത് രമേശ് ചെന്നിത്തലയെ.


🔳രമേശ് ചെന്നിത്തലയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുതെന്നും ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍നിന്ന് കളിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല, പാര്‍ട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


🔳ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ വിഡി സതീശന്‍. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയുടെ അവിഭാജ്യ ഘടകങ്ങളാണ്. എല്ലാവരെയും ചേര്‍ത്തു കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മുന്നോട്ട് പോകേണ്ടത്. പാര്‍ട്ടിയില്‍ ജേഷ്ഠ അനുജന്മാര്‍ തമ്മില്‍ പരിഭവം ഉണ്ടാകും. അത് പക്ഷേ ശത്രുക്കള്‍ അറിയാതെ നോക്കണം. പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. അവരുടെ സ്ഥാനത്തു നിന്നു ചിന്തിച്ചാലേ പ്രശ്ന പരിഹാരം നടക്കുകയുള്ളൂവെന്നും സതീശന്‍ പറഞ്ഞു.


🔳കെപിസിസി നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് തയാറെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നേതൃത്വം ഏത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ ഇല്ല. നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കും. ഒരുപാട് അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അഭിപ്രായ പ്രകടനം പാര്‍ട്ടിക്ക് അകത്ത് മാത്രം മതിയെന്നും കെ സുധാകരന്‍ നിര്‍ദ്ദേശിച്ചിച്ചു. പുതിയ പ്രവര്‍ത്തന ശൈലിക്കാണ് നേതൃത്വം തുടക്കമിടുന്നത്. ഇത് അണികളും നേതാക്കളും മനസിലാക്കണം. അഭിപ്രായപ്രകടനങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


🔳യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം മാറ്റി ആര്‍എസ് പി. തിങ്കളാഴ്ച രാവിലെ നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ആര്‍എസ്പി നേതാക്കള്‍ പങ്കെടുക്കും. നേരത്തെ പാര്‍ട്ടി മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നെങ്കിലും യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്.  


🔳മുപ്പത്തിയഞ്ച് സീറ്റ് നേടിയാല്‍ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ബിജെപിക്ക് വലിയ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ നിയോഗിച്ച ബിജെപി സമിതിയുടെ റിപ്പോര്‍ട്ട്. ഒ രാജഗോപാലിന്റെ പ്രസ്താവനകള്‍ നേമത്തും പൊതുവിലും  പാര്‍ട്ടിക്ക് ദോഷം ചെയ്തു. നേതൃത്വത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് അടുത്തയാഴ്ച ചേരുന്ന കോര്‍ കമ്മറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്യും.


🔳സിറോ മലബാര്‍ സഭയിലെ പരിഷ്‌കരിച്ച കുര്‍ബാന ക്രമവുമായി മുന്നോട്ട് പോകുമെന്ന് ഇരിങ്ങാലക്കുട രൂപത. നവംബര്‍ 28 മുതല്‍ പരിഷ്‌കരിച്ച കുര്‍ബാനക്രമം തന്നെ തുടരണം. ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനം നാളെ പള്ളികളില്‍ വായിക്കും. പരസ്യ പ്രസ്താവനകള്‍ രൂപതയുടെ സമ്മതത്തോടെ അല്ലെന്നും വൈദികര്‍ ഇതില്‍ നിന്ന് പിന്മാറണമെന്നും ഇരിങ്ങാലക്കുട രൂപത ആവശ്യപ്പെട്ടു. കുര്‍ബാന ഏകീകരണത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികര്‍ രംഗത്ത് വന്നിരുന്നു.


🔳സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ക്ലാസ് റും ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി കേരളത്തിലെ കാഴ്ച കേള്‍വി ബുദ്ധിപരിമിതരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി എല്ലാ വിഷയങ്ങളുടേയും അനുരൂപീകൃത വീഡിയോ തയ്യാറാക്കി യൂട്യൂബ് ചാനല്‍ വഴി പ്രക്ഷേപണം ചെയ്യുന്ന ജ്യോതിര്‍മയി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


🔳ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് സിവോട്ടര്‍ സര്‍വ്വേ. ബിജെപിക്ക് 403 ല്‍ 259 മുതല്‍ 267 സീറ്റുകള്‍ വരെ കിട്ടാമെന്നാണ് സര്‍വ്വേ പറയുന്നത്. എസ്പിക്ക് 107 മുതല്‍ 119 സീറ്റ് വരെ ലഭിക്കാമെന്നും സര്‍വ്വേ പറയുന്നു. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വ്വേ നിരീക്ഷിക്കുന്നു.


🔳താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. താലിബാനുമായി ഇന്ത്യ ചര്‍ച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സര്‍ക്കാരിനെ തല്ക്കാലം അംഗീകരിക്കേണ്ടതില്ല എന്നാണ് ഉന്നതതലത്തിലെ ധാരണ. പ്രധാനമന്ത്രി നേരിട്ട് മുല്ല ബരാദറിനോട് സംസാരിക്കുന്നതോ അഭിനന്ദന സന്ദേശം നല്‍കുന്നതോ ഒഴിവാക്കും. താലിബാന്‍ സര്‍ക്കാരിന്റെ നിലപാട് എന്താവും എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.


🔳അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷിര്‍ പ്രവിശ്യ പിടിച്ചെടുക്കാനുള്ള പോരാട്ടം കടുപ്പിച്ച് താലിബാന്‍. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാന്‍ അവകാശപ്പെട്ടു. എന്നാല്‍ ദേശീയ പ്രതിരോധ മുന്നണി നേതാക്കള്‍ ഇത് തള്ളുകയാണ്. പ്രധാന പാതകളെല്ലാം താലിബാന്‍ തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കള്‍ക്കടക്കം ക്ഷാമം ഉണ്ടെന്നും ഐക്യരാഷ്ട്രസഭയും വിദേശ രാഷ്ട്രങ്ങളും ഇടപെടണമെന്നും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.


🔳അഫ്ഗാനിസ്താനില്‍ താലിബാന്റെ വെടിയേറ്റ് കുട്ടികളടക്കം നിരവധി പേര്‍ മരിച്ചു. പഞ്ച്ഷീര്‍ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിര്‍ത്ത് താലിബാന്‍ നടത്തിയ ആഘോഷത്തിലാണ് നിരവധി പേര്‍ കൊല്ലപ്പെട്ടത്.


🔳അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് രോഹിത് നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. 34,357 റണ്‍സെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, സൗരവ് ഗാംഗുലി, എം എസ് ധോണി, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് 15000 റണ്‍സ് പിന്നിട്ട മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.


🔳ടോക്കിയോ പാരാലിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍. ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്രാജ് അദാന വെള്ളിയും നേടി. 50 മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തിലാണ് നേട്ടം. പത്തൊന്‍പതുകാരനായ മനീഷ് 218.2 പോയിന്റുമായി പാരാലിംപിക് റെക്കോര്‍ഡോടെയാണ് സ്വര്‍ണം ചൂടിയത്. സിംഗ്രാജ് 216.7 പോയിന്റ് കരസ്ഥമാക്കി. ടോക്കിയോയില്‍ സിംഗ്രാജിന്റെ രണ്ടാം മെഡലാണിത്. നേരത്തേ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ SH1 വിഭാഗത്തില്‍ സിംഗ്രാജ് വെങ്കലം നേടിയിരുന്നു. ഇതോടെ മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 15 മെഡലുകളാണ് ഇന്ത്യയുടെ ശേഖരത്തിലുള്ളത്.


🔳പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യ മൂന്ന് മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എച്ച് 6 വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രമോദ് ഭഗത്, സുഹാസ് യതിരാജ് എന്നിവര്‍ക്ക് ശേഷം ടോക്യോ പാരാലിമ്പിക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കൃഷ്ണ നാഗര്‍. കൃഷ്ണയുടെ ഫൈനല്‍ പ്രവേശനത്തോടെ ഇന്ത്യ പാരാലിമ്പിക്‌സില്‍ 18 മെഡലുകള്‍ ഉറപ്പിച്ചു.


🔳ഇന്‍സ്റ്റഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഏഷ്യക്കാരനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും കോലിക്കായി. ഫുട്ബോള്‍ സ്റ്റാറുകളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(337 മില്യണ്‍), ലിയോണല്‍ മെസി(260 മില്യണ്‍), നെയ്മര്‍ (160 മില്യണ്‍) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്.


🔳യുഎസ് ഓപ്പണില്‍ ലോക മൂന്നാം നമ്പര്‍ താരം നവോമി ഒസാക്ക പുറത്ത്. മൂന്നാം റൗണ്ടില്‍ കനേഡിയന്‍ താരം ലെയ്ല ആനീ ഫെര്‍ണാണ്ടസാണ് നിലവിലെ ചാമ്പ്യനെ അട്ടിമറിച്ചത്.


🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപ കൂടി 35,600 രൂപയായി. ഗ്രാം വില 30 രൂപ ഉയര്‍ന്ന് 4450ല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ഇടിവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 35,440 ആയിരുന്ന പവന്‍ വില പിറ്റേന്ന് 35,360 ആയി. ഇന്നലെ വില മാറ്റമില്ലാതെ തുടര്‍ന്നു. വരും ദിവസങ്ങളിലും സ്വര്‍ണ വില സ്ഥിരത പ്രകടിപ്പിക്കാനിടയില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.


🔳ഉപഭോക്താക്കള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ആദ്യമായി അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്. ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലുള്ള വിസയുമായി ചേര്‍ന്നാണ് മൂന്ന് തരം വ്യത്യസ്ത ക്രെഡിറ്റ് കാര്‍ഡുകള്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നത്. ഉയര്‍ന്ന തുക നിക്ഷേപമായുള്ള ഇടപാടുകാര്‍ക്ക് സെലെസ്റ്റ, കുടുംബാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇംപീരിയോ, യുവജനങ്ങള്‍ക്കും തുടക്കക്കാരായ പ്രൊഫഷനലുകള്‍ക്കുമുള്ള സിഗ്നെറ്റ് എന്നിങ്ങനെയാണിവ.


🔳റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'തത്വമസി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തത്വമസി.  തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഒരു പാന്‍ ഇന്ത്യ മൂവിയാണ് തത്വമസി. ചിത്രത്തില്‍ നടന്‍ പ്രകാശ് രാജ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു, കൂടാതെ ഹരീഷ് ഉത്തമനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


🔳വീണ്ടുമൊരു പാട്ടു കൂടി പുറത്തിറക്കുകയാണ് 'പാതിരാ പാട്ടുകള്‍, മാഞ്ചോട്ടില്‍ കൂടാം' എന്നീ ക്ലബ് ഹൗസ് കൂട്ടായ്മകള്‍. നേരത്തെ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'കാണാതെ' എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ഇത് കേട്ട ഗായകന്‍ ശ്രീനിവാസ്, ഇവര്‍ക്കൊപ്പം മറ്റൊരു പാട്ട് ചിട്ടപ്പെടുത്താന്‍ താത്പര്യം കാണിച്ചതാണ് പുതിയ ഗാനത്തിന്റെ പിറവിക്ക് കാരണം.  അദ്ദേഹം ട്യൂണ്‍ ചെയ്ത് സംഗീത സംവിധാനം നിര്‍വഹിച്ച് 'ദൂരെയേതോ' എന്ന പേരിലാണ് ഗാനം പുറത്തിറങ്ങുന്നത്.  ശ്രീനിവാസും മകള്‍ ശരണ്യയും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നു.


🔳ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. 2018 മെയ് നാല് മുതല്‍ 2020 ഒക്ടോബര്‍ 27 വരെ വില്‍പ്പന നടത്തിയ 1.8 ലക്ഷത്തിലധികം കാറുകളാണ് മാരുതി സുസുകി വെള്ളിയാഴ്ച തിരിച്ചുവിളിച്ചത്. മാരുതിയുടെ മുന്‍നിര മോഡലുകളായ സിയാസ് സെഡാന്‍, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ, എസ്‌ക്രോസ്, എക്സ്എല്‍ സിക്സ് എന്നിവയുടെ ചില പെട്രോള്‍ വേരിയന്റുകളാണ് കമ്പനി തിരിച്ചുവിളിച്ചത്. മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവിളിക്കല്‍ മാരുതി നടത്തിയത്. വാഹനങ്ങളുടെ തകരാറിലായ ഭാഗങ്ങള്‍ നവംബര്‍ ആദ്യവാരം മുതല്‍ സൗജന്യമായി മാറ്റിനല്‍കുമെന്ന് കമ്പനി വ്യക്തമാക്കി.


🔳കഥപറച്ചിലിന്റെ സൗന്ദര്യമാണ് 'മാലാല ടാക്കീസ്' വ്യത്യസ്തമായതാണ്. സര്‍ഗ്ഗാത്മകമായതാണ് ദീര്‍ഘ ദൃഷ്ടിയുള്ളതാണ് ഭ്രാന്തെന്ന് ഈ കഥ പറയുന്നു. നോര്‍മലാകുക എന്നാല്‍ യാഥാസ്ഥിതികമാവുക മതത്തിനും കാലത്തിനും വഴങ്ങി അനുസരണയോടെ ജീവിക്കുക എന്നാണ് യഥാര്‍ത്ഥ ഭ്രാന്ത് പ്രതിഭകള്‍ക്ക് പറഞ്ഞിട്ടുള്ളതാണ് ആ ഭ്രാന്ത് വേണ്ടുവോളമുള്ള കഥയാണ് മലാല ടാക്കീസ്. വി എച്ച് നിഷാദ്. ഡിസി ബുക്സ്. വില 150 രൂപ.


🔳കോവിഡ് രോഗികളില്‍ അഞ്ചില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാകുകയോ മരിക്കുകയോ ചെയ്യുന്നതിന് കാരണം ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കെതിരെ ആന്റിബോഡികള്‍ തന്നെ തിരിയുന്നത് മൂലമെന്ന് പഠനറിപ്പോര്‍ട്ട്. ഇത്തരം ആന്റിബോഡികളെ ഓട്ടോ ആന്റിബോഡികള്‍ എന്നാണ് വിളിക്കുന്നത്. ആരോഗ്യമുള്ള, കോവിഡ് ബാധിക്കാത്ത ഒരു വ്യക്തിയുടെ ശരീരത്തില്‍ ഇത് ചെറിയ തോതില്‍ കാണും. പ്രായം കൂടുതോറും ഇതിന്റെ സാന്നിധ്യം വര്‍ധിക്കും. ഇതാണ് പ്രായമേറിയവരുടെ ഇടയില്‍ കോവിഡ് ഗുരുതരമാകാന്‍ കാരണമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സയന്‍സ് ഇമ്യൂണോളജി എന്ന ജേര്‍ണലിലാണ് പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. കോവിഡ് ഗുരുതരമായ രോഗികളില്‍ പത്തുശതമാനം പേരില്‍ ഓട്ടോ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രോട്ടീന്‍ മോളിക്യൂളുകളെ ആക്രമിക്കുന്ന സ്ഥിതിവിശേഷത്തിനും കാരണമിതാണ്. 38 രാജ്യങ്ങളിലായി കോവിഡ് ഗുരുതരമായ 3595 രോഗികളിലാണ് പഠനം നടത്തിയത്.  ന്യൂയോര്‍ക്കിലെ റോക്ക്‌ഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷണവിഭാഗമാണ് പഠനം നടത്തിയത്. ഇത്തരം രോഗികള്‍ക്ക് അസുഖം ബാധിച്ചാല്‍ തന്നെ അവരെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു എന്നതാണ് ഇതിന്റെ അര്‍ത്ഥം.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 72.99, പൗണ്ട് - 101.21, യൂറോ - 86.74, സ്വിസ് ഫ്രാങ്ക് - 79.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.44, ബഹറിന്‍ ദിനാര്‍ - 193.68, കുവൈത്ത് ദിനാര്‍ -242.84, ഒമാനി റിയാല്‍ - 189.60, സൗദി റിയാല്‍ - 19.46, യു.എ.ഇ ദിര്‍ഹം - 19.87, ഖത്തര്‍ റിയാല്‍ - 20.05, കനേഡിയന്‍ ഡോളര്‍ - 58.27.

Post a Comment

Previous Post Next Post