സായാഹ്‌ന വാർത്തകൾ
🔳ദില്ലിയില്‍ പുതിയ സര്‍ക്കാര്‍ മന്ദിരങ്ങള്‍ നിര്‍മ്മിക്കാനുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയെ ശക്തമായി ന്യായീകരിച്ച് പ്രധാനമന്ത്രി. ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയില്‍ പുതിയ പ്രതിരോധ സേന ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്രമോദി.
🔳സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
🔳നാര്‍ക്കോട്ടിക് ജിഹാദ് വിവാദമായതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വിഷയത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി രക്തം നക്കിക്കുടിക്കുന്ന ചെന്നായയെ പോലെയാണ് സര്‍ക്കാര്‍ പെരുമാറിയത്. സാമുദായിക സമവായമുണ്ടാക്കേണ്ടത് സംസ്ഥാന സര്‍ക്കാരായിരുന്നുവെന്നും എന്നാല്‍ അതിനുള്ള നീക്കം നടത്താതെ രാഷ്ട്രീയ മുതലെടുപ്പിനാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
🔳പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച യോഗത്തില്‍ ശക്തമായി എതിര്‍ക്കാന്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം ഇന്ധന വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയില്‍ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടി വരും. ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് മാത്രം പെട്രോള്‍ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും കേന്ദ്രം സെസ് പിരിക്കുന്നത് നിര്‍ത്തിയാല്‍ മാത്രമേ ഇന്ധന വില കുറയൂവെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
🔳കെപിസിസി പുന:സംഘടന ഈ മാസം 25നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നേതാക്കള്‍ക്കിടിയില്‍ ധാരണ. പുതിയ ഭാരവാഹികള്‍ക്ക് കൃത്യമായി ചുമതലകള്‍ വീതിച്ചു നല്‍കും. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്‍കുന്ന പേരുകള്‍ കൂടി പരിഗണിക്കുമെന്നാണ് സതീശനും സുധാകരനും നല്‍കിയ ഉറപ്പ്. ഒരു വശത്ത് കൊഴിഞ്ഞുപോക്ക് തുടരുമ്പോള്‍ മറുവശത്ത് മാറ്റങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. പുന:സംഘടന അതിവേഗം തീര്‍ക്കാനാണ് ധാരണ. അഞ്ച് വര്‍ഷം ഭാരവാഹികളായവരെ ഒഴിവാക്കി പുതിയ ടീമിനെ കൊണ്ട് വരും. ഒരാള്‍ക്ക് ഒരു പദവി ഉറപ്പാക്കാന്‍ ജനപ്രതിനിധികളെയും മാറ്റും. രാഷ്ട്രീയകാര്യസമിതിയും അഴിച്ചുപണിയും.
🔳പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. ഭീകരവാദത്തിന് എതിരെ സംസാരിച്ചാല്‍ ഒരു വിഭാഗത്തിന് എതിരെ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ എന്ത് ചെയ്യും. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട വാക്ക് തന്നോട് ഉപയോഗിക്കരുത്. രാഷ്ട്രീയക്കാരനായല്ല, എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിഷപ്പ് ഹൗസില്‍ എത്തി ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം. സല്യൂട്ട് വിവാദത്തോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് രൂക്ഷമായാണ് എംപി പ്രതികരിച്ചത്. രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ലെന്നും എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു.
🔳മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴ നല്‍കിയെന്ന് പറയുന്ന സുന്ദരയെ തനിക്ക് അറിയില്ലെന്നും സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത് നിയമവ്യവസ്ഥയില്‍ വിശ്വാസം ഉള്ളതുകൊണ്ടാണെന്നും അറിയാവുന്ന വിവരങ്ങള്‍ കൈമാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി എംപിയെ അപമാനിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും സുരേഷ് ഗോപിയുടെ സേവന പ്രവര്‍ത്തനത്തില്‍ പലര്‍ക്കും അസൂയയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
🔳ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സൂചന. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇ.ഡി നോട്ടീസ് കൈപ്പറ്റിയിട്ടും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. അതേസമയം കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ രംഗത്ത് വന്നു. ഇങ്ങനെ പോയാല്‍ കാരാത്തോട്ടേക്ക് ഇ.ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ടെന്നാണ് ജലീലിന്റെ പരിഹാസം. കള്ളപ്പണ ഇടപാട് അന്വേഷിക്കാന്‍ ഇ.ഡി വരുമ്പോള്‍ സമുദായത്തിന്റെ നേരെയുള്ള വെടിയുതിര്‍ക്കലായി മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യില്‍ വെച്ചാല്‍ മതിയെന്നും പശു വാല് പൊക്കുമ്പോള്‍ അറിയാം എന്തിനാണെന്ന്
എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജലീലിന്റെ പരിഹാസം.
🔳സംസ്ഥാനത്ത് മയക്ക് മരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ പൊലീസും എക്സൈസും ചേര്‍ന്ന സംയുക്ത സേന വരുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സോണല്‍ ഓഫീസുകള്‍ തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പ്രത്യേക സംവിധാനം ഉണ്ടാക്കുന്നത്.
🔳കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വീണ്ടും വാടകക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഹെലികോപ്റ്ററിനായി ടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ ഹെലികോപ്റ്റര്‍ വാടകക്ക് നല്‍കിയ കമ്പനിയുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചിരുന്നു. വാടകയില്‍ 22 കോടി രൂപ പാഴ്ച്ചെലവായെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഹെലികോപ്റ്ററുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം.
🔳പാര്‍ട്ടിയില്‍ നിന്ന് ഇനി നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് പുറത്താക്കപ്പെട്ട ഹരിത സംസ്ഥാന സെക്രട്ടറി മിന ജലീല്‍. ലീഗ് പൂര്‍ണമായും കയ്യൊഴിഞ്ഞിരിക്കുകയാണ്. ഹരിത ഉയര്‍ത്തിയ വിഷയം അടഞ്ഞ അധ്യായമെന്ന് പിഎംഎ സലാം വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി പ്രതീക്ഷയില്ല. എംഎസ്എഫ് കൂടുതല്‍ പക്വത ആര്‍ജിക്കേണ്ടതുണ്ട്. കൂടുല്‍ വനിതകള്‍ വരണം. ഇത് മാത്രമാണ് സ്ത്രീവിരുദ്ധ സമീപനം കുറയാനുള്ള പ്രതിവിധിയെന്നും മിന ജലീല്‍ പറഞ്ഞു.
🔳ഹരിത മുന്‍ ഭാരവാഹികളെ പുറത്താക്കിയിട്ടില്ലെന്നും സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയാണ് ചെയ്തതെന്നും എംകെ മുനീര്‍. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അതിന് അവര്‍ തയ്യാറായില്ല. പി കെ നവാസിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങളില്‍ എത്തിച്ചതിനാല്‍ നടപടി നേരിടേണ്ടി വന്നു. ഹരിത നേതാക്കള്‍ക്കെതിരായ നടപടി ഈമാസം 26 ന് ചേരുന്ന ലീഗ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. തനിക്ക് പാര്‍ട്ടി തീരുമാനത്തിനൊപ്പമേ നില്‍ക്കാന്‍ കഴിയു. പാര്‍ട്ടി തീരുമാനത്തില്‍ ഹരിത മുന്‍ ഭാരവാഹികള്‍ തൃപ്തരല്ല. അവര്‍ക്കെതിരായ സൈബര്‍ ആക്രമണം ശരിയല്ലെന്നും മുനീര്‍ പറഞ്ഞു.
🔳മുന്‍ കോണ്‍ഗ്രസ് നേതാവും ആലപ്പുഴ മുന്‍ നഗരസഭാധ്യക്ഷനുമായിരുന്ന ഇല്ലിക്കല്‍ കുഞ്ഞുമോന്‍ സിപിഎമ്മിലേക്ക്. അച്ചടക്ക നടപടിയുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ സിപഎമ്മിന്റെ പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി. സഹപ്രവര്‍ത്തകരോട് കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്ന് കുഞ്ഞുമോന്‍ പറഞ്ഞു.
🔳സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിലവിലെ കൊവിഡ് സാഹചര്യം തീയറ്റര്‍ തുറക്കാന്‍ അനുകൂലമല്ല. തീയറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപടല്‍ നടത്തുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇപ്പോള്‍ സ്‌കളൂുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
🔳ഓണ്‍ലൈനില്‍ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭ്യമാക്കിയത് എന്നാണ് ബെവ്കോ അറിയിച്ചത്. അതേസമയം അതാത് ജില്ലകളിലെ തെരഞ്ഞെടുത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ ഈ സൗകര്യം ലഭ്യമാകുക.
🔳തെലങ്കാനയില്‍ വന്‍ ജനരോഷം ഉണര്‍ത്തിയ കൊലപാതക കേസ് പ്രതിയെ റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ സൈദാബാദില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജു എന്നയാളെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറി തല വേര്‍പ്പട്ട നിലയിലായിരുന്നു മൃതദേഹം. തെലങ്കാന ഡിജിപിയാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
🔳സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. കനയ്യകുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിടെയായിരുന്നു കൂടിക്കാഴ്ച. ഇതിനിടെ ഗുജറാത്ത് എംഎല്‍എയും രാഷ്ട്രീയ ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന സൂചനകള്‍ പുറത്തുവരികയാണ്.
🔳സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതി 'ഇന്‍സ്പിരേഷന്‍ 4'ന് തുടക്കം. ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത നാലുപേരെയും വഹിച്ച് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ബഹിരാകാശത്തേക്ക് കുതിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 ഓടെയായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ കാപ്സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്.
🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് രവി ശാസ്ത്രി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. കരാര്‍ പ്രകാരം ടി20 ലോകകപ്പിന് ശേഷം ശാസ്ത്രി സ്ഥാനമൊഴിയും. വര്‍ഷാന്ത്യത്തിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കൂടി തുടരണമെന്ന ബിസിസിഐ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന ശാസ്ത്രി തള്ളിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
🔳പിഎസ്ജി കുപ്പായത്തില്‍ ആദ്യ ചാന്പ്യന്‍സ് ലീഗ് മത്സരത്തിന് ഇറങ്ങിയ ലിയോണല്‍ മെസ്സിക്ക് നിരാശ. ബെല്‍ജിയന്‍ ക്ലബ്ബായ ക്ലബ് ബ്രൂഗ് , പിഎസ്ജിയെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. താരസമ്പന്നമായ പിഎസ്ജി ആദ്യമായി നെയ്മര്‍, എംപാപ്പെ, മെസി ത്രയത്തെ ഒന്നിച്ച് കളത്തിലിറക്കിയ മത്സരമായിരുന്നു ക്ലബ് ബ്രൂഗിനെതിരെ. ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ 150മത്തെ മത്സരവുമായിരിന്നു ഇത്.
🔳ചാമ്പ്യന്‍സ് ലീഗ് ആദ്യ റൗണ്ട് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളില്‍ കരുത്തരായ റയല്‍ മഡ്രിഡ്, മാഞ്ചെസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ബൊറൂസ്സിയ ഡോര്‍ട്മുണ്ട് ടീമുകള്‍ക്ക് വിജയം. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ കരുത്തരായ ഇന്റര്‍ മിലാനെയാണ് റയല്‍ മഡ്രിഡ് വീഴ്ത്തിയത്. ഗ്രൂപ്പ് ഡി യില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയലിന്റെ വിജയം. നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി മൂന്നിനെതിരേ ആറുഗോളുകള്‍ക്ക് ആര്‍.ബി ലെയ്പ്‌സിഗിനെ തകര്‍ത്തു. ഗ്രൂപ്പ് ബി യില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ലിവര്‍പൂള്‍ കരുത്തരായ എ.സി.മിലാനെയാണ് കീഴടക്കിയത്. രണ്ടിനെതിരേ മൂന്നൂ ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ലാ ലിഗ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മഡ്രിഡ് സമനിലക്കുരുക്കില്‍ വീണു. പോര്‍ട്ടോയാണ് അത്‌ലറ്റിക്കോയെ ഗോള്‍രഹിത സമനിലയില്‍ കുടുക്കിയത്. ജര്‍മന്‍ വമ്പന്മാരായ ബൊറൂസ്സിയ ഡോര്‍ട്മുണ്ട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ബെസിക്റ്റാസിനെ കീഴടക്കി.
🔳ഇക്കഴിഞ്ഞ ദിവസമാണ് ബെംഗളുരു ആസ്ഥാനമായ ഒല ചരിത്രപരമായ തീരുമാനം അറിയിച്ചത്. തമിഴ്‌നാട്ടിലെ ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്ലാന്റില്‍ 10,000 വനിതകളെ നിയമിക്കുന്നു. ഇതാ ഒലയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇത്തരത്തിലൊരു സുവര്‍ണ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. വനിതകള്‍ക്കായി രാജ്യത്തെ ഐടി മേഖലയില്‍ നടക്കാനൊരുങ്ങുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവ് ആണ് കമ്പനി പ്രഖ്യാപിച്ചത്. കമ്പനി കണക്കുകള്‍ വ്യക്തമാക്കിയില്ലെങ്കിലും, അടുത്ത വൃത്തങ്ങള്‍ പറയുന്നത് ഇതില്‍ 40-50 ശതമാനം നിയമനങ്ങളും സ്ത്രീകളാണെന്നാണ്.
🔳തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ലോകത്തിന് മുന്‍പിലേക്ക് വെച്ച് ആപ്പിള്‍. പുതുതലമുറ ഐഫോണ്‍ 13 സീരിസിലേക്കാണ് ലോകത്തിന്റെ ശ്രദ്ധയെത്തിയത്. ഐഫോണ്‍ 13 സീരിസിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 7ഉം പുറത്തിറക്കി. മികച്ച സ്‌റ്റൈലും കരുത്തുറ്റ പെര്‍ഫോമന്‍സുമായാണ് ഐഫോണ്‍ 13 സിരീസ് എത്തുന്നത്. ഐ ഫോണ്‍ 13 മിനിയും പുറത്തിറക്കി. അഞ്ച് നിറങ്ങളിലാണ് ഐ ഫോണ്‍ 13 എത്തുന്നത്. ഐഫോണ്‍ 13 മിനി വില ആരംഭിക്കുന്നത് 699 ഡോളറിലാണ് (എകദേശം 51,469 രൂപ). ഐഫോണ്‍ 13ന്റെ വില ആരംഭിക്കുന്നത് ഡോളര്‍ 799നാണ് (എകദേശം 58,832 രൂപ).
🔳ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് 'അടി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
🔳നടന്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച ഹിറ്റ് ചിത്രമാണ് 'ജോജി'. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായന്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ആഡംബര എസ്യുവി എക്സ് 5ന് സ്പോര്‍ട്സ് എക്സ് പ്ലസ് വകഭേദം അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വിപണിയില്‍ എത്തുന്ന സ്പോര്‍ക്സ് എക്സ് പ്ലസ് വകഭേദത്തിന്റെ പെട്രോള്‍ പതിപ്പിന് 77.90 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 79.50 ലക്ഷം രൂപയുമാണ് വില. 265 ബിഎച്ച്പി കരുത്തുള്ള 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് എക്സ്5 എക്സ് ഡ്രൈവ് 30 ഡി സ്പോര്‍ട്സ് എക്സ് പതിപ്പിന്റെ ഹൃദയം. 620 എന്‍എം ടോര്‍ക്ക് ഈ എന്‍ജിന്‍ സൃഷ്ടിക്കും.
🔳സാഹിത്യത്തെയും വായനയെയും പ്രിയമായി കരുതുന്നവര്‍ക്ക് ഈ പുസ്തകം വിശ്വസാഹിത്യത്തിലേക്ക് ചാവി തുറക്കുന്ന സൂത്രവാക്യങ്ങളുടെ പ്രബുദ്ധ ശേഖരമാകും എന്നുറപ്പ്. ഭ്രാന്താശുപത്രി കിടക്കയില്‍, കുന്നിന്‍ചെരുവില്‍, മരുഭൂമിയില്‍ സഞ്ചരിക്കുന്ന തീവണ്ടിയില്‍, പണിസൈറ്റില്‍, കാടകത്തില്‍ അങ്ങനെ പല ഇടങ്ങളിലിരുന്ന്, പലകാലങ്ങളിലായി ഒരു വായനക്കാരന്‍ വായിച്ചു തീര്‍ത്ത സ്വപ്നങ്ങള്‍ ആലേഖനം ചെയ്ത പുസ്തകം. 'ഒരു പെയിന്റ് പണിക്കാരന്റെ ലോക സഞ്ചാരങ്ങള്‍'. മുഹമ്മദ് അബ്ബാസ്. മാതൃഭൂമി. വില 127 രൂപ.
🔳ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ് ചര്‍മ്മസംരക്ഷണം. അതില്‍ വരണ്ട ചര്‍മ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. വരണ്ട ചര്‍മ്മമുള്ളവര്‍ വെള്ളം ധാരാളം കുടിക്കാം. വരണ്ട ചര്‍മ്മമുള്ളവര്‍ നട്സും ഡ്രൈ ഫ്രൂട്സും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങള്‍ അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് സോയ. സോയബീന്‍സ് കൊണ്ട് തയ്യാറാക്കുന്ന എല്ലാ ഭക്ഷണങ്ങളിലും പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഇവ നല്ലതാണ്. തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ തക്കാളി ചര്‍മ്മത്തെ യുവത്വത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സായ ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും തിളക്കമുള്ള ചര്‍മ്മത്തെ സ്വന്തമാക്കാനും സഹായിക്കും. മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയായ മുട്ട ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സിട്രിസ് വിഭാഗത്തില്‍പ്പെടുന്ന പഴങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും നല്ല തിളക്കമുള്ള ചര്‍മ്മമാക്കി മാറ്റാനും സഹായിക്കും. അതിനാല്‍ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടത്താം. പച്ചിലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Post a Comment