*പ്രഭാത വാർത്തകൾ*
2021 ഫെബ്രുവരി 11 | 1196 മകരം 29 | വ്യാഴം | തിരുവോണം |
🔳കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള സമരം ശക്തിപ്പെടുത്താനൊരുങ്ങി കര്‍ഷകര്‍. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെയാണ് ട്രെയിന്‍ തടയല്‍ സമരമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
🔳സമരജീവികള്‍ കര്‍ഷകസമരത്തിന്റെ പവിത്രത ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചും പ്രതിപക്ഷത്തെയും സമരത്തിലിടപെടുന്ന സാമൂഹ്യപ്രവര്‍ത്തകരെയും കടന്നാക്രമിച്ചുമായിരുന്നു പ്രധാനമന്ത്രി ലോക്സഭയില്‍ സംസാരിച്ചത്. കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് കാര്‍ഷിക രംഗത്തിന്റെ മാറ്റത്തിനായാണെന്നും ഇന്ത്യയ്ക്ക് പരിഷ്‌ക്കാരങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്നും നരേന്ദ്രമോദി. സ്വകാര്യനിക്ഷേപം വികസനത്തിന് ആവശ്യമാണെന്നും എന്നാല്‍ പുതിയ നിയമം നിലവിലുള്ള അവകാശങ്ങള്‍ ഒന്നും കവരുന്നില്ലെന്നും മാറ്റങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഭയന്ന് മാറില്ലെന്നും മോദി പറഞ്ഞു.
➖➖➖➖➖➖➖➖
🔳റിപ്പബ്ലിക്ക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട ട്വീറ്റുകളും ട്വിറ്റര്‍ അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ഭാഗികമായി മാത്രം പരിഗണിച്ച ട്വിറ്ററിനെതിരെ ബി.ജെ.പി. നേതാക്കളുടെ രൂക്ഷവിമര്‍ശനം. നിയമത്തിനു മേലെയാണ് തങ്ങളെന്ന ഭാവമാണ് ട്വിറ്ററിനെന്നും ഈ രാജ്യം ഭരിക്കുന്നത് ഭരണഘടന
അടിസ്ഥാനമാക്കിയാണെന്നും അല്ലാതെ കോര്‍പ്പറേറ്റ് ചട്ടങ്ങളല്ല
എന്നും അവര്‍ പ്രതികരിച്ചു.
🔳പ്രിയങ്കയുടെ വരവിനോടനുബന്ധിച്ച് വലിയആള്‍ക്കൂട്ടങ്ങളെ നിരോധിച്ച് യുപിയിലെ സഹാറന്‍പുര്‍ ജില്ലാ ഭരണകൂടം. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കിസാന്‍ മഹാ പഞ്ചായത്തില്‍ പങ്കെടുക്കാനായാണ് പ്രിയങ്ക സഹറന്‍പുരില്‍ എത്തിയത്. സംസ്ഥാനത്തെ 27 ജില്ലകളില്‍ നടക്കുന്ന 'ജയ് ജവാന്‍, ജയ് കിസാന്‍' കാമ്പയിനിന്റെ ഭാഗമായാണ് പ്രിയങ്ക എത്തുന്നത്.
🔳കോവിഡ് വാക്‌സിന്‍ നല്‍കിയതിന് ഇന്ത്യന്‍ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദിയറിച്ച് ഡൊമിനിക്കന്‍ റിപ്പബ്ലികിലെ പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്‌കെരിറ്റ്. രാജ്യത്തെ ജനങ്ങളുടെ പ്രാര്‍ഥന ഫലം കണ്ടുവെന്നും ഇത്രവേഗത്തില്‍ ഇന്ത്യയുടെ വാക്‌സിന്‍ ലഭിക്കുമെന്ന് കരുതിയില്ലെന്നും വാക്‌സിന്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ റൂസ്വെല്‍റ്റ് സ്‌കെരിറ്റ് പറഞ്ഞു. 72,000 ത്തോളം മാത്രം ജനസംഖ്യയുള്ള രാജ്യത്തേക്ക് 35,000 ഡോസ് വാക്സിനാണ്
ആദ്യഘട്ടത്തില്‍ ഇന്ത്യ കയറ്റി അയച്ചത്. തികച്ചും സൗജന്യമായാണ് ഇന്ത്യ വാക്സിന്‍ നല്‍കിയത്.
🔳ഉത്തരാഖണ്ഡിലെ ചമോലില്‍ തുരങ്കത്തിലകപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനുള്ള സമയം പിന്നിടുകയാണെന്ന് അധികൃതര്‍. 170 ഓളം പേരെ കാണാതായിട്ടുണ്ടെങ്കിലും 33 മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ടണ്‍ കണക്കിന് പാറകള്‍ക്കും മറ്റു അവശിഷ്ടങ്ങള്‍ക്കും മുകളിലായി ചാരനിറത്തിലുള്ള ചെളി കെട്ടികിടക്കുകയാണെന്നും ഈ പ്രതിബന്ധങ്ങളെല്ലാം നീക്കം ചെയ്ത് മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ദിവസങ്ങളെടുക്കുമെന്നും അധികൃതര്‍.
🔳2020 ഡിസംബര്‍ മാസത്തിലെ ഐസിഎംആര്‍ സീറോ സര്‍വേ പ്രകാരം കേരളത്തില്‍ ഇതുവരെ കോവിഡ് വന്നുപോയത് പത്തിലൊരാള്‍ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയതലത്തില്‍ ഇത് നാലില്‍ ഒന്ന് എന്ന നിലയിലാണ്. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്നാണ് സീറോ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി.
🔳മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണ് പ്രിയങ്കയും രാഹുല്‍ ഗാന്ധിയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. രാജ്യത്തെ വര്‍ഗീയവത്കരിക്കാനുള്ള ബി.ജെ.പി ശ്രമത്തോട് ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും വിജയരാഘവന്‍.
🔳പതിനൊന്നാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരം ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലായ് ഒന്നാം തിയതി മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിഷ്‌കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കി തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത്
ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
🔳ഉംറക്ക് പോയതിന് തന്നെ പുറത്താക്കിയ സി.പി.എം. ഇപ്പോള്‍ വിശ്വാസികളുടെ വഴിയിലായിയെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. അന്ന് തന്നെ കളിയാക്കിയ സി.പി.എം സൈദ്ധാന്തികന്‍ കൂടിയായ എം.വി. ഗോവിന്ദന്‍ തന്നെ വിശ്വാസികളെ അംഗീകരിച്ചിരിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി. പാര്‍ട്ടി പ്ലീനം വിളിച്ച് സായുധവിപ്ലവം ഉപേക്ഷിച്ച പോലെ മറ്റൊരു പാര്‍ട്ടി പ്ലീനം വിളിച്ച് വൈരുധ്യാത്മക ഭൗതികവാദം ഉപേക്ഷിക്കണമെന്നായിരുന്നു ഞാന്‍ അന്ന് പറഞ്ഞതെന്നും തത്വത്തില്‍ ഇത് ഇപ്പോഴെങ്കിലും
സി.പി.എം. അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും
അബ്ദുള്ളക്കുട്ടി.
🔳പാലാ സീറ്റിന്റെ കാര്യത്തില്‍ ഇടതുപക്ഷം മുന്നണി മര്യാദ കാണിച്ചില്ലെന്ന് മാസി സി കാപ്പന്‍. പാലാ ഉള്‍പ്പെടെ മത്സരിച്ച നാല് സീറ്റും നല്‍കുമെന്ന ഉറപ്പിലാണ് ഇടതുപക്ഷത്ത് തുടരാന്‍ തീരുമാനിച്ചത്. പാലായ്ക്ക് പകരം കുട്ടനാട് മത്സരിക്കാന്‍ മുഖ്യമന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ ദേശീയ നേതൃത്വം വെള്ളിയാഴ്ച തീരുമാനം പറയുമെന്നും കാപ്പന്‍ പറഞ്ഞു.
🔳താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പ്രത്യേകമായ ഉള്‍ച്ചേര്‍ക്കലോ ഒഴിവാക്കലോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും രീതിയിലുള്ള രാഷ്ട്രീയ പരിഗണന അതിലുണ്ടായിട്ടില്ലെന്നും 10 വര്‍ഷം കഴിഞ്ഞ താത്ക്കാലിക
ജീവനക്കാരെയാണ് പിഎസ്‌സി സ്ഥിരപ്പെടുത്തിയതെന്നും
മുഖ്യമന്ത്രി.
🔳തെറ്റിദ്ധരിപ്പിക്കപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കിടയിലേക്ക് മണ്ണെണ്ണക്കുപ്പിയും കൊടുത്ത് ചിലരെ നുഴഞ്ഞുകയറാന്‍ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് തിരിച്ചറിയണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ട ആളല്ല മണ്ണെണ്ണയില്‍ കുളിച്ച് അവതരിച്ചതെന്നും ജീവന്‍ വെച്ചാണ് അവരുടെ കളിയെന്നും തോമസ് ഐസക്. ഒരു തീപ്പൊരിയില്‍ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപം ലക്ഷ്യമിട്ടാണ് അവരെത്തുന്നതും ക്രൂരമായ ഈ രാഷ്ട്രീയക്കളി തിരിച്ചറിയണമെന്ന് സമരരംഗത്തുള്ള ഉദ്യോഗാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ധനമന്ത്രി.
🔳ഈ സര്‍ക്കാരിന്റെ കാലയളവില്‍ പി.എസ്.സി മുഖേന 1,55,000 നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെയാണ് റാങ്ക് ലിസ്റ്റില്‍ പി.എസ്.സി ഉള്‍പ്പെടുത്തുന്നതെന്നും അതിനാല്‍ 80 ശതമാനത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും മുഖ്യമന്ത്രി.
🔳കേരളത്തില്‍ ഇന്നലെ 80,106 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5,980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,920 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5,457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179,
കാസര്‍ഗോഡ് 71.
🔳സംസ്ഥാനത്ത് ഇന്നലെ 11 പുതിയ ഹോട്ട് സ്പോട്ടുകള്‍. 11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്പോട്ടുകള്‍.
🔳നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട് അസഹിഷ്ണുതാ നിലപാട് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച് സിപിഐ. മന്ത്രി തോമസ് ഐസക്കിന്റെയും ജയരാജന്റെയും പ്രതികരണം അനാവശ്യമായിരുന്നുവെന്നാണ് സിപിഐ വിമര്‍ശനം. യുവാക്കള്‍ സര്‍ക്കാരിന് എതിരാകുന്ന
സാഹചര്യം ഒഴിവാക്കണമെന്നും സിപിഐ സംസ്ഥാന
എക്സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
🔳പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയിലെ ജഡ്ജി ബി. കലാം പാഷക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഭാര്യ. സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലിയെന്ന പരാതിയിലാണ് ഭാര്യ ജഡ്ജിക്കെതിരേ രംഗത്തെത്തിയത്. അതിനിടെ, കലാം പാഷയുടെ സഹോദരനായ റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ തന്നെ ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു.
🔳വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് നിരാഹാര സമരമിരിക്കുന്ന പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അഞ്ച് ദിവസമായി നിരാഹാരമനുഷ്ഠിച്ച് ആരോഗ്യനില വഷളായ ഗോമതിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുകായയിരുന്നു.തുടര്‍ന്നായിരുന്നു അമ്മയെയും അറസ്റ്റ് ചെയ്തത്.
🔳മുസ്ലിം വ്യക്തിനിയമമനുസരിച്ച് ഋതുമതിയായ പെണ്‍കുട്ടിക്ക് പ്രായം 18 ല്‍ താഴെയാണെങ്കിലും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ് & ഹരിയാണ ഹൈക്കോടതി. മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അടിസ്ഥാനപ്പെടുത്തിയായിരുന്നു ഹൈക്കോടതിയുടെ വിധി പ്രസ്താവം.
🔳ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയ്ക്ക് ആറു കേസുകളില്‍ കൂടി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ എം.എല്‍.എ റിമാന്‍ഡിലായ മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചു. ആകെ 148 കേസുകളിലാണ് ഖമറുദ്ദീനെ റിമാന്‍ഡ് ചെയ്തിരുന്നത് . നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖമറുദ്ദീന്‍ ഇന്ന് ജയില്‍ മോചിതനായേക്കും.
🔳നിലമ്പൂര്‍ മമ്പാട് മുറിയില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ നാട്ടുകാരും പോലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി. തമിഴ് തൊഴിലാളികളായ ദമ്പതിമാര്‍ക്കൊപ്പം താമസിച്ചിരുന്ന ആറും നാലും വയസ്സുള്ള കുട്ടികള്‍ക്ക് നേരിട്ടത് ക്രൂരപീഡനം.
ഭക്ഷണം പോലും ലഭിക്കാതെ നിരന്തരം പീഡനത്തിനിരയായ കുട്ടികളെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, രണ്ടാനമ്മ ഉപദ്രവിച്ചിരുന്നതായി നാല് വയസ്സുള്ള കുട്ടി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ തമിഴ്‌നാട്
സ്വദേശികളായ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
🔳വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി ഉപയോഗം ചെറുക്കാന്‍ കാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കാമ്പസില്‍ പരിശോധന നടത്താന്‍ നിലവിലെ പോലീസ് സംവിധാനത്തിനു ബുദ്ധിമുട്ടായതിനാലാണ് നിര്‍ദേശം.
🔳തനിക്ക് ജീവനുള്ള കാലം പശ്ചിമ ബംഗാളില്‍ ബിജെപിയെ അധികാരത്തില്‍ വരാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. താനൊരു ദുര്‍ബലയാണെന്ന് നിങ്ങള്‍ കരുതേണ്ടെന്നും തനിക്ക് ആരേയും ഭയമില്ലെന്നും അവസാനം വരെ തല ഉയര്‍ത്തിപ്പിടിച്ച് ഒരു റോയല്‍ ബംഗാള്‍ കടുവയെ പോലെ ജീവിക്കുമെന്നും മമത.
🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 12,539 കോവിഡ് രോഗികള്‍. ഇതില്‍ 5,980 കോവിഡ് രോഗികളും കേരളത്തില്‍. മരണം110. ഇതോടെ ആകെ മരണം 1,55,399 ആയി. ഇതുവരെ 1,08,71,600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.39 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ 3,451 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 127 പേര്‍ക്കും തമിഴ്നാട്ടില്‍ 479 പേര്‍ക്കും കര്‍ണാടകയില്‍ 415 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 50 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 4,08,687 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 85,634 പേര്‍ക്കും ബ്രസീലില്‍ 57,133 പേര്‍ക്കും ഫ്രാന്‍സില്‍ 25,387 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.78 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.55 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 13,007 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,851 പേരും മെക്സിക്കോയില്‍ 1,701 പേരും ബ്രസീലില്‍ 1,262 പേരും ഇംഗ്ലണ്ടില്‍ 1,001 പേരും ജര്‍മനിയില്‍ 708 പേരും സ്പെയിനില്‍ 643 പേരും റഷ്യയില്‍ 536 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 23.62 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളായ ഹൂത്തി മലീഷ്യകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു യാത്രാ വിമാനത്തിന് തീപിടിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു. വിമാനത്താവളത്തിലെ ആക്രമണത്തെ യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിച്ച സഖ്യസേന വക്താവ്, ഇത്തരം ആക്രമണങ്ങളെ ചെറുക്കുമെന്നും വ്യക്തമാക്കി.
🔳കിഴക്കന്‍ ലഡാക്കിലെ പാങ്ങോങ് സൊ തടാകത്തിന് സമീപത്തുനിന്ന് ഇന്ത്യന്‍-ചൈനീസ് സംഘങ്ങള്‍ പിന്‍വാങ്ങാന്‍ ആരംഭിച്ചതായി ചൈനീസ് പ്രതിരോധമന്ത്രാലയം. അതേസമയം ഇതുസംബന്ധിച്ച് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
🔳തെക്കുകിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ലോര്‍ഡ് ഹോ ദ്വീപില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആസ്‌ത്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ഫിജി തീരങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്.
🔳 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷേദ്പുര്‍ എഫ്.സിയ്ക്ക് വിജയം. ചെന്നൈയിന്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷേദ്പുര്‍ കീഴടക്കിയത്. ചെന്നൈയുടെ സിപോവിച്ച് വഴങ്ങിയ സെല്‍ഫ് ഗോളാണ് ജംഷേദ്പുരിന് വിജയമൊരുക്കിയത്. ജംഷേദ്പുരിന്റെ സ്റ്റീഫന്‍ എസ്സെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
🔳ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പന്തുകൊണ്ട് കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്. നേരത്തെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കിയിരുന്ന ജഡേജക്ക് പരമ്പര പൂര്‍ണമായും നഷ്ടമാവും.
🔳ട്വിറ്ററിനെതിരെ കൂ. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മൈക്രോ ബ്ലോഗിംഗ് സൈറ്റിന് ഒരു ബദല്‍ എന്ന ആലോചനയില്‍ 'കൂ' എന്ന ആപ്പ് ശ്രദ്ധേയമാകുന്നു. ഐഒഎസിലും, ആന്‍ഡ്രോയ്ഡിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്പ്, ട്വിറ്റര്‍ രീതിയില്‍ പോസ്റ്റുകള്‍ ഇടാനും, മറ്റുള്ളവരെ ഫോളോ ചെയ്യാനും ഉപകാരപ്പെടും. 400 ആണ് ഒരു കൂ പോസ്റ്റിന്റെ ക്യാരക്ടര്‍ ലിമിറ്റ്. ഇ-മെയില്‍ വഴിയോ മൊബൈല്‍ നമ്പര്‍ വഴിയോ ഇത് ലോഗിന്‍ ചെയ്യാം. ഒപ്പം നിങ്ങളുടെ ഫേസ്ബുക്ക്, ലിങ്കിഡ് ഇന്‍ പ്രോഫൈലുകള്‍ ഇതിനൊപ്പം ചേര്‍ക്കാം. ഓഡിയോ വീഡിയോ പോസ്റ്റുകള്‍ ചെയ്യാനും സാധിക്കും. ബംഗലൂരു ആസ്ഥാനമാക്കിയുള്ള ബോംബിനെറ്റ് ടെക്‌നോളജീസാണ് ഈ ആപ്പിന് പിന്നില്‍.
🔳ടെക്ക് ഭീമന്മാരായ ആപ്പിളും ദക്ഷിണകൊറിയന്‍ വാഹന ഭീമന്‍ ഹ്യുണ്ടായി ഗ്രൂപ്പും തമ്മില്‍ കൈക്കോര്‍ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായാണ് ഇരുകമ്പനികളും തമ്മില്‍ സഹകരിക്കുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഹ്യുണ്ടായിയും സഹോദര സ്ഥാപനമായ കിയയും. പുതിയ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഹ്യുണ്ടായിയുടെയും കിയയുടെയും ഓഹരി വിലകളില്‍ യഥാക്രമം 6.8 ശതമാനവും 15 ശതമാനവും ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളിലൊന്നും ആപ്പിള്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
🔳മലയാളത്തില്‍ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന 'കരുവ്' ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും പാലക്കാട് കാവശ്ശേരിയില്‍ നടന്നു. 'കരുവ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കാണ് ഏറെ പ്രാധാന്യം. കണ്ണന്‍ പട്ടാമ്പി, പെരുമുടിയൂര്‍ സുമേഷ്, വിനു മാത്യു, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പൂര്‍ണമായും പാലക്കാടും സമീപപ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ത്രില്ലര്‍ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിര്‍വഹിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് എഴുത്തുകാരി കൂടിയായ ശ്രീഷ്മ. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായിക ആകുന്നു എന്ന പ്രത്യേകതയും കരുവ് എന്ന ചിത്രത്തിനുണ്ട്.
🔳സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2' ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തുകയാണ്. ചിത്രത്തിലെ ആദ്യഗാനവും പുറത്തെത്തിയിരിക്കുകയാണ്. സൈന മ്യൂസിക് ആണ് ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുന്നത്. 'ദൃശ്യ'ത്തിന്റെ സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ തന്നെയാണ് രണ്ടാംഭാഗത്തിലും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 'ഒരേ പകല്‍' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. പാടിയിരിക്കുന്നത് സൊനോബിയ സഫര്‍.
🔳ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മസെരാട്ടിയുടെ സ്പോര്‍ട്സ് സെഡാനായ ഗിബ്ലിയുടെ 2021 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. നേരിയ ഡിസൈന്‍ മാറ്റത്തിനൊപ്പം ഹൈബ്രിഡ് എന്‍ജിനിലും എത്തുന്നു എന്നതാണ് പുത്തന്‍ ഗിബ്ലിയിലെ പ്രധാന പ്രത്യകത. മസെരാറ്റി ഗിബ്ലി ഹൈബ്രിഡ് പതിപ്പിന് 1.15 കോടി രൂപ മുതല്‍ 1.42 കോടി രൂപ വരെയും ഉയര്‍ന്ന വകഭേദമായ ട്രോഫിയോയിക്ക് 1.93 കോടി രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഗ്രാന്‍ലൂസോ, ഗ്രാന്‍സ്‌പോര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളിലും മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലുമാണ് മസെരാറ്റി ഗിബ്ലി ഇന്ത്യയില്‍ എത്തുന്നത്.
🔳കൊവിഡ് 19 ഒരിക്കല്‍ ബാധിച്ചുകഴിഞ്ഞവരില്‍ സ്വാഭാവികമായി രോഗകാരിക്കെതിരായ ആന്റിബോഡികള്‍ ഉണ്ടായിരിക്കുമെന്നതിനാല്‍ അടുത്തൊരു ഇന്‍ഫെക്ഷന്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരിക്കല്‍ കൊവിഡ് വന്നുപോയവരില്‍ തന്നെ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ച കേസുകളുമുണ്ട്. നേരത്തേ ചില രോഗങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുള്ളവരിലാണ് ഇതിനുള്ള സാധ്യത. പ്രമേഹമുള്ളവരില്‍ കൊവിഡ് 19 അല്‍പം ഗൗരവത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി നാം കണ്ടതാണ്. പൊതുവേ പ്രമേഹരോഗികളില്‍ രോഗ പ്രതിരോധശേഷി കുറവായിരിക്കും. പ്രമേഹരോഗികള്‍ തന്നെയാണ് രണ്ടാതും കൊവിഡ് ബാധയുണ്ടാകാന്‍ സാധ്യതയുള്ള ഒരു വിഭാഗം. പ്രായാധിക്യം മൂലം വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരിലും കൊവിഡ് രണ്ടാമതുമെത്താന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ പറയുന്നു. അമ്പത്തിയഞ്ചിന് മുകളില്‍ പ്രായമുള്ളവര്‍ ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കുക. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളുള്ളവരിലും വീണ്ടും കൊവിഡ് ബാധയുണ്ടായേക്കാം. അമിതവണ്ണമുള്ളവരില്‍ കൊവിഡ് എളുപ്പത്തില്‍ കടന്നെത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുന്ന പല പഠനറിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പഴകിയ ശ്വാസകോശ രോഗങ്ങളുള്ളവരിലും കൊവിഡ് വീണ്ടും കടന്നെത്താന്‍ സാധ്യതകളുണ്ട്.
➖➖➖➖➖➖➖➖
Post a Comment