മാഹി: നിരവധി വർഷങ്ങളായി കൈവശവകാശ രേഖയില്ലാതെ താമസിച്ചു വരുന്ന കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു . പുതുച്ചേരി ലാൻഡ് ഗ്രാൻസ് റൂൾസിന് വിധേയമായ അർഹരായ താഴ്ന്ന വരുമാനക്കാർക്കാണ് സ്വന്തം കിടപ്പാടത്തിന് ഇതോടെ കൈവശകാശ രേഖ ലഭിക്കുന്നത്. മയ്യഴിയിലെ എട്ടു അധിവാസ മേഖലകളിലായി കഴിയുന്ന 65 നിർധന കുടുംബങ്ങളുടെ 25 വർഷത്തിലധികം കാലമായുള്ള കാത്തിരിപ്പിനാണ് മാഹി എം.എൽ. എ.ഡോ: വി.രാമചന്ദ്രന്റെ ശക്തമായ ഇടപെടൽ കാരണം ഇപ്പോൾ അറുതി വന്നിരിക്കുന്നത്. മാഹി കടലോര മേഖലയിലെ 14 ഉം , പള്ളൂർ ചാലക്കര പ്രദേശത്തെ മുക്കുവന്റപറമ്പ്, ആറ്റകൂലോത്ത്, മണ്ഡംപറമ്പത്ത് കോളണികളിലെ 30 ഉം, പന്തക്കൽ പ്രദേശത്തെ കിഴക്കേടത്ത് കോളണിയിലെ 5 ഉം കണിച്ചാംകണ്ടി കോളണിയിലെ 16 ഉം കുടുംബങ്ങൾക്കാണ് സ്വന്തം കിടപ്പാടത്തിന് കൈവശാകാശ രേഖ ലഭിച്ചത്. പുതുച്ചേരി എൽ.ജി.ആർ 60(II) പ്രകാരമുള്ള നിബന്ധനകൾ അനുസരിച്ചാണ് പട്ടയ വിതരണം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഘട്ടംഘട്ടമായാണ് വിതരണം.
2020 നവംബർ 10 ന് രാവിലെ പത്തു മണിക്ക് ഉപദേശക സമിതി ചേർമാനായ മാഹി റീജണൽ അഡ്മിനിസ്ടേറ്റർ അമൻ ശർമ്മയുടെ അധ്യക്ഷതയിൽ മാഹി എം.എൽ.എ ഡോ.വി.രാമചന്ദ്രൻ പട്ടയ വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപദേശക സമിതി മെംബർ സെകട്ടറി മാഹി ഡപ്യൂട്ടി താഹസിൽദാർ പി.പി.ഷൈജു അംഗങ്ങളായ മുൻസിപ്പൽ കമ്മീഷണർ, വി. സുനിൽകുമാർ , റവന്യൂ ഇൻസ്പെക്ടർ , പി. അനീഷ് കുമാർ , സി.എച്ച്. പ്രഭാകരൻ എന്നിവർ പങ്കെടുത്തു. 10,11, 12, 13 തിയതികളിലാണ് പട്ടയ വിതരണം നടക്കുന്നത്.

Post a Comment